Web Desk

കാസർകോട്

April 06, 2020, 10:10 am

കാസർകോട് ചികിത്സ കിട്ടാതെ മരിച്ചവരിൽ രണ്ട് ബിജെപി പ്രവർത്തകരും: കർണാടകയുടെ ക്രൂരതയിൽ ബിജെപിക്കും പ്രതിഷേധം

Janayugom Online

കേരള കർണാടക അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിലും യാതൊരുവിധ പ്രതികരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും മുതിരാതിരുന്ന ബിജെപി പ്രവർത്തകർക്ക് കനത്ത തിരിച്ചടി. മംഗളുരുവിലേക്കുള്ള കാസർകോട് അതിർത്തി അടച്ചതിനെ തുടർന്ന് ചികിത്സകിട്ടാതെ രണ്ട് ബിജെപി പ്രവർത്തകർ മരിച്ചതോടെ പ്രതികരിക്കാതെ തരമില്ലെന്ന അവസ്ഥ വന്നിരിക്കുകയാണ് ബിജെപി നേതൃത്വത്തിന്.അതിർത്തി തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ ആവർത്തിച്ചപ്പോൾ പോലും അതിർത്തി തുറക്കണമെന്ന ആവശ്യവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നില്ല.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ലയില്‍ മത്സരിച്ചപ്പോഴൊക്കെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശേഖർ (49) ഹൃദ്രോഗത്തെ തുടർന്ന് മാർച്ച് 31 ന് പുലർച്ചെയാണ് മരണമടഞ്ഞത്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ തന്നെ അദ്ദേഹത്തിനു കഴിയേണ്ടി വന്നു. കര്‍ണാടകയുടെ വഴിതടയല്‍ ഇല്ലായിരുന്നുവെങ്കില്‍ ശേഖറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഏതാനും വോട്ടുകള്‍ക്ക് കെ സുരേന്ദ്രന്‍ പരാജയപ്പെട്ട കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഭാഗത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ശേഖറായിരുന്നു. ഹൃദ്രോഗം മൂലം മാസങ്ങളായി അദ്ദേഹം വിശ്രമത്തിലായിരുന്നു. മഞ്ചേശ്വരം മേഖലയില്‍ കെ സുരേന്ദ്രന്റെ വലംകൈയായാണ് അറിയപ്പെട്ടത്.

ഇത് കൂടാതെ കര്‍ണാടക അതിര്‍ത്തി തുറക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതാവും കെ സുരേന്ദ്രനുമായി ആത്മ ബന്ധമുണ്ടായിരുന്ന വ്യക്തിയുമായ മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി രുദ്രപ്പ മേസ്ത്രി(60)യുടെ മരണവും ബിജെപിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചികിത്സ കിട്ടാതെയുള്ള ബിജെപി പ്രവർത്തകരുടെ മരണങ്ങൾ ആവർത്തിക്കുന്നതോടെ പ്രതികരിക്കാതിരിക്കാനാവാത്ത അവസ്ഥയിലാണ് കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതൃത്വം.

Eng­lish Sum­ma­ry: Bjp protest against kar­nata­ka stand on bor­der issue

You may also like this video