യുവതിയുമൊത്തുള്ള നഗ്ന വിഡിയോ വൈറലായി: ബിജെപി അധ്യക്ഷൻ രാജിവെച്ചു

Web Desk
Posted on November 04, 2019, 12:27 pm

സൂറത്ത്: ബിജെപിയുടെ ദാമൻ‑ദിയു അധ്യക്ഷൻ ഗോപാൽ ടൻഡേൽ രാജിവെച്ചു. യുവതിയുമൊത്തുള്ള നഗ്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കാരണമാണ് രാജി. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കാണ് ടൻഡേൽ രാജിക്കത്ത് നൽകിയത്.

36 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. രണ്ടു വർഷം മുൻപ് ചിത്രീകരിച്ച വീഡിയോയിൽ ഒരു യുവതിയുമൊത്തുള്ള നഗ്ന ദൃശ്യങ്ങളാണുള്ളത്. അതേസമയം തന്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് ഗോപാൽ ടൻഡേൽ ദാമൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

താൻ ബി. ജെ. പി പ്രസിഡന്റായി തുടരുന്നതിൽ എതിർപ്പുള്ള വ്യക്തികളാണ് കൃത്രിമ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ഗോപാൽ ടൻഡേൽ പ്രതികരിച്ചു. ദാമൻ‑ദിയുവിലും ഗുജറാത്തിലും വ്യാപകമായി പ്രചരിച്ച വീഡിയോ പാർട്ടിയിൽ വലിയ കലാപങ്ങൾ സൃഷ്ടിച്ചിരുന്നു. ദാമൻ‑ദിയു ഘടകത്തിന്റെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് നിലവിലെ പ്രസിഡന്റും മുതിർന്ന നേതാവുമായ ടൻഡേലിന്റേതെന്ന് സംശയിക്കുന്ന നഗ്ന വീഡിയോ പ്രചരിച്ചത്.

നിക്ഷിപ്ത താൽപര്യമുള്ള വ്യക്തികൾ വീഡിയോയിൽ തന്റെ മുഖം മോർഫ് ചെയ്ത് ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നാണ് ഗോപാൽ ടൻഡേലിന്റെ വാദം. പാർട്ടി പ്രവർത്തകർ തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത്. പാർട്ടിക്ക് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടാവരുത് എന്നതിനാലാണ് രാജി വെക്കുന്നതെന്നും ടൻഡേൽ കൂട്ടിച്ചേർത്തു. 65 കാരനായ ഗോപാൽ നാല് വർഷം മുൻപാണ് ബിജെപിയിൽ ചേർന്നത്. അതിന് മുൻപ് കോൺഗ്രസ് എൻ സിപി പാർട്ടികളിലും പ്രവർത്തിച്ചിട്ടുണ്ട്.