ബിജെപി നേതാക്കൾ തമ്മിലുള്ള പോര്: അതൃപ്തിയുമായി ആർഎസ്എസ്

Web Desk
Posted on February 22, 2019, 12:37 pm

പാലക്കാട് : സംസ്ഥാന ബിജെപിക്കകത്ത് നേതാക്കൾ തമ്മിലുള്ള അഭിപ്രായഭിന്നതയിൽ അതൃപ്തിയുമായി ആർഎസ്എസ്. പല മുതിർന്ന നേതാക്കൾക്കും ജനറൽ സെക്രട്ടറിമാർക്കും സംസ്ഥാനനേതൃത്വത്തിന്റെ പല നടപടികളോടും യോജിപ്പില്ല. സമവായതീരുമാനമായിവന്ന സംസ്ഥാന അധ്യക്ഷൻ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന അഭിപ്രായം ആർ.എസ്.എസിനുണ്ട്.

ഏറെ പ്രതീക്ഷയർപ്പിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടും സംസ്ഥാനനേതൃത്വത്തോട് ആർ.എസ്.എസിന് യോജിപ്പില്ല. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ജില്ലാതലത്തിലുള്ള നേതാവിനെ ചുമതലപ്പെടുത്തി ആർ.എസ്.എസ്. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. ആർ.എസ്.എസിന് സ്വീകാര്യനായ ഒരാൾ മാത്രമേ ഇവിടെ സ്ഥാനാർഥിയായി എത്തൂ.

ഇക്കാര്യം ദേശീയ അധ്യക്ഷൻ അമിത് ഷായെ ഇക്കാര്യം ബോധ്യപ്പെടുത്തും.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യോജിച്ച പ്രവർത്തനത്തിന് കർശന ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. അമിത് ഷാ എത്തുംമുമ്പ് പാലക്കാട്ട് ബി.ജെ.പി. സംസ്ഥാന നേതൃയോഗവും ചേരുന്നുണ്ട്. നേതൃത്വത്തിനെതിരേ കടുത്ത വിമർശനം യോഗത്തിൽ ഉയർന്നേക്കും.

ഉത്തർപ്രദേശ് ഉൾപ്പെടെ ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി.ക്ക് കഴിഞ്ഞതവണത്തേക്കാൾ സീറ്റ് കുറയുമെന്നാണ് കണക്കുകൂട്ടൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും ദക്ഷിണേന്ത്യയിൽനിന്നും കൂടുതൽ സീറ്റുകൾ നേടി ഇത് പരിഹരിക്കാമെന്നാണ് ബി.ജെ.പി. തന്ത്രം.