കെ കെ ജയേഷ്
ശോഭാ സുരേന്ദ്രനും പി എം വേലായുധനും പിന്നാലെ അസംതൃപ്തരായ കൂടുതൽ നേതാക്കൾ ബി ജെ പി നേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെ വരും ദിവസങ്ങളിൽ പരസ്യമായി രംഗത്തുവരുമെന്നുറപ്പായി. പാലക്കാട് മലമ്പുഴയിൽ ഒരു വീട്ടിൽ രഹസ്യമായി ചേർന്ന യോഗത്തിന് ശേഷമാണ് പരസ്യപ്രതികരണവുമായി നേതാക്കൾ രംഗത്തുവന്നത്. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പുറമെ സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാർ, ദേശീയ കൗൺസിൽ അംഗങ്ങളായ പി എം വേലായുധൻ, കെ പി ശ്രീശൻ, മധ്യമേഖലാ പ്രസിഡന്റ് എ കെ നസീർ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. തൃശ്ശൂരിൽ നടന്ന ആദ്യ ചർച്ചയ്ക്ക് ശേഷം പാലക്കാട് ചേർന്ന രണ്ടാമത്തെ യോഗത്തിൽ പാർട്ടി വിടണമെന്ന അഭിപ്രായമാണ് ഇവരിൽ പലരും ഉയർത്തിയതെന്നാണ് അറിയുന്നത്.
പാർട്ടിയിൽ പ്രത്യക്ഷത്തിലുള്ള രണ്ടു ഗ്രൂപ്പുകൾക്ക് പുറമെയാണ് പുതുതായി ഇത്തരമൊരു ഗ്രൂപ്പും രൂപമെടുത്തിട്ടുള്ളത്. ഈ യോഗശേഷമാണ് സുരേന്ദ്രനെതിരെ ആഞ്ഞടിച്ചുകൊണ്ട് ശോഭാ സുരേന്ദ്രനും പിന്നാലെ പി എം വേലായുധനും രംഗത്തെത്തിയത്. ശോഭാ സുരേന്ദ്രനെ ബി ജെ പി സംസ്ഥാന നേതൃത്വം തഴയുന്നുവെന്നാരോപിച്ച് ഇവരെ അനുകൂലിക്കുന്ന ചില നേതാക്കൾ കഴിഞ്ഞ ദിവസം പാർട്ടി വിട്ട് സി പി എമ്മിൽ ചേരുകയും ചെയ്തിട്ടുണ്ട്.
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും ചേർന്നാണ് ശോഭാ സുരേന്ദ്രനെ സംസ്ഥാന രാഷ്ട്രീയത്തിൽ തീർത്തും അപ്രസക്തയാക്കിയതെന്നാണ് ഇവരുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് പരാതിയും നൽകിയിട്ടുണ്ട്.
പി എം വേലായുധനാവട്ടെ വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് പറഞ്ഞ് സുരേന്ദ്രൻ കബളിപ്പിച്ചുവെന്ന പരാതിയാണ് പരസ്യമായി ഉയർത്തിയത്. ഇതേ പരാതിയാണ് കെ പി ശ്രീശനുമുള്ളത്. പരാജയമാണെന്ന് പറഞ്ഞ് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതാണ് ജെ ആർ പത്മകുമാറിനെ പ്രകോപിപ്പിച്ചത്. നിരന്തരം ചർച്ചകളിൽ പങ്കെടുത്തിരുന്ന ഇദ്ദേഹത്തോട് ഇനി മുതൽ പങ്കെടുക്കരുതെന്ന് നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.
ഇതേ സമയം ഇത്രയും കാലം മൗനം പാലിച്ചു നിന്ന ശോഭാ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പരസ്യ പ്രതികരണവുമായി രംഗത്തുവരുന്നത് മറ്റെന്തോ ലക്ഷ്യം വെച്ചാണെന്ന് സുരേന്ദ്രൻ അനുകൂലികൾ പറയുന്നു. ശോഭാ സുരേന്ദ്രന്റെ ഇടപെടലുകളിൽ കേന്ദ്ര നേതൃത്വത്തിന് താത്പര്യമില്ലെന്നും അതുകൊണ്ട് തന്നെ ശോഭയുടെ പരാതിയിൽ അവർ ഇടപെടില്ലെന്നും അവർ വിശ്വസിക്കുന്നു. ബി ജെ പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായ ബി എൽ സന്തോഷിനെ ഉൾപ്പെടെ തള്ളിപ്പറഞ്ഞ ശോഭാ സുരേന്ദ്രനെ അംഗീകരിക്കാൻ കേന്ദ്ര നേതൃത്വത്തിന് സാധിക്കില്ല. നിലിവിൽ ആർ എസ് എസ് മാത്രമാണ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് തന്നെ കെ സുരേന്ദ്രൻ ഇപ്പോഴും ശോഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്നില്ല. ചാനൽ ചർച്ചകളിൽ ബി ജെ പിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ഭൂരിഭാഗം നേതാക്കളും സുരേന്ദ്രനെ അനുകൂലിക്കുന്നവരല്ല. അവരുടെ കഴിവ് മനസ്സിലാക്കിയാണ് അവർക്കെല്ലാം അവസരം നൽകുന്നത്. എന്നാൽ ചർച്ചകളിൽ ശോഭിക്കാത്ത സാഹചര്യത്തിലാണ് ജെ ആർ പത്മകുമാറിനെ ചർച്ചകളിൽ നിന്ന് വിലക്കിയതെന്നാണ് സുരേന്ദ്രൻ അനുകൂലികളുടെ വാദം.
തന്നെയും കെ പി ശ്രീശനെയും സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് നിലനിർത്താമെന്ന വാക്ക് സുരേന്ദ്രൻ പാലിച്ചില്ലെന്നായിരുന്നു പി എം വേലായുധൻ പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നിലവിൽ ദേശീയ നിർവ്വാഹക സമിതി അംഗമാണ്. ഇതിൽ കൂടുതൽ ഈ പ്രായത്തിൽ ഇനിയെന്ത് സ്ഥാനം നൽകാനാണെന്ന ചോദ്യമാണ് സുരേന്ദ്രനെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്. താൻ അധ്യക്ഷ സ്ഥാനത്തെത്തിയാൽ ആർക്കെങ്കിലും സ്ഥാനം നൽകുമെന്ന് പറയാൻ ഒരു നേതാവിനും കഴിയില്ല. ഇത്രയും കാലം സ്ഥാനത്തിരുന്നിട്ടും പാർട്ടിയുടെ വളർച്ചയ്ക് വേണ്ടി എന്ത് സംഭാവന നൽകാൻ കഴിഞ്ഞുവെന്ന് ഇവർ ആലോചിക്കണമെന്ന വാദവും സുരേന്ദ്രൻ അനുകൂലികൾ ഉയർത്തുന്നുണ്ട്.
ശോഭാ സുരേന്ദ്രന്റെ നീക്കങ്ങളിൽ പി കെ കൃഷ്ണദാസ് പക്ഷം സന്തോഷിക്കുന്നുണ്ടെങ്കിലും പാർട്ടി വിടാനുള്ള തീരുമാനമെടുത്താൽ അവർക്കും അംഗീകരിക്കാൻ കഴിയില്ലെന്ന വിശ്വാസം സുരേന്ദ്രൻ പക്ഷത്തിനുണ്ട്. നിലവിൽ ശോഭാ സുരേന്ദ്രനെയോ വേലായുധനെയോ പരസ്യമായി പിന്തുണയ്ക്കാൻ ഇവർ തയ്യാറായിട്ടുമില്ല. പദവികളിൽ നിന്നു തഴഞ്ഞുവെന്ന പേരിൽ മാത്രം പാർട്ടിക്കെതിരെ കലാപം ഉയർത്തുന്നതിനോട് വിയോജിപ്പുള്ളവർ ആർ എസ് എസ് നേതൃത്വത്തിലും ഉണ്ട്. സംസ്ഥാന പ്രസിഡന്റിനെ വാർത്താസമ്മേളനം വിളിച്ചു തള്ളിപ്പറഞ്ഞ വേലായുധനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ. ആർക്കെതിരെയും നടപടിയെടുക്കാനില്ലെന്നും അവർ സ്വമേധയാ പുറത്തുപോയ്ക്കോട്ടെ എന്നുമുള്ള നിലപാടിലാണ് അദ്ദേഹം. നേതൃത്വത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ഇനി അധിക നാൾ ഈ പാർട്ടിയിൽ തുടരാൻ കഴിയില്ലെന്ന ശോഭാ സുരേന്ദ്രനും വേലായുധനും അറിയാം. അതുകൊണ്ട് തന്നെ ആർ എസ് എസ് മധ്യസ്ഥ ശ്രമം വിജയിച്ചില്ലെങ്കിൽ ഇവരും ഇവരെ അനുകൂലിക്കുന്നവരും പാർട്ടി വിടാൻ തന്നെയാണ് സാധ്യത. നേതാക്കളുടെ ഇത്തരമൊരു നീക്കം പാർട്ടി പ്രവർത്തകർ തള്ളിപ്പറയുമെന്നാണ് സുരേന്ദ്രൻ വിശ്വസിക്കുന്നത്. എന്നാൽ ഇത്രയധികം നേതാക്കൾ ആരോപണങ്ങൾ ഉന്നയിച്ച് ഒരുമിച്ച് പാർട്ടിവിട്ടാൽ തന്റെ സ്ഥാനം നിലനിർത്തൽ സുരേന്ദ്രന് എളുപ്പമാകില്ല എന്നതാണ് യാഥാർത്ഥ്യം.
ENGLISH SUMMARY: bjp sobha surendran updates
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.