ബിജെപിയിലെ അഴിമതിക്കാര്‍ക്ക് മോഡിയുടെ സംരക്ഷണം

Web Desk
Posted on August 21, 2019, 11:36 pm

ന്യൂഡല്‍ഹി: അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തില്‍ ബിജെപി നേതാക്കള്‍ക്ക് മോഡി സര്‍ക്കാരിന്റെ സംരക്ഷണം.

മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരെ ശക്തമായ നടപടികള്‍ തുടരുമ്പോഴും കോടികളുടെ അഴിമതികള്‍ നടത്തിയ ബിജെപി നേതാക്കളും അനുഭാവികളും സസുഖം താമരയുടെ തണലില്‍ വാഴുന്നു. ഇവര്‍ക്കെതിരെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

അഴിമതിയുടെ പ്രതിരൂപമായ ബിജെപി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പക്കെതിരെ നടപടികളില്ല. ഭുമിയിടപാട്, അനധികൃത ഖനനം, ബിജെപി നേതാക്കള്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട ഡയറികള്‍ തുടങ്ങിയ ആരോപണങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും നടപടികളില്ല. കഴിഞ്ഞ ആറു വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട കേസുകള്‍ സിബിഐ അന്വേഷിക്കുന്നെങ്കിലും ഒരു തെളിവും ഇനിയും ലഭിച്ചില്ല. മോഡി സര്‍ക്കാരിന്റെ ഇടപെടലാണ് കേസ് അന്വേഷണത്തിലെ വീഴ്ചയ്ക്കുള്ള കാരണമെന്ന ആക്ഷേപം ശക്തമാണ്.

ബിജെപി നേതാക്കളായ ബെല്ലാരി സഹോദരങ്ങള്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. ഇവര്‍ക്കതിരെ ഉയര്‍ന്ന 16,500 കോടി രൂപയുടെ അനധികൃത ഖനനം സംബന്ധിച്ച അന്വേഷണം സിബിഐ വേഗത്തില്‍ പൂര്‍ത്തിയാക്കി. യുക്തിരഹിതമായ വാദങ്ങള്‍ നിരത്തിയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചത്.

വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ ശക്തമായ ബിജെപി നേതാവാണ് കോടികളുടെ അഴിമതി ആരോപണം നേരിടുന്ന ഹിമന്ത ബിശ്വ ശര്‍മ്മ. ഗുവാഹത്തിയിലെ ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ കോഴ ആരോപണമാണ് ഹിമന്തക്കെതിരെ നിലവിലുള്ളത്. അമേരിക്കന്‍ കമ്പനിയായ ലൂയി ബെര്‍ഗറുമായി ചേര്‍ന്നാണ് ഹിമന്ത കോടികളുടെ വെട്ടിപ്പ് നടത്തിയത്. അമേരിക്കന്‍ കോടതിയില്‍ ഹിമന്തക്കും ലൂയി ബര്‍ഗര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അസം പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചാണ് കേസുകള്‍ സിബിഐയ്ക്ക് കൈമാറിയത്. ഇതും അന്വേഷണം എങ്ങുമെത്തിയില്ല.

മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനെതിരെ സര്‍ക്കാര്‍ നിയമങ്ങളുമായി ബന്ധപ്പെട്ട കോടികളുടെ വ്യാപം അഴിമതിയുടെ അന്വേഷണം മോഡി സര്‍ക്കാര്‍ കേവലം നേര്‍ച്ചയാക്കി. വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ചൗഹാന് ക്ലീന്‍ചിറ്റ് സിബിഐ ക്ലീന്‍ചിറ്റ് നല്‍കി.

ബംഗാളിലെ ഇപ്പോഴത്തെ ബിജെപി നേതാവും മുന്‍ തൃണമൂല്‍ എംപിയുമായിരുന്ന മുകുള്‍
റോയിക്കെതരിയുള്ള ശാരദാ ചിട്ടിഫണ്ട് അഴിമതിയിലും മോഡി സര്‍ക്കാര്‍ ഒത്തുകളിച്ചു. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെ അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായെങ്കിലും മുകുള്‍ റോയിയെ രക്ഷിക്കുന്ന നിലപാടാണ് മോഡി സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇപ്പോഴത്തെ മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലിനെതിരെ കോടികളുടെ അഴിമതികേസുകളാണ് ഇപ്പോഴുമുള്ളത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരിക്കെ രണ്ട് ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി ആരോപണമാണ് പൊക്രിയാലി
നെതിരെ ഉയര്‍ന്നത്. ശക്തമായ ആരോപണങ്ങളെ തുടര്‍ന്ന് 2011ല്‍ പൊക്രിയാല്‍ രാജിവച്ചു. എന്നാല്‍ ഈ അഴിമതി കേസുകളില്‍ ന്യായമായ അന്വേഷണം ഉണ്ടായില്ല.

ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെക്കെതിരെ കോടികളുടെ അഴിമതി കേസുകളാണ് നിലവിലുള്ളത്. എന്നാല്‍ റാണെക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. റാണെക്കെതിരെ പണാപഹരണം, അനധികൃത സ്വത്ത് സാമ്പാദനം എന്നിവ ഉള്‍പ്പടെയുള്ള ഗുരുതരമായ കേസുകളാണ് നിലവിലുള്ളത്.

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിദംബരത്തെ വേട്ടപട്ടിയുടെ വീറോടെ വേട്ടയാടുന്ന മോഡി സര്‍ക്കാര്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട സഹസ്രകോടികളുടെ കുംഭകോണങ്ങളുടെ അന്വേഷണം അട്ടിമറിക്കുകയാണ്.