ബേബി ആലുവ

കൊച്ചി

November 13, 2021, 6:48 pm

മുല്ലപ്പെരിയാറില്‍ നിലപാടില്ലാതെ ബിജെപി; അണികളിൽ അമർഷം

Janayugom Online

മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ സംസ്ഥാന ഘടകത്തിന്റെ മൗനത്തിനെതിരെ അണികളിൽ കടുത്ത അമർഷം. സമൂഹ മാധ്യമങ്ങളിൽ പ്രത്യേകിച്ച് സംഘ പരിവാർ വാട്സാപ്പ് ഗ്രൂപ്പുകളിൽ നേതൃത്വത്തിനെതിരെ നിശിത വിമർശമാണുയരുന്നത്. 

ബിജെപി-യുടെ തമിഴ്‌നാട് ഘടകം കേരളത്തിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും പ്രചാരണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനുള്ള നടപടി ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവ വകുപ്പ് കേരളത്തിനു കത്തയച്ചിരിക്കുകയുമാണ്. കേരളം ഒറ്റക്കെട്ടായി നീങ്ങേണ്ട സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം വിഷയത്തോടു പുറം തിരിഞ്ഞു നിന്നാൽ ജനങ്ങളോട് എന്തു മറുപടി പറയുമെന്നാണ് സാധാരണ പ്രവർത്തകർ നേരിടുന്ന ചോദ്യം. ഇതിലെ വേവലാതിയും ആശങ്കയും സമൂഹമാധ്യമങ്ങളിലെ സ്വന്തം ഗ്രൂപ്പുകളിൽ പങ്കുവച്ച് സമാധാനം തേടുകയാണ് അവർ. 

കോടികൾ ചെലവഴിച്ചിട്ടും കേരളത്തിൽ തല പൊക്കാൻ കഴിയാതെ പോകുന്നതിൽ ഖിന്നരായ ദേശീയ നേതൃത്വം വരും കാലങ്ങളിൽ പിടിമുറുക്കാനുള്ള തന്ത്രങ്ങൾ മെനയുമ്പോൾ, പാർട്ടി കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പമില്ലെന്ന യാഥാർത്ഥ്യം ദേശീയ നേതൃത്വത്തെ അറിയിക്കാനും ബിജെപി-യിലെ ഒരു വിഭാഗം ഒരുങ്ങുകയാണ്. മുല്ലപ്പെരിയാറിൽ ബേബി ഡാമിനോടു ചേർന്നുള്ള എർത്ത് ഡാമും ബലപ്പെടുത്തണമെന്നും അറ്റകുറ്റപ്പണികൾ സുഗമമാക്കാൻ ഡാമിലേക്കുള്ള സമീപന പാത നന്നാക്കണമെന്നുമുള്ള കേന്ദ്ര ജലവിഭവ വകുപ്പിന്റെ നിർദ്ദേശത്തിനെതിരെയും അണികളിൽ മുറുമുറുപ്പുണ്ട്. പല കാരണങ്ങളാൽ സംസ്ഥാന നേതൃത്വത്തോട് അകന്നു നിൽക്കുന്നവരും മുല്ലപ്പെരിയാർ വിഷയം സംസ്ഥാന നേതൃത്വത്തിനെതിരെ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ്. 

Eng­lish Sum­ma­ry : bjp remain­ing silent in mul­laperi­yar issue

You may also like this video :