സുരേന്ദ്രൻ കുത്തനൂർ

തൃശൂർ:

June 08, 2020, 9:45 pm

ബിജെപി ‑സംഘപരിവാർ നേതാക്കളുടെ മലക്കം മറിച്ചിൽ

ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര മന്ത്രിയടക്കം രംഗത്ത്
Janayugom Online

കേന്ദ്ര സർക്കാർ മാർഗനിർദ്ദേശമനുസരിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ ബിജെപിയുടെയും സംഘപരിവാറിന്റെയും മലക്കം മറിച്ചിൽ. വിവിധ മതനേതാക്കളുടെ യോഗം വിളിച്ച്ചർച്ചചെയ്ത ശേഷമായിരുന്നു സർക്കാർ തീരുമാനമുണ്ടായത്. ഇതോടെ ഒറ്റപ്പെടുന്നുവെന്ന് വന്ന കേന്ദ്രമന്ത്രിയടക്കമുള്ള ബിജെപി-സംഘപരിവാർ നേതാക്കൾ ശബരിമല പോലെ ഇത് മറ്റൊരു സുവർണാവസരമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാറിനെതിരെ ഇളക്കിവിടാനുള്ള പ്രസ്താവനകളുമായിരംഗപ്രവേശം ചെയ്തിക്കുകയാണ്. ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം ദുരൂഹമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറയുന്നു. ഒരാഴ്ച മുമ്പ് ക്ഷേത്രങ്ങൾ തുറക്കണമെന്ന് പ്രസ്താവനയിറക്കിയ അതേ കേന്ദ്രമന്ത്രിയാണ് ഇപ്പോൾ തന്റെ വാക്കുകളെ അപ്പാടെ വിഴുങ്ങിയത്. ക്ഷേത്രങ്ങൾ തുറക്കുന്നതിന്റെ പിന്നിൽ ദുരൂഹതയുണ്ടെന്ന പ്രസ്താവനയുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനും ഇപ്പോൾ രംഗത്തുണ്ട്.

ക്ഷേത്രങ്ങൾ തുറക്കാൻ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ദൈവ വിശ്വാസമില്ലാത്ത സർക്കാർ, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു വി മുരളീധരന്റെ വിമർശനം. സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണമെന്നും കള്ളുകുടിയന്മാരോട് കാണിക്കുന്ന ദയ, ദൈവ വിശ്വാസികളോടും കാണിക്കണമെന്നും മെയ് 28 നായിരുന്നു വി മുരളീധരൻ ആവശ്യപ്പെട്ടത്.

ബെവ്ക്യു മാതൃകയിൽ ആരാധനാലയങ്ങളിൽ വേണമെങ്കിൽ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്താമെന്നും നാലാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ രജിസ്റ്റർ ചെയ്ത് അനുമതി വാങ്ങി സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരാധനാലയങ്ങൾ തുറക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേന്ദ്ര നിർദ്ദേശപ്രകാരമാണ് സംസ്ഥാന തീരുമാനമെങ്കിലും വിശ്വാസികളെ താറടിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമമെന്നാണ് ഇപ്പോൾ മുരളീധരൻ വിമർശിക്കുന്നത്. ഇതിന്റെ അർത്ഥം പോലും മനസിലാകാത്ത അവസ്ഥയിലാണ് അദ്ദേഹത്തിന്റെ അണികൾ. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ ജാഗ്രതയില്ലായ്മയും അമിത ആത്മവിശ്വാസവുമാണ് ഇടുക്കിയും കോട്ടയവും ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് പോകാൻ കാരണമെന്ന് ഫെയസ്ബുക്കിലൂടെ കുറിച്ച് കേരളത്തെ അപഹസിച്ച നേതാവാണ് കേന്ദ്രമന്ത്രി വി മുരളീധരൻ.

ആരാധനാലയങ്ങൾ തുറക്കാമെന്ന കേന്ദ്ര നിർദ്ദേശം വന്നതിന് ശേഷം മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാനെടുത്ത തീരുമാനം പുറത്തുവന്ന് രണ്ടുദിവസം മിണ്ടാതിരുന്ന ഹിന്ദു ഐക്യവേദി ഇപ്പോൾ രംഗത്തെത്തിയത് ദുരൂഹമാണ്. ഇതേ സംഘടനയുടെ സംസ്ഥാന അധ്യക്ഷ കെ പി ശശികല തന്നെയാണ് മാർച്ച് മാസത്തിൽ ഉത്സവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ അത് ഹിന്ദു ക്ഷേത്രങ്ങളെ തകർക്കാനാണെന്ന് പ്രസ്താവനയിറക്കിയത്. തൊട്ടടുത്ത ദിവസം കേന്ദ്രസർക്കാർ ആരാധനാലയങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ചതോടെ ഇവർ വായടയ്ക്കുകയായിരുന്നു.

ക്ഷേത്രങ്ങളിൽ വിവാഹം പോലുള്ള ചടങ്ങുകൾക്ക് അനുമതി നൽകിയപ്പോഴും സംഘപരിവാർ സംഘങ്ങളോ ബിജെപി നേതാക്കളോ എതിർപ്പ് പ്രകടിപ്പിച്ചില്ല. ഗുരുവായൂരിൽ ജൂൺ നാല് മുതൽ വിവാഹം അനുവദിച്ചു കൊണ്ട് സർക്കാർ അനുമതി നൽകിയപ്പോഴും, ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച് യോഗത്തിലും എതിർപ്പ് പ്രകടിപ്പിക്കാത്ത ബിജെപി-സംഘപരിവാർ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട് വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കി കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മികവിനെ താറടിക്കാൻ മാത്രമാണെന്ന് വ്യക്തം.

എന്നാൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. വിശ്വാസിസമൂഹത്തിന്റെ വലിയൊരു ആവശ്യമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ആരാധനാലയങ്ങൾ തുറക്കാൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒരുക്കവും തുടങ്ങി. ഗുരുവായൂർ ക്ഷേത്രവും പരിസരവും അഗ്നിശമനസേന അണുവിമുക്തമാക്കി. ഇന്ന് രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്ഷേത്രത്തിൽ ദർശനം അനുവദിക്കുക. ഓൺലൈനായി ബുക്ക് ചെയ്തവർക്കാണ് പ്രവേശനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ഷേത്ര ദർശനമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.

ENGLISH SUMMARY: bjp sang­ha­pari­var about wor­ship opening

YOU MAY ALSO LIKE THIS VIDEO