ബിജെപി നേതാക്കള്‍ക്ക് മനോരോഗചികിത്സ അത്യാവശ്യം: കോണ്‍ഗ്രസ് നേതാവ്

Web Desk

ന്യൂഡല്‍ഹി

Posted on June 10, 2018, 8:03 pm

ബിജെപി നേതാക്കള്‍ക്ക് മനോരോഗചികിത്സ അത്യാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. 2014 ല്‍ ഭരണം കിട്ടിയതിനുശേഷമാണ് ഇന്ത്യ വികസിച്ചതെന്നാണ് ബിജെപി നേതാക്കള്‍ ചിന്തിക്കുന്നത്, ശര്‍മ പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെയല്ല ഇന്ത്യ വലിയ രാജ്യമായത്. ബിജെപി അധികാരത്തില്‍ വരുന്നതിന് മുമ്പെ ഇന്ത്യ സാമ്പത്തിക ശക്തി കൈവരിച്ചിരുന്നു, ശര്‍മ പറ‌ഞ്ഞു.

2014 ന് മുമ്പ് ഇന്ത്യയുടെ ജിഡിപി $2 ട്രില്ല്യണ്‍ (135 ലക്ഷം കോടി) ആയിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്  (ഐഐഎം) തുടങ്ങിയ സ്ഥാപനങ്ങള്‍ മോഡി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ഇന്ത്യക്ക് ഉണ്ടായിരുന്നു. 1975 ലാണ് ആദ്യ സാറ്റ്ലൈറ്റ് ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്. ബിജെപി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഒന്നും സംഭവിച്ചിരുന്നില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം. അതുകൊണ്ട് തന്നെ അവര്‍ക്ക് മനോരോഗചികിത്സ ചികിത്സ വേണം, ശര്‍മ കൂട്ടിച്ചേര്‍ത്തു.

മോഡിയുടെ നാല് വര്‍ഷത്തെ ഭരണത്തിനു ശേഷം രാജ്യത്ത് വികസനം ഉണ്ടായെന്ന് ബിജെപി നേതാക്കള്‍ വാദിക്കുന്നു. 2014 ല്‍ അധികാരത്തിലേറിയ സമയത്ത് മോഡി നടത്തിയ വാഗ്ദാന പെരുമഴ ജനങ്ങള്‍ വിശ്വസിച്ചു. തൊഴിലില്ലായ്മ പരിഹരിക്കും കള്ളപ്പണം തിരികെ എത്തിക്കും സ്ത്രീ സുരക്ഷ ഉറപ്പാക്കും എന്നീ വാഗ്ദാനങ്ങളെല്ലാം നല്‍കിയെങ്കിലും ഭരണത്തില്‍ എത്തിയപ്പോള്‍ ഒന്നും തന്നെ നടപ്പിലായില്ല, ശര്‍മ പറഞ്ഞു.