Saturday
16 Feb 2019

ലക്ഷ്യബോധമില്ലാത്ത ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ദേശീയ നേതൃത്വം

By: Web Desk | Monday 11 February 2019 1:10 PM IST

പി എസ് രശ്മി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ലക്ഷ്യബോധമില്ലാത്ത നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും കടുത്ത വിയോജിപ്പ്. ദേശീയ നേതൃത്വത്തിന് ബിജെപിയേക്കാള്‍ വിശ്വാസം ആര്‍എസ്എസിനെയാണ്.  സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ബിജെപി സംസ്ഥാന നേതൃത്വത്തെക്കാള്‍ മുന്‍പ് ദേശീയ നേതൃത്വവുമായി ആര്‍എസ് എസ് ചര്‍ച്ച ചെയ്തു. സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നവരുടെ പട്ടിക വരെ ദേശീയ നേതൃത്വത്തിന് ആര്‍എസ്എസ് കൈമാറിക്കഴിഞ്ഞു.

ശബരിമല സമരം മുതല്‍ അടിപതറിയ ബിജെപി സംസ്ഥാനഘടകം ഇപ്പോഴും നിലയില്ലാക്കയത്തിലാണ്. പുതുമുഖങ്ങളുടെ വരവിനൊപ്പം തന്നെ പഴയ പ്രവര്‍ത്തകരെയും ഒപ്പം ചേര്‍ത്തുകൊണ്ടുപോകാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനവും യാതൊരു വിശ്വാസ്യതയുമില്ലാത്ത നേതൃത്വത്തിന്റെ നിലപാടുകളും പാര്‍ട്ടിയെ വീണ്ടും കുരുക്കിലാക്കുകയാണ്. ഇതിന് വ്യക്തമായ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്റെ നിലപാടിന് പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ളവരുടെ ശക്തമായ പിന്തുണ. ബിജെപി യുമായി അകല്‍ച്ചയിലാണെങ്കിലും മുകുന്ദന് ആര്‍എസ് എസില്‍ ശക്തമായ സ്വാധീനമുണ്ട്.

ബിജെപി സംസ്ഥാന സെക്രട്ടറിയായിരുന്ന മുകുന്ദന്‍ പിന്നീട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അനഭിമതനാകുകയായിരുന്നു. ശ്രീധരന്‍ പിളളയും കുമ്മനവും മുകുന്ദനെ തിരിച്ചെടുക്കാമെന്ന വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ പിന്നോട്ടുപോയി. തുടര്‍ച്ചയായ അവഗണനയിലും നേതൃത്വത്തിന്റെ നിലപാടിലുമുള്ള ശക്തമായ പ്രതിഷേധമാണ് മുകുന്ദന്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മൂലമാണ് മടങ്ങിവരവ് നടക്കാതെ പോയത്. അടുത്തിടെ മുകുന്ദന്‍ ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ സുരേന്ദ്രനെ ജയിലില്‍ പോയി സന്ദര്‍ശിക്കുകയും ബിജെപി സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. അപ്പോഴും അനുകൂല നിലപാട് സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായില്ല. ശബരിമലയില്‍ ബിജെപി നിലപാട് അമ്പേ പരാജയമായിരുന്നുവെന്നാണ് മുകുന്ദന്റെ വിമര്‍ശനം. ബിജെപി ഓഫീസ് നിര്‍മാണ സമയത്തോ അമിത്ഷാ കണ്ണൂരില്‍ വന്ന സമയത്തോ അറിയിക്കാത്തതിലും ശക്തമായ അമര്‍ഷം മുകുന്ദനുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി യെ വെട്ടിലാക്കി തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നത്. അസംതൃപ്തരായ വലിയ വിഭാഗം പ്രവര്‍ത്തകരെ ഒപ്പം ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നതാണ് ബിജെപി യെ ഭയപ്പെടുത്തുന്നത്.

ശബരിമല പ്രശ്‌നത്തില്‍ നാമജപ യാത്രയിലെ ആള്‍ക്കൂട്ടം വോട്ടായി മാറുമെന്ന മിഥ്യാധാരണയിലാണ് ഇപ്പോഴും ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയിലെ ഗ്രൂപ്പിസവും തമ്മിലടിയും എല്ലാം ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് മുതലാക്കുകയാണ് ആര്‍എസ്എസ്. ബിജെപി സംസ്ഥാന നേതൃത്വത്തിന് ആര്‍എസ്എസ് ഇടപെടലില്‍ കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.