തീവ്രവാദികൾക്ക് ധനസഹായം നൽകിയ കമ്പനിയിൽ നിന്ന് ബിജെപി 10 കോടി വാങ്ങി

Web Desk
Posted on November 23, 2019, 11:12 am

*അധോലോക കുറ്റവാളി ഇഖ്ബാൽ മേമനുമായി ബന്ധം
*ഇടപാട് തെരഞ്ഞെടുപ്പ് ബോണ്ടുകൾ നടപ്പാക്കി ദിവസങ്ങൾക്കുള്ളിൽ
ന്യൂഡൽഹി: തീവ്രവാദി സംഘടനകൾക്ക് ധനസഹായം നൽകിയ കമ്പനിയിൽ നിന്ന് ബിജെപി പത്ത് കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ ബിജെപി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് ഓൺലൈൻ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ കെ ഡബ്ളിയു എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്നുമാണ് ബിജെപി പത്ത് കോടി രൂപ സ്വീകരിച്ചത്. തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന കമ്പനിയാണ് ആർ കെ ഡബ്ളിയു ഡെവലപ്പേഴ്സ്. മുംബൈ സ്ഫോടനകേസിൽ കുറ്റാരോപിതനായ ഇഖ്ബാൽ മേമനുമായി സാമ്പത്തിക ഇടപാടുള്ള കമ്പനിയാണ് ആർ കെ ഡബ്ളിയു . ഇക്ബാൽ മേമൻ അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
2014–15ലാണ് ആർ കെ ഡബ്ളിയു ബിജെപിക്ക് പത്ത് കോടി രൂപ നൽകിയത്. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് മുഖേനയാണ് പണം ബിജെപിക്ക് കൈമാറിയത്. 2014–15ൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ നടപ്പാക്കി ദിവസങ്ങൾക്കുള്ളിലാണ് പത്ത് കോടി രൂപ ആർകെ ഡബ്ളിയു ബിജെപിക്ക് നൽകിയത്.
അധോലാകവുമായി ബന്ധപ്പെട്ട പണമിടപാടുകൾ നടത്തിയതിന് ആർ കെ ഡബ്ളിയു ഡെവലപ്പേഴ്സിന്റെ മുൻ ഡയറക്ടറായ ര‍‍ഞ്ജിത് ബിന്ദ്രയെ ഇഡി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് ചോദ്യം ചെയ്തിരുന്നു. ഇഖ്ബാൽ മേമന്റെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്നത് ര‍‍ഞ്ജിത് ബിന്ദ്രയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇഖ്ബാൽ മേമനിൽ നിന്നും ഭൂമി വാങ്ങിയ സൺബ്ലിങ്ക് റിയൽ എസ്റ്റേറ്റ് കമ്പനിയും ബിജെപിക്ക് രണ്ട് കോടി രൂപ നൽകിയതായി തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കണക്കുകൾ പറയുന്നു. സൺബ്ലിങ്കിന്റെ ഡയറക്ടർ മെഹുൽ അനിൽ ബാവിഷിയുടെ ഉടമസ്ഥതയിലുള്ള സ്കിൽ റിയൽറ്റേഴ്സ് എന്ന കമ്പനിയും ബിജെപിക്ക് രണ്ട് കോടി രൂപ സംഭാവന നൽകി. ആർ കെ ഡബ്ളിയുവിന്റെ ഡയറക്ടറും ദർശൻ ഡെവലപ്പേഴ്സിന്റെ ഉടമയുമായ പ്ലാസിഡ് ജേക്കബ് നറോന 2016–17ൽ ബിജെപിയ്ക്ക് 7.5 കോടി രൂപയാണ് സംഭാവന നൽകിയത്.
ഇഖ്ബാൽ മേമന്റെ ഉടമസ്ഥതയിലുള്ള ഭൂമി ആർകെ ഡബ്ളിയുവിന് വിൽപ്പന നടത്തിയതിൽ ബിന്ദ്ര 30 കോടി രൂപ കമ്മിഷൻ പറ്റിയെന്നും ഇഡി കണ്ടെത്തിയിരുന്നു. ആർകെ ഡബ്ളിയുമായുള്ള സാമ്പത്തിക ഇടപാടിൽ ബോളിവുഡ് നടിയായ ശിൽപ്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇക്ബാൽ മേമനുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ഇഡി അധികൃതർ ചോദ്യം ചെയ്തപ്പോൾ ബിന്ദ്ര സമ്മതിച്ചതായി ഇന്ത്യ ടുഡെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇക്ബാൽ മേമനുമായി അനധികൃത സാമ്പത്തിക ഇടപാടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഈ സംഭവത്തെ രാജ്യദ്രോഹമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ വാർത്തകളുമായി ബിജെപി നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.