റെജി കുര്യന്‍

ന്യൂഡല്‍ഹി

December 03, 2021, 10:28 pm

ധര്‍ണ നടത്തുന്ന എംപിമാര്‍ക്കെതിരെ ബിജെപി പ്രകോപനം

Janayugom Online

പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുന്ന സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍ക്കു നേരെ മുദ്രാവാക്യം വിളികളുമായി പ്രകോപനം സൃഷ്ടിച്ച് ബിജെപി അംഗങ്ങള്‍. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും സഭാ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് വരുത്തുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷ പ്രതിഷേധത്തെ ഭൂരിപക്ഷ ധാര്‍ഷ്‌ട്യത്തില്‍ മറികടക്കാനുള്ള നീക്കങ്ങളാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്നത്. പ്ലക്കാര്‍ഡും മുദ്രാവാക്യം വിളികളുമായി ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ അതിനിടയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നു. ചോദ്യവേളയിലും ശൂന്യവേളയിലും പ്രത്യേക പരാമര്‍ശ വേളയിലും പ്രതിപക്ഷ കക്ഷികളില്‍ ചിലര്‍ എതിര്‍പ്പ് വ്യക്തമാക്കുമ്പോള്‍ മറ്റു ചിലര്‍ സഭയിലെ നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കാളികളാകുകയും ചെയ്തു.

രാജ്യസഭയിലും പ്രതിപക്ഷ ബഹളം കനത്തപ്പോഴും സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അധ്യക്ഷന്‍ വിസമ്മതിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം തുടരുമ്പോഴും സര്‍ക്കാര്‍ ബില്‍ ചര്‍ച്ചകളും ചോദ്യവേളയും ശൂന്യവേളയും ചര്‍ച്ചകള്‍ക്കായി നീക്കിവച്ചു.

സഭാ സമ്മേളനം തുടങ്ങും മുന്നേ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തുന്ന എംപിമാര്‍ക്കു മുന്നിലെത്തി ബിജെപി അംഗങ്ങള്‍ പ്രകോപനം സൃഷ്ടിക്കുവാന്‍ ശ്രമിച്ചു. ബിജെപി രാജ്യസഭാ വിപ്പ് ശിവ് പ്രതാപ്, രാകേഷ് സിന്‍ഹ എന്നിവരുടെ നേതൃത്വത്തിലാണ് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ എംപിമാര്‍ക്കു നേരെ പ്രകോപനം സൃഷ്ടിച്ചത്. അതേസമയം മാപ്പു പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രതിപക്ഷ എംപിമാര്‍ നിരാകരിച്ചിരുന്നു. ഈ തീരുമാനത്തില്‍ മാറ്റമില്ലെന്നും എംപിമാര്‍ ആവര്‍ത്തിച്ചു.

പ്രതിപക്ഷ എംപിമാരുടെ ധര്‍ണാ വേദിയിലെത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ബിജെപി എംപിമാരുടെ നീക്കത്തെ സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വവും സിപിഐ(എം) നേതാവ് എളമരം കരീമും അപലപിച്ചു. ബിജെപി വിളിച്ചു കൂവുന്ന ജനാധിപത്യത്തിന്റെ തനിനിറമാണ് അവരുടെ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കാണിച്ചത്. ഇത്തരം പ്രകോപനങ്ങള്‍ കൊണ്ട് പ്രതിപക്ഷ സമരം പിന്നോട്ടു പോകില്ല. ആ സമരത്തിന് വഴികാണിക്കുന്നത് ഒരു കൊല്ലത്തിലേറെയായി പോരാടുന്ന കര്‍ഷകരുടെ സമര ബോധമാണെന്നും എത്ര ദിവസങ്ങള്‍ നീണ്ടുപോയാലും ജനാധിപത്യ ധ്വംസനത്തിന് മുന്നില്‍ മുട്ടുമടക്കി പിന്മാറുകയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Eng­lish Sum­ma­ry: BJP pro­vokes dhar­na MPs

You may like this video also