രാജ്യസഭ പിടിക്കാന്‍ ബിജെപിയുടെ കരുനീക്കം

Web Desk
Posted on June 22, 2019, 10:33 pm

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യസഭ പിടിക്കാന്‍ ബിജെപിയുടെ ചരടുവലികള്‍ സജീവമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഒഴിവുവന്ന ആറ് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ അഞ്ചിനാണ്. ഗുജറാത്ത്, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലാണിത്. ജൂലൈ ഒന്‍പതിന് മുന്‍പ് ഉപതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. ആറ് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം ഒഡിഷയില്‍ നിന്നാണ്. രണ്ട് സീറ്റുകള്‍ ഗുജറാത്തിലും ബിഹാറിലെ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട്ടിലെ ആറ് രാജ്യസഭാംഗങ്ങളുടെ കാലാവധി ജൂലൈയില്‍ അവസാനിക്കും. ഇവിടെനിന്നും രാജ്യസഭയിലുള്ള ഡിഎംകെ നേതാവ് കനിമൊഴി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. കഴിഞ്ഞ മാസം അസമില്‍ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയിച്ചു. അതിനിടെ 28 വര്‍ഷം തുടര്‍ച്ചയായി രാജ്യസഭാംഗമായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കാലാവധി പൂര്‍ത്തിയായിരുന്നു. 1991 മുതല്‍ അസമില്‍ നിന്നാണ് മന്‍മോഹന്‍ സഭയിലെത്തിയിരുന്നത്. അസമില്‍ രണ്ട് സീറ്റുകളുടെ ഒഴിവ് വന്നെങ്കിലും മന്‍മോഹന്‍ സിംഗിനെ വിജയിപ്പിക്കാന്‍ ആവശ്യമായ എംഎല്‍എമാര്‍ കോണ്‍ഗ്രസിന് ഇല്ലായിരുന്നു. ഇതോടെയാണ് ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ ബിജെപി നീക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി ഒഡിഷയിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി അശ്വനി വൈഷ്ണവിന് ബിജെഡിയുടെ പിന്തുണ ഉറപ്പാക്കിയിരിക്കുകയാണ്. ഐഎഎസ് ഓഫീസറും മുന്‍പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. ബിജെഡി ഐടി വിങ് തലവന്‍ ഡോ. അമര്‍ പട്‌നായിക്ക്, പാര്‍ട്ടി വക്താവും ന്യൂനപക്ഷകാര്യ സെക്രട്ടറിയുമായ ഡോ. സസ്മിത് പത്ര എന്നിവരാണ് രണ്ട് സ്ഥാനാര്‍ഥികള്‍.
ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളില്‍ നടത്താനുള്ള ബിജെപി തന്ത്രം പാളുമെന്നാണ് സൂചന. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി വിശദീകരണം തേടിയിരിക്കുകയാണ്. തിങ്കളാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ളിലുണ്ടായ തകര്‍ക്കം മുതലെടുക്കാന്‍ ബിജെപി പരിശ്രമിച്ചിരുന്നു. ഇത്തവണ ചട്ടങ്ങളെ ഉപയോഗപ്പെടുത്തിയുള്ള അട്ടിമറിക്കാണ് ബിജെപിയുടെ നീക്കം. വ്യത്യസ്ത ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് മാത്രമെ പ്രതിനിധ്യം ഉണ്ടാവുകയുള്ളൂവെന്നതാണ് പ്രത്യേകത. ഒരേ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാല്‍ നിലവിലെ നിയമസഭയിലെ അംഗസംഖ്യ അനുസരിച്ച് കോണ്‍ഗ്രസിനും ബിജെപിക്കും ഒരോ സീറ്റ് വീതം ലഭിക്കും. രണ്ട് ദിവസമാക്കുന്നത് ആനുപാതിക പ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ഥി.

അതിനിടെ ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുങ്കുദേശം പാര്‍ട്ടിയിലെ നാല് രാജ്യസഭാ എംപിമാരെ ബിജെപി കഴിഞ്ഞദിവസം അടര്‍ത്തിയെടുത്തിരുന്നു. ആറ് എംപിമാരാണ് തെലുങ്കുദേശത്തിന് രാജ്യസഭയിലുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ ഒഴിവുവരുന്ന സീറ്റുകളിലൊന്നില്‍ മന്‍മോഹന്‍ സിങിനെ മത്സരിപ്പിക്കുന്ന കാര്യം ഡിഎംകെ പരിഗണിച്ചുവരുന്നുണ്ട്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാങ്കുനേരി നിയമസഭാ മണ്ഡലം കോണ്‍ഗ്രസ്, ഡിഎംകെയ്ക്ക് വിട്ടുകൊടുത്തേക്കും.

മുത്തലാഖ് ഉള്‍പ്പെടെയുള്ള പല ബില്ലുകളും പാസാക്കാന്‍ കഴിഞ്ഞ മോദി സര്‍ക്കാരിന് സാധിക്കാതെ പോയത് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാലാണ്. നിര്‍ബന്ധമായി നടപ്പാക്കണമെന്ന് ബിജെപി കരുതിയ ബില്ലുകള്‍ മണി ബില്ലുകളായി പാസാക്കുന്ന രീതിയായിരുന്നു. 245 അംഗങ്ങളാണ് രാജ്യസഭയില്‍. നിലവില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 101 എംപിമാരുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇത്രയും എണ്ണമായി അംഗസംഖ്യ ഉയര്‍ന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട സ്വപന്‍ ദാസ് ഗുപ്ത, മേരി കോം, നരേന്ദ്ര ജാദവ് എന്നിവരുടെ പിന്തുണ എന്‍ഡിഎക്കാണ്. ഇവര്‍ക്ക് പുറമെ മൂന്ന് സ്വതന്ത്ര എംപിമാരും ബിജെപിയെ പിന്തുണയ്ക്കുന്നു. അടുത്ത വര്‍ഷം ആദ്യത്തില്‍ യുപിഎ നോമിനിയായ കെടിഎസ് തുളസി വിരമിക്കും. എന്‍ഡിഎയ്ക്ക് ഒരംഗത്തെ നിര്‍ദേശിക്കാന്‍ സാധിക്കും. ഇതോടെ എന്‍ഡിഎയെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ എണ്ണം വര്‍ധിക്കും. നവംബറിനകം തങ്ങളുടെ ഇരുപതോളം എംപിമാര്‍കൂടി രാജ്യസഭയിലെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇതോടെ കാര്യങ്ങള്‍ വരുതിയിലാക്കാനാകുമെന്നുമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.