നോട്ടുനിരോധനം; ബിജെപി വന്‍ അഴിമതി നടത്തി: കപില്‍ സിബല്‍

Web Desk
Posted on March 26, 2019, 11:04 pm

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന്റെ മറവില്‍ ബിജെപി വന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ബിജെപി നേതാക്കള്‍ നോട്ടു മാറ്റി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടിയാണ് കപില്‍ സിബല്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയതിക്കുശേഷമാണ് ബിജെപി വലിയ തോതില്‍ ഇടപെടല്‍ നടത്തിയത്. അഞ്ചു കോടിയുടെ നിരോധിത നോട്ടുകള്‍ ബിജെപി നേതാവ് മാറ്റി നല്‍കുന്ന ദൃശ്യങ്ങളാണ് കപില്‍ സിബല്‍ പുറത്തുവിട്ടത്. അമിത് ഷാ സംരക്ഷിക്കുമെന്ന് ബിജെപി നേതാവ് ഇടപാടുകാരന് ഉറപ്പു നല്‍കുന്നതും വീഡിയോയില്‍ കാണാം.
ടിഎന്‍എന്‍ വേള്‍ഡ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട ‘സുനാമി ഓഫ് സ്റ്റിങ്‌സ് മോഡി ബിജെപി അണ്‍മാസ്‌ക്ഡ് പാര്‍ട്ട് വണ്‍’ എന്ന വീഡിയോയുടെ ഒരു ഭാഗമാണ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്.
നോട്ടുനിരോധനത്തിനു മാസങ്ങള്‍ക്കുശേഷം അഹമ്മദാബാദില്‍ വച്ച് 40 ശതമാനം കമ്മിഷന്‍ വാങ്ങിയാണ് ബിജെപി നേതാക്കള്‍ പഴയ നോട്ടുകള്‍ മാറ്റി നല്‍കിയത്.
നോട്ടുനിരോധനത്തിലൂടെ മോഡി സര്‍ക്കാര്‍ പാവപ്പെട്ടവരെ കൊളളയടിക്കുകയാണ് ചെയ്തതെന്ന് വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബല്‍ പറഞ്ഞു. ബിജെപി മാത്രമാണ് നോട്ടുനിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത്. സാധാരണക്കാരന്റെ പോക്കറ്റിലെ പൈസ പാര്‍ട്ടി തട്ടിയെടുക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.