ബിജെപിക്കാര്‍ ഐഎസ്‌ഐയില്‍ നിന്ന് പണം വാങ്ങുന്നവര്‍: ദിഗ്‌വിജയ് സിങ്

Web Desk
Posted on September 07, 2019, 8:59 pm

ഭോപ്പാല്‍: ചില ബിജെപി അംഗങ്ങള്‍ ഐഎസ്‌ഐയില്‍ നിന്ന് പണം വാങ്ങുന്നവരും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്ന് ആവര്‍ത്തിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്. നേരത്തെയും ദിഗ്‌വിജയ് സിങ് സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ബിജെപി വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് വീണ്ടും ദിഗ്‌വിജയ് സിങിന്റെ ആരോപണം.
പാക് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് ബജ്‌റംഗ്ദള്‍ നേതാവ് ബല്‍റാം സിങ് അടക്കം അഞ്ച് പേരെ ഓഗസ്റ്റ് 21ന് മധ്യപ്രദേശിലെ സത്‌നയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിങിന്റെ ആദ്യ വിമര്‍ശനം.
പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയില്‍ നിന്ന് ബിജെപിയും ബജ്‌റംഗ്ദളും പണം പറ്റുന്നു. രാജ്യത്ത് പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്നത് മുസ്‌ലിങ്ങളെക്കാള്‍ മറ്റുള്ളവരാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു.
ഭീകരപ്രവര്‍ത്തനത്തിന് പാക് ഫണ്ട് വാങ്ങി 2017ല്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു ബജ്‌റംഗ്ദള്‍ നേതാവ് ബല്‍റാം സിങ്. ചാരവൃത്തി കേസില്‍ രണ്ട് വര്‍ഷം മുമ്പ് ബിജെപി യുവമോര്‍ച്ചാ നേതാവായ ധ്രുവ് സക്‌സേനയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബിജെപിക്കെതിരായുള്ള പ്രത്യയശാസ്ത്ര പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ദിഗ്‌വിജയ് സിങ്പറഞ്ഞു. താനും ജ്യോതിരാദിത്യ സിന്ധ്യയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.