Saturday
16 Feb 2019

രാജസ്ഥാനില്‍ ബിജെപിയുടെ കാലിടറുന്നു

By: Web Desk | Sunday 23 September 2018 10:24 PM IST

പ്രതേ്യക ലേഖകന്‍

കഴിഞ്ഞ 25 വര്‍ഷക്കാലത്തെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഈ വര്‍ഷം അവസാനം നടക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണം. 1993ന് ശേഷം ഒരു തെരഞ്ഞെടുപ്പിലും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ ജനങ്ങള്‍ വീണ്ടും വിജയിപ്പിച്ചിട്ടില്ല. 2013 മുതല്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.
മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെ പാര്‍ട്ടിക്ക് അകത്തും പുറത്തും അസംതൃപ്തി വളര്‍ന്നുവന്നിരിക്കുകയാണ്. ലോകസഭയിലേക്കും നിയമസഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കുന്നുവെന്നതിന് തെളിവായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെടുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി നേരിട്ട പരാജയം സംസ്ഥാനത്തുടനീളം ബിജെപിക്കെതിരായ വികാരമായി മാറുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിയിലുള്ള അസംതൃപ്തി കോണ്‍ഗ്രസിന്റെ വിജയമായി മാറുമോ? ഒരു ഉറച്ച ഭരണം ഉറപ്പുനല്‍കാന്‍ കോണ്‍ഗ്രസിന് കഴിയുമോ?

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ബിജെപിയുടെ ഭരണവും മുഖ്യമന്ത്രിയുടെ നിലപാടുകളും ജനങ്ങളില്‍ കടുത്ത അസംതൃപ്തിയാണ് വളര്‍ത്തിയിരിക്കുന്നത്. ബിജെപിക്കകത്തും മുഖ്യമന്ത്രിക്ക് എതിരാളികളേറെയാണ്. ഭരണകക്ഷിയോടുള്ള അസംതൃപ്തി ഒന്നുകൊണ്ട് മാത്രം കോണ്‍ഗ്രസിന് വിജയം നേടാനാവില്ല. ചില ബിജെപി അനുയായികളും നേതാക്കളും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നുണ്ട്.

വോട്ടര്‍മാരില്‍ എട്ട് ശതമാനം കോണ്‍ഗ്രസിനനുകൂലമായി മാറിചിന്തിച്ചാല്‍ മാത്രമേ ബിജെപിയെ തോല്‍പ്പിക്കാനാവൂ. മൂന്നവസരങ്ങളിലാണ് ഇതിന് മുമ്പ് ജനങ്ങള്‍ ഭരണകക്ഷിക്കെതിരെ മാറിചിന്തിച്ചത്. 1977 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെക്കാള്‍ 19 ശതമാനത്തിലധികം വോട്ട് നേടി ജനതാപാര്‍ട്ടി വിജയം കൈവരിച്ചു. 1998 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 ശതമാനത്തിലേറെ വോട്ട് നേടി കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിച്ചു. 2013ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസിനെക്കാള്‍ 12 ശതമാനത്തിലേറെ വോട്ട് നേടി. മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച കക്ഷിക്ക് നേരിയ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ട് മുതല്‍ 10 ശതമാനം വരെയുള്ള മനംമാറ്റം വോട്ടര്‍മാരില്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റാന്‍ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ജനക്ഷേമപരമായ ചില നടപടികള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) രാജസ്ഥാനില്‍ വലിയൊരു ശക്തിയൊന്നുമല്ല. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി നേടിയത് യഥാക്രമം 4, 7.6, 3.4 ശതമാനം വോട്ടുകളാണ്. യഥാക്രമം രണ്ടും ആറും മൂന്നും അസംബ്ലി സീറ്റുകളാണ് അവര്‍ക്ക് നേടാനായത്. മത്‌സ്യ മേഖലയിലും വടക്ക് പടിഞ്ഞാറന്‍ മേഖലകളിലുമാണ് ബിഎസ്പിക്ക് സ്വാധീനമുള്ളത്. മത്‌സ്യയില്‍ 30 അസംബ്ലി സീറ്റുകളാണുള്ളത്. വടക്കന്‍ രാജസ്ഥാനില്‍ 39 അസംബ്ലി സീറ്റുകളുണ്ട്. പടിഞ്ഞാറന്‍ രാജസ്ഥാനില്‍ 43 അസംബ്ലി സീറ്റുകളാണുള്ളത്. ഇവിടങ്ങളില്‍ ബിഎസ്പി നാല് മുതല്‍ അഞ്ച് ശതമാനം വരെ വോട്ടുകള്‍ നേടിയിട്ടുണ്ട്. ബിഎസ്പിയും കോണ്‍ഗ്രസും തമ്മിലുള്ള ധാരണ ബിജെപിക്ക് കടുത്ത ഭീഷണി ഉയര്‍ത്തും.

ബിജെപിക്കെതിരായ വിശാലമായ സഖ്യമുയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.ഒറ്റയ്ക്കുള്ള തെരഞ്ഞെടുപ്പ് പോരാട്ടം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന് സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല കേന്ദ്രനേതൃത്വത്തിനുമറിയാം. അതുകൊണ്ടുതന്നെ ബിജെപിയെ തോല്‍പിക്കാനുള്ള വിശാലമായ ഒരു സഖ്യത്തിനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്.

Related News