Web Desk

കൊച്ചി:

November 09, 2020, 6:27 pm

അഴിമതി ആരോപിച്ചു ഒതുക്കാൻ ശ്രമം; ബി ജെ പിയിൽ പൊട്ടിത്തെറി ആസന്നം

Janayugom Online

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടും കോർകമ്മിറ്റി യോഗം ചേരാത്തതിൽ ബിജെപിയിൽ അതൃപ്തി ഉയരുന്നു. നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രനും പി എം വേലായുധനും അടക്കമുള്ള നേതാക്കൾ കലാപക്കൊടി ഉയർത്തിയതിനു പിന്നാലെയാണിത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന രാഷ്ട്രീയപാർടികളുടെ നേതൃയോഗങ്ങൾ പൂർത്തിയായി. ബിജെപി കോർ കമ്മിറ്റി ചേരാത്തത് മുരളീധരൻ–-സുരേന്ദ്രൻ പക്ഷത്തിന്റെ തന്ത്രമാണെന്നാണ് എതിർപക്ഷം പറയുന്നത്. കോർ കമ്മിറ്റി അഞ്ചിന് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും ഗ്രൂപ്പു പോര് രൂക്ഷമായതിനാൽ യോഗം മാറ്റി. സംഘടനാ പ്രതിസന്ധി പരിഹരിച്ച് യോഗം ചേരാനായിരുന്നു ആർഎസ്എസ് നിർദേശം. എന്നാൽ, പ്രശ്ന പരിഹാരമായില്ല. ശോഭ സുരേന്ദ്രൻ പക്ഷവുമായി ഒരു അനുരഞ്ജനത്തിനും ഔദ്യോഗികപക്ഷം തയ്യാറായിട്ടില്ല. തങ്ങളുടെ എതിർ പക്ഷത്തു നിൽക്കുന്ന നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണ ങ്ങൾ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന്

മാറ്റി നിർത്തപ്പെട്ടവരെയും തരംതാഴ്ത്തപ്പെട്ട നേതാക്കളെയും സംഘടനയിൽ അർഹിച്ച സ്ഥാനങ്ങളിലുൾപ്പെടുത്താതിരിക്കാൻ ശ്രമം നടത്തുകയാണെന്നാണ് ആരോപണം. ഇതിനായാണ് കോർ കമ്മറ്റി യോഗം നീട്ടി കൊണ്ടുപോകുന്നതെന്നും സുരേന്ദ്രൻ വിരുദ്ധവിഭാഗം ആരോപിക്കുന്നു. ശോഭയുടെ ആവശ്യത്തിന് ഔദ്യോഗികപക്ഷത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. കെ സുരേന്ദ്രൻ പ്രസിഡന്റായതു മുതൽ പാർടിയിലെ മറ്റുനേതാക്കൾ നിർജീവമാണ്. ഇത്രയധികം ആഭ്യന്തരപ്രശ്നങ്ങൾ രാമൻപിള്ള ബിജെപി വിട്ടുപോയ കാലഘട്ടത്തിൽപോലുമുണ്ടായിട്ടില്ലെന്ന് വിമതപക്ഷം ചൂണ്ടിക്കാട്ടുന്നു.

ശോഭ സുരേന്ദ്രനെ അച്ചടക്കനടപടി ഭീഷണി മുഴക്കി ഒതുക്കാനാണ് മുരളീധരപക്ഷം ശ്രമിക്കുന്നത്. എന്നാൽ, സംഘടനയിൽനിന്ന് പുറത്താക്കിയാലും നിലപാടിൽ മാറ്റം വരുത്തില്ലെന്ന് ഉറച്ചാണ് അവർ മുന്നോട്ട് പോകുന്നത്. ഒപ്പമുള്ളവരെ പാർട്ടിയിൽ നിന്ന് രാജി വെയ്പ്പിച്ചുകൊണ്ട് വിലപേശൽ നീക്കം നടത്തിയെങ്കിലും കാര്യങ്ങൾ മുന്നോട്ടു പോയില്ല.

ENGLISH SUMMARY: bjp local elec­tion candidates

YOU MAY ALSO LIKE THIS VIDEO