February 5, 2023 Sunday

കൊല്ലപ്പെട്ടത് ബിജെപി പ്രവർത്തകരല്ലെന്ന് കുടുംബങ്ങൾ; കുൽഗാം ഏറ്റുമുട്ടലിൽ ദൂരൂഹത

Janayugom Webdesk
ശ്രീനഗർ
October 31, 2020 2:56 pm

ജമ്മു കശ്മീരിലെ കുൽഗാമിൽ കൊല്ലപ്പെട്ടത് ബിജെപി പ്രവർത്തകരാണെന്ന അവകാശവാദം തള്ളി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ. ബിജെപി നേതാക്കളാണ് കൊല്ലപ്പെട്ടതെന്നും ആക്രമണത്തിന് പിന്നിൽ ലഷ്കർ ഇ തയ്ബയാണെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു.കാസിഗുണ്ടിലെ വൈ കെ പോറ ഗ്രാമത്തിലെ ഈദ്‌ഗയിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. ഫിദ ഹുസൈന്‍ യാതൂ, ഉമര്‍ റാഷിദ് ബെയ്ഗ്, ഉമര്‍ റംസാന്‍ ഹജം എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരും കാറിൽ യാത്ര ചെയ്യുന്നതിനിടെ ഭീകരർ എത്തി തുടര്‍ച്ചയായി വെടിയുതിർക്കുകയായിരുന്നു എന്നാൽ പൊലീസ് ഭാഷ്യം. ലഷ്കർ ഇ തയ്ബയുടെ പോഷക സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും കശ്മീർ റേഞ്ച് ഐജിപി വിജയ് കുമാർ പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ ഫിദ ഹുസൈന്‍ യാതൂ ബിജെപിയുടെ ഭാരവാഹിയാണെന്ന പൊലീസ് വാദം കുടുംബം നിഷേധിച്ചു. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഫിദ ഹുസൈൻ താൽക്കാലികമായി കാറുകൾ വാങ്ങി മറിച്ചുവിൽക്കുന്ന ജോലി ചെയ്തുവരുകയായിരുന്നു. നേരത്തെ തീവ്രവാദ സംഘടനയുമായി ബന്ധം ആരോപിച്ച് ഫിദ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. പിന്നീട് ഇയാളെ ജയിൽ മോചിതനാക്കുകയും ചെയ്തു.

24 കാരനായ ഉമര്‍ റംസാനും ബിജെപി പ്രവർത്തകനായിരുന്നില്ലെന്ന് കുടുംബം പറയുന്നു. കുൽഗാമിലെ കോളജിൽ ബിരുദവിദ്യാർഥിയായിരുന്ന ഉമർ റംസാൻ ചെലവുകൾക്ക് സ്വന്തം പണം കണ്ടെത്തുന്നതിന് ട്രക്ക് ഓടിക്കുന്നതിനും പോകുമായിരുന്നുവെന്ന് ബന്ധുവായ മൊഹ്സിൻ അഹമ്മദ് പറഞ്ഞു. തമിഴ്നാട്ടിലേക്ക് ട്രക്കുമായി പോയ ഉമർ ഒരുമാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് കശ്മീരിൽ തിരിച്ചെത്തിയത്. സുഹൃത്തുകളെ കാണാൻ പോകുന്നതായി പറഞ്ഞാണ് ഉമർ വീട്ടിൽ നിന്നും ഇറങ്ങിയത്. ഉമറിന് ബിജെപിയുമായോ മറ്റ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ ബന്ധമുള്ളതായി അറിയില്ലെന്നും മൊഹ്സിൻ അഹമ്മദ് പറഞ്ഞു.

കൊല്ലപ്പെട്ട മൂന്നാമത്തെയാളായ ഹാറൂൺ റഷീദ് ബെയ്ഗിന്റെയും കുടുംബം ബിജെപിയുടെ അവകാശവാദം നിഷേധിച്ചു. 22 കാരനായ ഹാറൂണിന്റെ 300 ഓളം സുഹൃത്തുക്കളിൽ ഒരാൾക്കുപോലും ബിജെപി ബന്ധത്തെക്കുറിച്ച് അറിവില്ല. പോളിടെക്നിക് പഠനം പൂർത്തിയാക്കിയ ഹാറൂൺ അടുത്തിടെ വർക്ക്ഷോപ്പ് ആരംഭിച്ചിരുന്നു. അതിന്റെ തിരക്കുകളിലായിരുന്ന ഹാറൂൺ എന്നും കുടുംബം പറയുന്നു.

ഹാറൂണിന്റെ ഉടമസ്ഥതയിലുള്ള കാറിനുനേരെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ ആക്രമണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ ഈ കാർ കണ്ടെത്തിയിട്ടില്ല. ബിജെപി നേതാക്കൾ ഹാറൂണിന്റെ വീട് സന്ദർശിക്കാനെത്തിയിരുന്നു. എന്നാൽ കുടുംബം ഇതിന് അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു.

Eng­lish summary:

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.