ജെഎന്‍യുവിന്റെ പേരുമാറ്റി മോഡിയുടെ പേരിടണമെന്ന് ബിജെപി എംപി

Web Desk
Posted on August 18, 2019, 12:51 pm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ പേര് എംഎന്‍യു എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി ഹാന്‍സ് രാജ് ഹാന്‍സ് രംഗത്ത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ഗായകന്‍ കൂടിയായ ഇദ്ദേഹം. ജെഎന്‍യു സര്‍വ്വകലാശാല സന്ദര്‍ശിച്ചപ്പോഴാണ് എംപി പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
നമ്മുക്ക് മുന്‍പേ വന്ന ആള്‍ക്കാര്‍ ചെയ്ത തെറ്റുകളുടെ ഫലമാണ് നമ്മള്‍ അനുഭവിക്കുന്നത് എന്നാണ് ഹാന്‍സ് രാജ് വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. ജവാഹര്‍ലാല്‍ നെഹ്രുവാണ് ഈ തെറ്റുകള്‍ ചെയ്തതെന്നും ഹാന്‍സ് രാജ് പറഞ്ഞു. താന്‍ ആദ്യമായാണ് ജെഎന്‍യുവിലേക്ക് വരുന്നതെന്നും താന്‍ ഈ സര്‍വകലാശാലയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. മോഡിയാണ് ഇപ്പോള്‍ രാജ്യത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വന്നതെന്നും അതുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പേര് മാറ്റി മോദി നരേന്ദ്ര സര്‍വകലാശാല എന്നാക്കി മാറ്റണമെന്ന് താന്‍ നിര്‍ദ്ദേശിച്ചതെന്നും ഹാന്‍സ് രാജ് പറഞ്ഞു.
സര്‍വ്വകലാശാലക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ബിജെപി എംപിയുടെ സന്ദര്‍ശനം. സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷണങ്ങള്‍ക്കും മറ്റുമുള്ള ഫണ്ട് കുത്തനെ വെട്ടിക്കുറച്ചിരുന്നു കേന്ദ്രം. സംഘപരിവാര്‍ അനുകൂലികളെ സര്‍വ്വകലാശാലയുടെ നേതൃസ്ഥാനങ്ങളില്‍ എത്തിച്ചുവെന്നും ആരോപണമുണ്ട്.