Thursday
22 Aug 2019

ബി ജെ പിയുടെ ഭരണം സമ്പൂര്‍ണ്ണപരാജയം: പ്രകാശ് കാരാട്ട്

By: Web Desk | Tuesday 16 April 2019 9:59 PM IST


കട്ടപ്പന : നമ്മുടെ ഭരണഘടന നിലവില്‍ വന്നതിനുശേഷമുളള പതിനേഴാമത്തെ തെരഞ്ഞെടുപ്പാണിത്.  ഇന്‍ഡ്യയുടെ  ഭരണ ഘടന ഇങ്ങനെതന്നെ  നിലനില്‍ക്കണമോ  വേണ്ടയോ എന്ന് ഈ തെരഞ്ഞെടുപ്പ് തീരുമാനിക്കും. കാരണം ആര്‍.എസ്.എസ് ന്റെ ആജ്ഞാനുവര്‍ത്തികളായ ബി.ജെ.പി ഈ ഭരണഘടനയില്‍  വിശ്വസിക്കുന്നില്ല.  ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഈ ഭരണഘടന അസാധുവാക്കും .സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.   ഇടതുപക്ഷ യൂത്തുപാര്‍ലമെന്റ് കട്ടപ്പനയില്‍ നടത്തിയ യുവജന റാലിയോടനുബന്ധിച്ചുളള യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ:പ്രകാശ് കാരാട്ട്.

ഭരണ ഘടന രൂപപ്പെടുത്തിയ 1950-ല്‍ തന്നെ ഈ ഭരണഘടന ഇന്‍ഡ്യയ്ക്കു പറ്റിയതല്ലെന്നും മനുസ്മൃതിയില്‍ അടിസ്ഥാനപ്പെടുത്തിയ ഭരണ ഘടനയാണ് ഇന്‍ഡ്യക്കാവശ്യം എന്നും ആര്‍.എസ്.എസ്. പറഞ്ഞിരുന്നു. ഇപ്പോള്‍
ഭാരതത്തിലെ ജനങ്ങളെ മതത്തിന്റെ  അടിസ്ഥാനത്തില്‍ വിഭജിച്ച് ഭരിച്ച് കടുത്ത ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് മോഡിയെന്നും കാരാട്ട് പറഞ്ഞു.   കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ വാഗ്ദാനങ്ങള്‍  ഒന്നും നടപ്പിലാക്കാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത മോഡി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണ് ചെയ്തത്. നോട്ടുനിരോധനം  മൂലം സംഘടിത അസംഘടിത തൊഴില്‍ മേഖലകളെല്ലാം താറുമാറായി .കാര്‍ഷിക മേഖലയുടെ തകര്‍ച്ച മൂലം  28,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. എല്ലാ അര്‍ത്ഥത്തിലും മോഡിയുടെ ഭരണം സമ്പൂര്‍ണ്ണപരാജയം ആണെന്നും,  മോദി സര്‍ക്കാരരിനെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ ഇടതുപക്ഷം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന ജോയിസ് ജോര്‍ജിനെ മഹാഭൂരിപക്ഷത്തില്‍ ഇടുക്കിയിലെ ജനങ്ങള്‍  വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കട്ടപ്പന മുനിസിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍  ഡി.വൈ.എഫ് ഐ.സംസ്ഥാന പ്രസിഡന്റ് എസ.് സതീഷ് അദ്ധ്യക്ഷനായിരുന്നു.  സി.പി.ഐ. ജില്ലാകമ്മറ്റി അംഗവും എ.ഐ.വൈ.എഫ്് ജില്ലാ സെക്രട്ടറിയുമായ  അഡ്വ.വി.എസ് അഭിലാഷ് സ്വാഗതം ആശംസിച്ചു. വൈദ്യുതി വകുപ്പുമന്ത്രി  സ.എം.എം.മണി മുഖ്യ പ്രഭാഷണം നടത്തി സി.പി.ഐ.(എം.)ജില്ലാ സെക്രട്ടറി  കെ.കെ.ജയചന്ദ്രന്‍,സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം മാത്യു വറുഗീസ്, സി.പി.ഐ(എം.) കട്ടപ്പന ഏരിയാ കമ്മറ്റി സെക്രട്ടി വി.ആര്‍ സജി, സി,പി.ഐ  കട്ടപ്പന മണ്ഡലം കമ്മറ്റി സെക്രട്ടറി വി.ആര്‍ ശശി ,ഗോപി കോട്ടമുറി ,സി.വി. വറുഗീസ്, സി.എസ് അജേഷ്,പ്രിന്‍സ് മാത്യു ,റ്റിജി എം.രാജു,
തുടങ്ങിയവര്‍ പങ്കെടുത്തു.