സുരേന്ദ്രൻ കുത്തനൂർ

തൃശൂർ

June 02, 2021, 8:33 am

കൊടകര കുഴൽപ്പണം: ബിജെപി നേതാക്കൾ കുടുങ്ങും

ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റിനെ ഇന്ന് ചോദ്യം ചെയ്യും
Janayugom Online

മൂന്നരക്കോടിയുടെ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി പരാതിക്കാരന്റെ നിർണായകമായ മൊഴി. കവർച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേത് തന്നെയാണെന്ന് കേസിലെ പരാതിക്കാരനും ആർഎസ്എസ് പ്രവർത്തകനുമായ ധർമ്മരാജൻ മൊഴി നൽകി. പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് രണ്ടാം തവണ ചോദ്യം ചെയ്തപ്പോഴും ധർമ്മരാജൻ പൊലീസിനോട് പറഞ്ഞു. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. പണവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ചോദ്യം ചെയ്യലിന് വിധേയരായ സംസ്ഥാന നേതാക്കളും പാർട്ടി അധ്യക്ഷൻ
കെ സുരേന്ദ്രനും ആവർത്തിക്കുന്നതിനിടയിലാണ് പണം ബിജെപിയുടേതെന്ന് പരാതിക്കാരൻ വീണ്ടും മൊഴി നൽകിയത്. 

കഴിഞ്ഞദിവസം അന്വേഷണസംഘത്തിനു മുമ്പിൽ മൊഴി നൽകിയ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ലെന്നാണ് പറഞ്ഞത്. അതേസമയം ധർമ്മരാജനെ ഫോണിൽ ബന്ധപ്പെട്ടിരുന്ന കാര്യം സമ്മതിച്ചിരുന്നു. സംഘടനാപരമായ കാര്യങ്ങൾക്കാണ് വിളിച്ചതെന്നായിരുന്നു ഗണേശൻ പറഞ്ഞത്. എന്നാൽ തനിക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ ചുമതലകൾ ഉണ്ടായിരുന്നില്ലെന്നാണ് ധർമ്മരാജന്റെ മൊഴി. ബിജെപി നേതാക്കളുടെ മൊഴിയും കേസുമായി ബന്ധപ്പെട്ടവരുടെ മൊഴിയും തമ്മിലുള്ള വൈരുധ്യം അന്വേഷണസംഘം വിലയിരുത്തി വരികയാണ്. 

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കേരളത്തിലേക്ക് വന്നതിനെ കുറിച്ച് അറിയില്ലെന്നും എല്ലാ പണമിടപാടുകളും ഡിജിറ്റൽ വഴിയാണെന്നുമായിരുന്നു സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജനുമായി സംഘടനാ ബന്ധം മാത്രമാണെന്നും ഗിരീഷ് വ്യക്തമാക്കി. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷിനെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയും മുൻ തൃശൂർ ജില്ലാ പ്രസിഡന്റുമായ എ നാഗേഷ് ഉൾപ്പെടെയുളളവരെ വൈകാതെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്. 

Eng­lish Sum­ma­ry : bjp lead­ers will get booked in kodakara case

You may also like this video :