സ്ത്രീയെ പൊതുമധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ; വീഡിയോ വൈറല്‍

Web Desk
Posted on June 03, 2019, 3:57 pm

അഹമ്മദാബാദ്: സ്ത്രീയെ പൊതുമധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ. കുടിവെള്ള ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ സ്ത്രീയെയാണ് നരോദയിലെ ബിജെപി എംഎല്‍എ ബല്‍റാം തവാനി മര്‍ദ്ദിച്ചത്. ഞായറാഴ്ചയാണ് സംഭവം.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായ നീതു എന്ന സ്ത്രീയും 20 സ്ത്രീകളും എംഎല്‍എയുടെ ഓഫിസിന് മുമ്പില്‍‍ പ്രതിഷേധിക്കാന്‍ എത്തിയിരുന്നു. സ്ത്രീയെ തൊഴിക്കുന്നതും മര്‍ദ്ദിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വീഡിയോ പ്രചരിച്ചതോടെ സംഭവത്തില്‍ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തി. സ്ത്രീകള്‍ പ്രകോപിപ്പിച്ചതിനാലാണ് മര്‍ദ്ദിച്ചതെന്നായിരുന്നു തിവാനിയുടെ മറുപടി. എന്നാല്‍, എംഎല്‍എയുടെ നടപടിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി.

ജിഗ്‌നേഷ് മേവാനി ഉള്‍പ്പെടെയുള്ളവര്‍ തവാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് രംഗത്തെത്തി. തവാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തു. അതേസമയം, സംഭവത്തില്‍ പരാതിയുമായി ആരും സമീപിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു.