ബിജെപി-സംഘ്പരിവാര്‍ പാളയത്തില്‍ പടയൊരുക്കം

Web Desk
Posted on January 01, 2019, 10:46 pm

സംഘ്പരിവാര്‍ പാളയത്തിലെ പടയൊരുക്കം മറനീക്കി പുറത്തുവരുന്നു. മോഡി-അമിത്ഷാ നേതൃത്വത്തിനെതിരായ നിധിന്‍ ഗഡ്കരിയുടെ കഴിഞ്ഞ ദിവസങ്ങളിലെ പൊട്ടിത്തെറികള്‍ ഒറ്റപ്പെട്ട ഒന്നായി സംഘ്പരിവാര്‍ പാളയത്തിലെ ബലതന്ത്രങ്ങളുടെ മര്‍മം അറിയുന്ന ആരും കരുതുകില്ല. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനവുമായി ബിജെപിയിലെ മറ്റാരെക്കാളും ഉറ്റബന്ധം പുലര്‍ത്തുന്ന ആളായാണ് ഗഡ്കരി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഗഡ്കരി ഉന്നയിക്കുന്ന, പരിഹാസവുമായി അതിര്‍വരമ്പിടുന്ന, വിമര്‍ശനങ്ങള്‍ക്ക് നാഗ്പൂരിന്റെ അനുഗ്രഹാശിസുകളും ശക്തമായ പിന്തുണയും ഉണ്ടെന്നാണ് നിരീക്ഷകമതം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ സമഗ്രാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയ വേളയിലാണ് അവര്‍ക്കെതിരെ അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ വെല്ലുവിളി ഉയരുന്നത്. ‘തോല്‍വികളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നേതൃത്വം തന്റേടം കാണിക്കണം. നേതൃത്വത്തിന് സംഘടനയോടുള്ള വിധേയത്വം തെളിയിക്കേണ്ടത് പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താണ്.’ ഗഡ്കരി മോഡി-ഷാ നേതൃത്വത്തിന് നേരെ നടത്തിയ ഈ കടന്നാക്രമണം യാതൊരു മറയുമില്ലാത്തതാണ്. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ ബിജെപിക്കും സംഘ്പരിവാറിന് ഉള്ളില്‍ നിന്നും ഉയര്‍ന്നിട്ടില്ലാത്ത നേരിട്ടുള്ള വിമര്‍ശനമാണ് ഗഡ്കരി തൊടുത്തുവിട്ടിരിക്കുന്നത്. ബിജെപിയുടെ വൃദ്ധസദനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘മാര്‍ഗദര്‍ശക് മണ്ഡല’ത്തിലെ മുതിര്‍ന്ന നേതാക്കള്‍ പോലും ഉന്നയിക്കാന്‍ ധൈര്യപ്പെടാത്ത വിമര്‍ശനശരങ്ങളാണ് ഗഡ്കരിയില്‍ നിന്നും ഉയരുന്നത്. ‘ഞാനാണ് പാര്‍ട്ടി പ്രസിഡന്റെങ്കില്‍, എന്റെ എംപിമാരും എംഎല്‍എമാരും വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആരായിരിക്കും അതിന് ഉത്തരവാദി? ഞാന്‍ തന്നെ.’ ഗഡ്കരി കടന്നാക്രമിക്കുന്നത് പാര്‍ട്ടി പ്രസിഡന്റ് അമിത്ഷായെ തന്നെയാണ്. ഗഡ്കരി നല്‍കുന്ന സൂചനകള്‍ സുവ്യക്തമാണ്. പാര്‍ട്ടിക്കുള്ളിലും സംഘ്പരിവാറിലും എന്‍ഡിഎ സഖ്യത്തിലും മോഡി-ഷാ നേതൃത്വത്തിനെതിരെ ഉരുണ്ടുകൂടുന്ന എതിര്‍പ്പ് അവര്‍ക്കാകെ ദിശാബോധം നല്‍കുന്ന ആര്‍എസ്എസിനെ തന്നെ അസ്വസ്ഥമാക്കിയിരിക്കുന്നു എന്നതാണ് അത്. പതിവിനു വിപരീതമായി രേഖാമൂലം പരാതിയുമായി നാഗ്പൂരിനെ സമീപിക്കുന്ന നേതാക്കളുടെ വികാര പ്രകടനത്തോടുള്ള പ്രതികരണമാണ് ഗഡ്കരിയിലൂടെ പുറത്തുവരുന്നത്.

‘വലിയ വാഗ്ദാനങ്ങള്‍’ നല്‍കിയാണ് ബിജെപി അധികാരത്തിലെത്തിയതെന്ന ഗഡ്കരിയുടെ വിമര്‍ശനം വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടാത്തതില്‍ ബിജെപിയിലും സംഘ്പരിവാറിലുമുള്ള അസംതൃപ്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മോഡി ഭരണത്തിനും, പാര്‍ട്ടിക്കുമേല്‍ അമിത്ഷാ പുലര്‍ത്തുന്ന സമഗ്രാധിപത്യത്തിനും എതിരെ നാളിതുവരെ അസംതൃപ്തര്‍ നിശബ്ദത പാലിച്ചുപോന്നെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിമതര്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു. മോഡി-ഷാ കൂട്ടുകെട്ട് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സുസ്ഥിരതയുടെയും വളര്‍ച്ചയുടെയും വാചാടോപങ്ങള്‍ മുഖവിലക്കെടുക്കാന്‍ ബിജെപി-സംഘ്പരിവാര്‍ പാളയത്തില്‍ എല്ലാവരും പഴയതുപോലെ തയാറല്ല. കള്ളപ്പണം നിയന്ത്രിക്കാനോ, രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാനോ മോഡിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ പേരില്‍ നടന്ന നോട്ടുനിരോധനം വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. സംഘ്പരിവാര്‍ പിന്തുണയുടെ ഉത്തരേന്ത്യയിലെ നട്ടെല്ലായി കരുതപ്പെട്ടിരിക്കുന്ന ചെറുകിട ഇടത്തരം വാണിജ്യ വ്യവസായ താല്‍പര്യങ്ങളെയും കര്‍ഷക‑ഗ്രാമീണ സമ്പദ്ഘടനയേയുമാണ് അത് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. തൊഴിലില്ലായ്മ സര്‍വകാല റെക്കോഡ് തകര്‍ത്താണ് കുതിച്ചുയരുന്നത്. യുവജനങ്ങള്‍ സംഘ്പരിവാറില്‍ നിന്നും അതിവേഗം അകലുകയാണ്. ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) മോഡി സര്‍ക്കാരിനെ ന്യായീകരിക്കാനോ ദേശീയ ട്രേഡ് യൂണിയന്‍ കൂട്ടായ്മയില്‍ തുടരാനോ കഴിയാതെ ചെകുത്താനും കടലിനും നടുവിലെന്ന അവസ്ഥയിലാണ്. ദളിത്-ആദിവാസി ജനവിഭാഗങ്ങള്‍ സംഘ്പരിവാറിനെ കൈവിട്ടിരിക്കുന്നു. മാത്രമല്ല, ബിജെപി അധികാരത്തില്‍ തുടരുന്നത് തങ്ങളുടെ അടിസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നീതി ആയോഗ് മുതല്‍ ആര്‍ബിഐ വരെ സ്ഥാപനങ്ങളുടെ തലപ്പത്ത് മോഡി പ്രതിഷ്ഠിച്ചിരുന്ന മേധാവികള്‍ ഒന്നൊന്നായി കളമൊഴിയുന്നു. ഗോരക്ഷ, രാമക്ഷേത്രം തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ ഭരണഘടനയേയും നീതിന്യായ സംവിധാനത്തെയും മറികടന്ന് രാഷ്ട്രീയമായി ചൂഷണം ചെയ്യുകയെന്ന പദ്ധതികള്‍ക്കും അതിന്റേതായ പരിമിതികളുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം ഗഡ്കരിയുടെ തുറന്ന വിമര്‍ശനങ്ങളെ നോക്കിക്കാണാന്‍.

2014ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു മാത്രമാണ് നരേന്ദ്രമോഡി ബിജെപി സംഘ്പരിവാര്‍ പാളയത്തിന്റെ പന്തയക്കുതിരയായി മാറിയതെന്ന ചരിത്ര യാഥാര്‍ഥ്യം വിസ്മരിക്കാവുന്നതല്ല. അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ അതേ കുതിരയെതന്നെ വീണ്ടും പരീക്ഷിക്കുന്നത് പന്തയത്തില്‍ തോല്‍വി ഉറപ്പാക്കാന്‍ മാത്രമെ ഉപകരിക്കൂ എന്ന തിരിച്ചറിവ് ഹിന്ദുത്വ പാളയത്തില്‍ ശക്തമാണ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പുതിയ പന്തയക്കുതിരയെ കണ്ടെത്താനുള്ള യത്‌നത്തിലാണ് നാഗ്പൂര്‍. ഗഡ്കരിയുടെ വിധേയത്വത്തിലും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനത്തിലും സംഘിന് സംശയമില്ല. ബിജെപി-സംഘ്പരിവാര്‍ പാളയത്തില്‍ പുതിയൊരു പരീക്ഷണത്തിന് അരങ്ങൊരുങ്ങുകയാണ്.