കുംഭമേളയിൽ ഒരു ലക്ഷത്തോളം വ്യാജ കോവിഡ് ടെസ്റ്റ് നടത്തിയ മാക്സ് കോർപ്പറേറ്റ് സർവീസസ് കമ്പനിയ്ക്ക് ബിജെപിയുമായി അടുത്ത ബന്ധം. ഈ ബന്ധംവഴിയാണ് ആദ്യം ഹരിദ്വാർ കളക്‌ടറേറ്റ് തള്ളിക്കളഞ്ഞിട്ടും മാക്സ് കോർപ്പറേറ്റിന് ടെസ്റ്റ് നടത്താൻ ഉത്തരാഖണ്ഡ് അധികൃതർ അനുമതി നൽകിയതെന്നാണ് സൂചന. ദ വയർ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
മാക്സ് കോർപ്പറേറ്റിന്റെ സ്ഥാപകരിലൊരാളായ ശരത്ത് പന്ത് കേന്ദ്ര മന്ത്രിമാരും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ അടക്കമുള്ള നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശരത്തും മാലിക് പന്തുമാണ് മാക്സിന്റെ സ്ഥാപക ഡയറക്ടർമാരെന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ രേഖകളിൽ പറയുന്നു. ശരത്തിന്റെ അമ്മാവൻ ഭൂപേഷ് ജോഷി മുൻ വാണിജ്യ വ്യവസായ മന്ത്രി അനന്ത് കുമാറിന്റെ അടുപ്പക്കാരനായിരുന്നു. ജോഷിയെ ബന്ധപ്പെട്ടപ്പോൾ അനന്ത് കുമാർ കേന്ദ്ര മന്ത്രിയായിരിക്കെ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയതായും ദ വയർ പറയുന്നു. എന്നാൽ പദവി വെളിപ്പെടുത്താൻ വിസമ്മതിച്ചു. ശരത്തിന്റെയും ജോഷിയുടെയും സമൂഹ മാധ്യമ പേജുകളിൽ മോഡി മന്ത്രിസഭയിലെ അംഗങ്ങളായ സ്മൃതി ഇറാനി, നരേന്ദ്ര സിങ് തോമർ, അനുരാഗ് ഠാക്കൂർ, രമേഷ് പൊഖ്രിയാൽ എന്നിവരോടൊപ്പമുള്ള ചിത്രങ്ങൾ പതിവായി പങ്കുവയ്ക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
അതോടൊപ്പം രണ്ടു പേരും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിര്‍ത്ഥ് സിങ് റാവത്തുമായി നടത്തിയ ചർച്ചയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ചോദിക്കാൻ റാവത്തുമായി ഫോണിലൂടെയും, സന്ദേശങ്ങളിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ടു ലാബുകളുമായി കരാറിലേർപ്പെട്ട് മാക്സ് നടത്തിയ ഒരു ലക്ഷത്തോളം കോവിഡ് ടെസ്റ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഡോ. ലാൽചന്ദ്, നാൽവ എന്നിങ്ങനെ അറിയപ്പെടുന്ന ലാബുകൾ വ്യാജമാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പരിശോധന നടത്താൻ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മാക്സ് കോർപ്പറേറ്റിന്റെ അപേക്ഷ ഹരിദ്വാർ ഭരണകൂടം തള്ളിക്കളഞ്ഞത്.
അതേസമയം മാക്സ് ഔദ്യോഗികമായി പ്രവർത്തിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ടെസ്റ്റുകൾ നടത്തുന്നതിന് ബില്ലുകൾ സമാഹരിച്ചതായും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പന്തിന് ഉന്നതങ്ങളിൽ വലിയ സ്വാധീനമുള്ളതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു. ഈ സ്വാധീനം ഉപയോഗിച്ച് വ്യാജ കോവിഡ് ടെസ്റ്റ് അഴിമതിയുടെ അന്വേഷണം അട്ടിമറിയ്ക്കാൻ പന്ത് ശ്രമിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
english summary;BJP linked to company that conducted fake covid test at Kumbh Mela
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.