ജവഹർലാൽ നെഹ്രു സ്ത്രീലമ്പടൻ, ആ കുടുംബം മുഴുവൻ അത്തരക്കാർ ബിജെപി എംഎൽഎ

Web Desk
Posted on September 19, 2019, 9:47 am

മുസഫര്‍നഗര്‍:  ജവഹർലാൽ നെഹ്‌റുവിനെ സ്ത്രീലമ്പടനെന്ന് അധിക്ഷേപിച്ച് ബിജെപി എംഎൽഎ വിക്രം സിങ് സെയ്‌നി.  പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസ നേരുന്നതിനൊപ്പമാണ് സെയ്‌നി നെഹ്രുവിനെ അവഹേളിച്ചത്. ലോകനേതാക്കളോടൊപ്പം നില്‍ക്കുന്ന മോഡിയുടെ പഴയചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്നതിനിടെ സെയ്‌നി നല്‍കിയ അടിക്കുറിപ്പാണു വിവാദമായത്. ചിത്രത്തില്‍ നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗ് മോഡിയെ നോക്കിനില്‍ക്കുകയാണ്. ‘ഭാരത മാതാവിന്റെ മഹത്ത്വം മാത്രമാണു മോദിജി കാണുക. ഭാരതമാതാവിന്റെ മകനെ(മോഡിയെ) സ്തുതിക്കുക. സ്ത്രീയേ… തെറ്റായരീതിയില്‍ അദ്ദേഹത്തെ നോക്കരുത്. അദ്ദേഹം മോഡിയാണ്, നെഹ്രുവല്ല’ ചിത്രത്തിനൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ സെയ്‌നി പറയുന്നു.

ഇക്കാര്യമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു നിലപാട് വ്യക്തമാക്കുന്നതിനിടെ നെഹ്രു കുടുംബത്തെയും സെയ്‌നി അവഹേളിച്ചു. ‘രാഷ്ട്രീയക്കാരിയായ സ്ത്രീ അദ്ദേഹത്തെ (മോഡിയെ) തുറിച്ചുനോക്കുകയായിരുന്നു. രാജ്യത്തെക്കുറിച്ചല്ലാതെ മോഡിക്ക് ഒന്നുമറിയില്ല. ബ്രിട്ടീഷുകാരുടെ സഹായത്തോടെ രാജ്യത്തെ വിഭജിച്ച നെഹ്രു വിഷയലമ്ബടനാണ്. നെഹ്രുവിന്റെ മുഴുവന്‍ കുടുംബാംഗങ്ങളും കാമാസക്തി നിറഞ്ഞവരാണ്. രാജീവ് ഗാന്ധി ഇറ്റലിയില്‍നിന്നാണു വിവാഹം കഴിച്ചത്. ഇങ്ങനെയാണ് നെഹ്‌റുവിന്റെ മുഴുവന്‍ കുടുംബാംഗങ്ങളും പ്രവര്‍ത്തിക്കുന്നത്’ സെയ്‌നി പറഞ്ഞു.