പ്രത്യേക ലേഖകൻ

 ന്യൂഡൽഹി

October 29, 2020, 10:24 pm

അംഖിദാസ് സ്ഥാനമൊഴിഞ്ഞുവെങ്കിലും എഫ്ബിയിൽ ബിജെപിയുടെ വിദ്വേഷ പ്രചരണങ്ങൾ അവസാനിക്കില്ല

Janayugom Online

വിദ്വേഷ പ്രചരണത്തിന് കൂട്ടുനിന്നുവെന്ന പേരിൽ അന്വേഷണം നേരിടുന്നതിനിടെ ഫേസ്ബുക്കിന്റെ ഏഷ്യൻ നയതന്ത്ര മേധാവി അംഖിദാസ് സ്ഥാനമൊഴിഞ്ഞുവെങ്കിലും കാവി വിദ്വേഷ പ്രചരണങ്ങൾ തുടരുമെന്ന് വ്യക്തം. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപവേളയിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഫേസ്ബുക്ക് സംഘപരിവാർ നേതാക്കളുടെ വിദ്വേഷ പ്രചരണത്തിന് കൂട്ടുനിന്നുവെന്ന വാൾസ്ട്രീറ്റ് ജേണലിന്റെ വെളിപ്പെടുത്തലാണ് ഫേസ്ബുക്കിനെ വിവാദത്തിലാക്കിയത്. ഇത് പാർലമെന്ററി സമിതിയുടെ അന്വേഷണത്തിലേയ്ക്കും നയിച്ചു. വ്യക്തിഗത വിവര സംരക്ഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സംയുക്ത പാർലമെന്ററി സമിതി മുമ്പാകെ കഴിഞ്ഞയാഴ്ച ഹാജരാകുന്നതിന് തൊട്ടുമുമ്പായിരുന്നു അംഖിദാസിന്റെ സ്ഥാനമൊഴിയൽ. സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്യുന്നുവെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. അവർ സാമൂഹ്യസേവനത്തിന് തുടർന്ന് ഇറങ്ങുമെന്ന് ഫേസ്ബുക്ക് ഇന്ത്യ മേധാവി ഒരു പ്രസ്താവനയിൽ പറയുന്നു.

എന്നാൽ ഫേസ്ബുക്ക് തങ്ങളുടെ കാവിസംഘടനയോടുള്ള ആഭിമുഖ്യം അവസാനിപ്പിക്കാനോ അന്വേഷണങ്ങൾ അവരെ തടയാനോ പോകുന്നില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കാവിസംഘടനകളുടെ വിദ്വേഷപ്രചരണങ്ങൾ കുറയുമെന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാനും വകയില്ല. വാട്സ്ആപ് മേധാവി ശിവ്നാഥ് തുൽക്രാലിനെയാണ് അംഖിദാസിന് പകരം ഫേസ്ബുക്ക് കണ്ടെത്തിയിരിക്കുന്നത്. വാട്സ്ആപിലെത്തുന്നതിന് മുമ്പ് ഇദ്ദേഹം ബിജെപി അനുകൂല ടെലിവിഷൻ പ്രവർത്തകനായിരുന്നു. അംഖിദാസ് കൈകാര്യംചെയ്ത വിവാദപരമായ നയരൂപീകരണ ഉത്തരവാദിത്തങ്ങൾ ഇദ്ദേഹം എങ്ങനെയാണ് നിർവഹിക്കാൻ പോകുന്നതെന്നത് കാണാനിരിക്കുന്നതേയുള്ളൂ. വിവാദങ്ങൾ സമൂഹമാധ്യമഭീമനായ ഫേസ്ബുക്കിനെ സംബന്ധിച്ച് പുതുമയുള്ളതോ വസ്തുതാവിരുദ്ധമോ ആയിരുന്നില്ല. അമേരിക്കയിൽ വിശ്വാസരാഹിത്യത്തിനുള്ള നടപടികൾ ഫേസ്ബുക്ക് നേരിടുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്.

സ്വകാര്യതയുമായി ബന്ധപ്പെട്ട അന്വേഷണം ഒത്തുതീർക്കുന്നതിന് 500 കോടി ഡോളർ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമുണ്ടായി. ലോകത്തെ തങ്ങളുടെ ഏറ്റവും വലിയ വിപണിയെന്ന നിലയിലാണ് ഫേസ്ബുക്ക് ഇന്ത്യയെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ നരേന്ദ്രമോഡിയുടെ നയങ്ങളെ പിന്തുണയ്ക്കുകയും അവർക്കുവേണ്ടിയുള്ള സമൂഹമാധ്യമ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുകയും സംഘപരിവാർ പ്രചരണങ്ങളോട് അനുകൂലനിലപാട് കൈക്കൊള്ളുകയും ചെയ്യുന്ന സമീപനമാണ് ഫേസ്ബുക്ക് പിന്തുടർന്ന് പോരുന്നത്. ഇതിനുള്ള നാല് ഉദാഹരണങ്ങളാണ് വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ടത്. ന്യൂനപക്ഷ വിദ്വേഷ പ്രചരണം ഉള്ളടക്കമായുള്ള ബിജെപി നേതാക്കളുടെ പോസ്റ്റുകളായിരുന്നു അവയെല്ലാം.

തെലങ്കാനയിലെ ബിജെപി നിയമസഭാംഗം രാജാ സിങ്ങിന്റെ പോസ്റ്റ് വിദ്വേഷ പ്രചാരണ ചട്ടത്തിന് വിരുദ്ധമാണെന്ന് ഫേസ്ബുക്ക് സമിതി കണ്ടെത്തിയെങ്കിലും അംഖിദാസ് ബിജെപിക്കനുകൂലമായി ഇടപെട്ടുവെന്നും വാർത്തയിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അംഖിദാസിന്റെ പകരക്കാരനായി ഫേസ്ബുക്ക് ബിജെപി അനുകൂലിയെതന്നെ പ്രതിഷ്ഠിച്ചത് വർഗീയ വിദ്വേഷപ്രചരണങ്ങൾ തുടരുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Eng­lish sum­ma­ry; bjp modi lat­est updation

You may also like this video;