പ്രത്യേക ലേഖകൻ

ന്യൂഡൽഹി

June 26, 2020, 10:56 pm

ജെ പി നഡ്ഡ അമിത്ഷായുടെ ഉച്ചഭാഷിണിയായി അധഃപതിച്ചെന്ന് ബിജെപി നേതാക്കൾ

Janayugom Online

പ്രത്യേക ലേഖകൻ

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, കേവലം റബ്ബർ സ്റ്റാമ്പായി അധഃപതിച്ചതായി പാർട്ടിക്കുള്ളിൽ ആക്ഷേപം. സുപ്രാധാന തീരുമാനങ്ങൾ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഔദ്യോഗിക വസതിയിൽ നിന്നാണുണ്ടാവുന്നത്. ഇതുവിളിച്ചു പറയാൻ വേണ്ടിയുള്ള ഒരു ഉച്ചഭാഷിണി മാത്രമാണ് ജെപി നഡ്ഡയെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുഖമായിരുന്നു നഡ്ഡ. മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിലും അമിത്ഷാ നഡ്ഡയെ നോക്കുകുത്തിയാക്കി. വരുതിയിലൊതുക്കുന്നതിന്റെ ഭാഗമായി മണിപ്പൂരിൽ ബിജെപിക്കുണ്ടായ തിരിച്ചടി നഡ്ഡയുടെ കഴിവുകേടായി ചിത്രീകരിക്കുകയാണ് അമിത് ഷാ വിഭാഗം.

മണിപ്പൂരിലെ സഖ്യകക്ഷിയായ എൻപിപി നേതാക്കൾ ആദ്യം ചർച്ച നടത്തിയത് നഡ്ഡയുമായി ആയിരുന്നു. ഈ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. എന്നാൽ ഇവരെ അമിത്ഷാ വിളിച്ച് തീരുമാനമാക്കി. ഇതും നഡ്ഡയെ പരിഹസിക്കാനുള്ള ഷായുടെ തന്ത്രമാണെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാന പ്രസിഡന്റുമാരെ നിയമിക്കുന്നതിൽ പോലും അമിത്ഷായുടെ തീരുമാനങ്ങളാണ് നടപ്പാക്കിയത്. ഇക്കാര്യത്തിൽ ദേശീയ അധ്യക്ഷനെന്ന നിലയിൽ നഡ്ഡയുടെ വാക്കുകകൾക്ക് പുല്ലുവിലയാണ് കല്പിച്ചത്. സ്വന്തം സംസ്ഥാനമായ ഹിമാചൽപ്രദേശിലെ പാർട്ടി ഭാരവാഹികളുടെ പട്ടികയിൽ തന്റെ വിശ്വസ്തരെ ഉൾപ്പെടുത്താൻ പോലും നഡ്ഡയ്ക്ക് കഴിഞ്ഞില്ല. നഡ്ഡയുടെ അടുത്ത അനുയായിയായ രാജീവ് ബിൻഡലിനെ കഴിഞ്ഞ ആഴ്ച്ച ബിജെപി ഹിമാചൽ പ്രദേശ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും ഒഴിവാക്കിയിരുന്നു.

അമിത്ഷായുടെ വിശ്വസ്തനായ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ എതിർപക്ഷത്താണ് രാജീവ് ബിൻഡൽ. പിപിഇ കിറ്റുമായി ബന്ധപ്പെട്ട അരോപണത്തെ തുടർന്നാണ് രാജീവ് ബിൻഡലിന് അധ്യക്ഷ സ്ഥാനം നഷ്ടമായത്. അങ്ങാടിയിൽ തോറ്റതിന് അമ്മയെ തല്ലുന്ന സമീപനാണ് ഷാ ഇക്കാര്യത്തിൽ സ്വീകരിച്ചത്. ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. എന്നാൽ സ്ഥാനം പോയത് ബിജെപി അധ്യക്ഷനും. നഡ്ഡയുടെ വിശ്വസ്തനെ പുറത്താക്കുകയായിരുന്നു ലക്ഷ്യം. ഡൽഹി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള നിയമനത്തിലും സമാനമായ നിലപാടാണ് അമിത്ഷാ സ്വീകരിച്ചത്.

ആഷിഷ് സൂദിനെ ഡൽഹി സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നതാണ് പ്രവർത്തകരുടെ ആവശ്യമെന്ന് നഡ്ഡ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. നഡ്ഡയെ മറികടന്ന് അമിത്ഷായുടെ അനുയായിയായ ആദേശ് കുമാർ ഗുപ്തയെ നിയമിച്ചു. സംഘടനാ കാര്യങ്ങളിൽ നിന്ന് മാത്രമല്ല സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും നഡ്ഡയെ അമിത് ഷായും മോഡിയും ഏഴ് അയലത്ത് അടുപ്പിക്കാറില്ല. കഴിഞ്ഞ ആഴ്ച്ച നടന്ന ബിജെപിയുടെ വിർച്വൽ റാലിയും മുന്നിൽ നിന്ന് നയിച്ചത് അമിത്ഷാ തന്നെയായിരുന്നു. എന്നാൽ നഡ്ഡയ്ക്ക് ഇതിലൊന്നും പരാതിയില്ലെന്നും ബിജെപി നേതാക്കൾ ആക്ഷേപിക്കുന്നു. മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ മറിച്ചിടാനുള്ള തന്ത്രങ്ങൾ ബിജെപി ഒരുക്കിയപ്പോൾ നഡ്ഡ തന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാനുള്ള നടപടികൾ ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയിൽ തുടരുമ്പോഴും അണിയറയിൽ നഡ്ഡയില്ലെന്നത് ഏറെ പ്രസക്തം. അമിത്ഷായ്ക്ക് പകരക്കാരനാകാൻ നഡ്ഡക്ക് കഴിയില്ലെന്ന ഹിമന്ദ് ബിശ്വാസ് ശർമ്മയുടെ വിമർശനവും പഞ്ചപുച്ഛമടക്കി നഡ്ഡ സഹിച്ചു. എന്നാൽ ഇതിലൊന്നിലും പരാതിയില്ലാതെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം നിലനിർത്താൻ എന്തും സഹിക്കാൻ നഡ്ഡ തയ്യാറാണ്, ശിഷ്ടകാലം അമിത്ഷായുടെ അനുചരനായി തുടരുക എന്ന ലക്ഷ്യത്തോടെ.

you may also like this video;