പുളിക്കല്‍ സനില്‍രാഘവന്‍

July 13, 2021, 2:17 pm

കൊങ്കുനാട്‌ യാഥാർത്ഥ്യമായാൽ കേരളത്തിന്‌ നഷ്ടമാവുക പാലക്കാട്‌; ബിജെപി കാണുന്ന സാധ്യതകൾ ഇങ്ങനെ

Janayugom Online

തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാട് എന്ന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ദക്ഷിണേന്ത്യയിൽ ബി ബിജെപിക്ക് രാഷ്ട്രീയ മുന്നേറ്റത്തിനുള്ള രഹസ്യ അജണ്ടയാണെന്നുള്ളത് തെളിഞ്ഞിരിക്കുന്നു. തമിഴും, കൊങ്കളവും, മലയാളവും സംസാരിക്കുന്ന ജനസമൂഹമാണ് ഇത്. പഴയ ചോള — കേരള മണ്ഡലമാണ് പുതിയ സംസ്ഥാനമായി അവര്‍ ഉദ്ദേശിക്കുന്നതും.ഇങ്ങനെ വന്നാല്‍ കേരളത്തിന് പാലക്കാട് നഷ്ടമാകും.കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്നതണ് കൊങ്കുനാട്. ഇവിടെ നിലവിൽ 10 ലോക്‌സഭ മണ്ഡലവും 61 നിയമസഭ മണ്ഡലങ്ങളുണ്ട്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ മുപ്പതിലധികം സീറ്റുകളിൽ വിജയിച്ചത് എൻഡിഎ സഖ്യ സ്ഥാനാർത്ഥികളായിരുന്നു. കൊങ്കുനാട് സംസ്ഥാനം യാഥാർത്ഥ്യാമായാൽ കേരളത്തിന് പാലക്കാടും നഷ്ടപ്പെടും. 7,500 ചതുരശ്ര മൈൽ വലിപ്പമുള്ള കോങ്കു പ്രദേശത്തിന് ഇന്നത്തെ അഞ്ച് തമിഴ്‌നാട് ജില്ലകളായ നമക്കൽ, കോയമ്പത്തൂർ, ഈറോഡ്, ധർമ്മപുരി, സേലം എന്നിവയും ദിണ്ടിഗൽ, കരൂർ, മധുര എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളുമാണ് ഉൾപ്പെടുന്നത്.കേരളത്തിലെ പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളും കർണാടക സംസ്ഥാനത്തിലെ ചാമരാജനഗർ ജില്ലയുടെ ചില ഭാഗങ്ങളും ഈ പ്രദേശത്തിന് കീഴിലാണ്. 

അതുകൊണ്ട് തന്നെ ബിജെപിക്ക് സ്വാധീനമുള്ള പാലക്കാടിനെ കൂടി കൊങ്കുനാടിന്റെ ഭാ​ഗമാക്കിയാൽ രാഷ്ട്രീയമായി നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഭാഷാ വൈവിധ്യവും കൊങ്കുനാടിന്റെ പ്രത്യേകതയാണ്. ഇവിടുത്തെ ഔദ്യോഗിക ഭാഷ തമിഴ് തന്നെയാണ്. ഇം​ഗ്ലീഷും ഇവിടെ പ്രചാരത്തിലുണ്ട്. കോങ്കു നാട്ടിൽ സംസാരിക്കുന്ന തമിഴിനെ കോങ്കു തമിഴ് , കൊങ്കളം അല്ലെങ്കിൽ കൊങ്കപ്പേച്ചു എന്നാണ് വിളിക്കുന്നത്. കൊങ്കുനാട് മേഖലയിലെ നീലഗിരി കുന്നുകളിൽ ഏകദേശം 1,30,000 ആളുകൾ ബഡാഗ സംസാരിക്കുന്നു. നീലഗിരി ജില്ലയിലെ ഗോത്രവർഗ്ഗക്കാർ സംസാരിക്കുന്ന ചില ഭാഷകളാണ് ടോഡ, ഇരുള, കോട്ട. മലയാളം, കന്നഡ, തെലുങ്ക് ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ട്.

കൊങ്കുനാട്‌ രൂപീകരണത്തിന്‌ സംഘപരിവാർ ചുക്കാൻ പിടിക്കുന്നത്‌ ‘തമിഴ്‌ ദേശീയത’ തകർക്കാൻ. ‘തമിഴ്‌’ ഒരു വികാരമായ ജനതയെ അത്രയെളുപ്പം സംഘപരിവാർ ആശയങ്ങൾക്ക്‌ അടിമപ്പെടുത്താനാകില്ല. ഇത്‌ മുന്നിൽകണ്ട്‌ ഗോൾവാൾക്കറുടെ വിഘടന ആശയത്തിലൂന്നി തമിഴ്‌നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ്‌ ഇപ്പോൾ നടത്തുന്നത്‌.2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 39 സീറ്റിൽ 38ഉം പുരോഗമന സഖ്യം നേടിയത്‌ സംഘപരിവാറിന്‌ തിരിച്ചടിയായി. തമിഴകത്തെ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ ഇതോടെയാണ്‌ തുടക്കമിട്ടത്‌. അതിന്റെ തുടർച്ചയാണ്‌ ഇപ്പോൾ നടക്കുന്നത്‌. തിരുവള്ളുവർ, പെരിയാർ എന്നിവരെ അപമാനിക്കാൻ ശ്രമിച്ചു. ‘മുരുക’ന്റെ പേരിൽ മുരുകവേൽ യാത്ര നടത്തി. എൽ മുരുകനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയതുവഴി സംസ്ഥാനത്ത്‌ വേരോട്ടം ലഭിക്കുമെന്ന്‌ കരുതിയതും തെറ്റി. നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതിമയ്യത്തിന്റെ സാന്നിധ്യം വോട്ട്‌ വിഭജിപ്പിച്ചതുവഴി, എഐഎഡിഎംകെ പിന്തുണയിൽ ബിജെപിക്ക്‌ പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ നാലു സീറ്റ്‌ ലഭിച്ചു. അതോടെയാണ്‌ അവിടത്തെ എംഎൽഎമാരെ മുൻനിർത്തി സംഘപരിവാർ നേതാക്കൾ ‘കൊങ്കുനാടി’ ന്‌ തുനിഞ്ഞിറങ്ങിയത്‌.

സംസ്ഥാനത്തെ വെട്ടിമുറിക്കുമെന്ന്‌ ആർഎസ്‌എസ്‌ അനുകൂല ‘ദിനമലർ’ വാർത്തയെഴുതിയതോടെ തമിഴർ ഒന്നാകെ എതിർപ്പുമായി രംഗത്തിറങ്ങി. സിപിഐ, ഡിഎംകെ, സിപിഐ എം, എംഡിഎംകെ, കോൺഗ്രസ്‌ തുടങ്ങി മുഴുവൻ പാർടിയും എതിർപ്പുയർത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശന്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.തമിഴ്‌നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ കൊങ്കുനാട്‌ വിവാദത്തിൽ ഒറ്റപ്പെട്ട്‌ ബിജെപി. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയപാർടികളെല്ലാം വിഭജന നീക്കത്തിനെതിരായി ഒറ്റക്കെട്ടായതോടെ ബിജെപി തീർത്തും പ്രതിരോധത്തിലായി. ബിജെപിയുടെ കേന്ദ്ര നേതൃത്വമാകട്ടെ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചില്ല. തമിഴ്‌നാട്ടിൽനിന്നുള്ള പുതിയ കേന്ദ്രമന്ത്രി എൽ മുരുകനും മൗനംപാലിച്ചു. മുരുകന്‌ പകരമായി ബിജെപിയുടെ തമിഴ്‌നാട്‌ പ്രസിഡന്റായ കെ അണ്ണാമലൈയും കൊങ്കുനാട്‌ വിഷയം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.തമിഴ്‌നാടിനെ വിഭജിച്ച്‌ കൊങ്കുനാട്‌ രൂപീകരിക്കുകയെന്നത്‌ ബിജെപിയുടെ നിലപാടല്ലെന്നും സമൃദ്ധമായ തമിഴ്‌നാടും ശക്തമായ ഇന്ത്യയുമാണ്‌ ലക്ഷ്യമെന്നും പാർടി സംസ്ഥാന വക്താവ്‌ എ എൻ എസ്‌ പ്രസാദ്‌ പറയുന്നു. ബിജെപിയുടെ പല സംസ്ഥാന–- ജില്ലാ ഭാരവാഹികളും ചില ജില്ലാ ഘടകങ്ങളും കൊങ്കുനാട്‌ രൂപീകരണ നീക്കത്തെ പിന്തുണച്ച്‌ രംഗത്തുവന്നിരുന്നു.

കൊങ്കുനാട്‌ രൂപീകരണം ആവശ്യപ്പെട്ട്‌ കോയമ്പത്തൂർ നോർത്ത്‌ ജില്ലാ ഘടകം പ്രമേയം പാസാക്കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും വിഭജനത്തെ അനുകൂലിച്ചിരിക്കുകയാണ്. ഡിഎംകെ അധികാരത്തിൽ വന്നശേഷം നരേന്ദ്ര മോഡി സർക്കാരിനെ ‘കേന്ദ്രസർക്കാർ’ എന്നു പറയുന്നില്ല. യൂണിയൻ ഗവൺമെന്റ്‌ എന്നാണ്‌(ഒൻട്രിയ അരശ്‌) പറയുന്നത്‌. നിയമസഭാ സമ്മേളനത്തിൽ ‘ജയ്‌ഹിന്ദ്‌’ വിളിക്കാതെ ഗവർണർ പ്രസംഗം അവസാനിപ്പിച്ചു. ഇതെല്ലാം കേന്ദ്രത്തിനെതിരായ നീക്കമെന്നാണ്‌ സംഘപരിവാർ പ്രചാരണം.എന്നാൽ, യൂണിയൻ ഗവൺമെന്റ്‌ എന്നു പറഞ്ഞാൽ വിവിധ സംസ്ഥാനങ്ങളുടെ കൂട്ടമാണെന്നും ഇതിൽ ഫെഡറലിസം ഉണ്ടെന്നും ഡിഎംകെ തിരിച്ചടിച്ചു. കേന്ദ്രത്തിന്റെ അടിമപ്പണി ചെയ്യാൻ കിട്ടില്ലെന്ന മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്റെ പ്രഖ്യാപനവും തമിഴ്‌നാട്‌ വിഭജനത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കത്തിന്‌ പിന്നിലുണ്ട്‌.

Eng­lish Sum­ma­ry : BJP motive behind Kongu­nadu revealed

You may also like this video :