Web Desk

ന്യൂഡൽഹി

July 21, 2021, 8:41 pm

പെഗാസസ് അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് വരുത്തിതീര്‍ക്കാന്‍ ബിജെപി ശ്രമം

Janayugom Online

പ്രതിപക്ഷത്തിനെ കടന്നാക്രമിച്ച് പെഗാസസ് വിവാദം വഴിതിരിച്ചുവിടാൻ മോഡി സർക്കാർ ശ്രമം. ബിജെപി നേതാക്കളെ മുന്‍നിര്‍ത്തി പെഗാസസ് ചാരസോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് വരുത്തിതീർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മുഖ്യമന്ത്രിമാരായ ആദിത്യനാഥ്, മനോഹർ ലാൽ ഖട്ടർ, ശിവരാജ് സിങ് ചൗഹാൻ, ഹിമന്ത ബിശ്വ ശർമ, വിജയ് രൂപാണി, ജയ് റാം ഠാക്കൂർ, പുഷ്കർ സിങ് ധാമി അടക്കമുള്ളവരാണ് പെഗാസസ് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രസ്താവിച്ച് രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാന ബിജെപി പ്രസിഡന്റുമാരും ഇതേ അവകാശവാദങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഇവരിലാരും കേന്ദ്ര സർക്കാർ എൻഎസ്ഒ ഗ്രൂപ്പിന് പണം നൽകിയെന്നും പെഗാസസ് ചാരസോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ചുവെന്നുമുള്ള ആരോപണം പൂർണമായി നിഷേധിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതിനായി ഫോണ്‍ചോർത്തലുമായി ബന്ധപ്പെട്ട വിവാദ റിപ്പോർട്ട് പുറത്തുവിട്ട മാധ്യമ സ്ഥാപനങ്ങൾ നടത്തിയ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ബിജെപി നേതാക്കന്മാരുടെ അവകാശവാദം.
രാജ്യം വലിയൊരു മഹാമാരിക്കെതിരെ പൊരുതുമ്പോൾ കോൺഗ്രസ് വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി അദിത്യനാഥിന്റെ പ്രതികരണം. പ്രതിപക്ഷം അറിഞ്ഞോ അറിയാതെയോ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായെന്നും ആദിത്യനാഥ് പ്രതികരിച്ചു.

ആംനെസ്റ്റി ഇന്റർനാഷണലിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം. ഇന്ത്യയിൽ ഇടതുപക്ഷ ഭീകരവാദം സജീവമാക്കി ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനാണ് ആംനെസ്റ്റിയുടെ ശ്രമം. സംഘടനയുടെ വിശ്വാസ്യതയെ കുറിച്ച് എല്ലാവർക്കും അറിയാമെന്നും ശർമ പറഞ്ഞു.
കേന്ദ്ര സർക്കാർ നിരന്തരം വേട്ടയാടിയതിനെ തുടർന്ന് ആംനെസ്റ്റി മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന് ദേശവിരുദ്ധ മനോഭാവമാണ് ഉള്ളതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിച്ചപ്പോൾ പെഗാസസിനു പിന്നിലുള്ളത് ദേശവിരുദ്ധരും കോൺഗ്രസുമാണെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞത്.
ജനങ്ങളെ നിരീക്ഷിക്കുന്ന സ്വഭാവം കോൺഗ്രസിനാണെന്നും ബിജെപിക്കല്ലെന്നുമായിരുന്നു മധ്യപ്രദേശ്, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാരുടെ വിശദീകരണം.

Eng­lish sum­ma­ry; bjp-seeks-to-make-pegasus-an-international-conspiracy

You may also like this video;