Web Desk

മലപ്പുറം:

November 01, 2020, 10:46 pm

ശോഭക്കൊപ്പം എ എന്‍ രാധാകൃഷ്ണനും പത്മകുമാറും; ബിജെപിയില്‍ ഗ്രൂപ്പ് യുദ്ധം മുറുകുന്നു

Janayugom Online

കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും ചേര്‍ന്ന് പാര്‍ട്ടിയില്‍ തന്നെ ഇല്ലാതാക്കാന്‍ നോക്കുകയാണെന്ന് ദേശീയ നേതാക്കളെ ധരിപ്പിച്ച് ശോഭാ സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വവുമായി തുറന്ന ഏറ്റുമുട്ടലിൽ. കഴിഞ്ഞ ദിവസം വാളയാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ സുരേന്ദ്രനെതിരെ ശോഭ ആഞ്ഞടിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് ഒട്ടേറെ പേര്‍ അകന്നു കൊണ്ടിരിക്കയാണെന്നും നിരവധി പേര്‍ പാര്‍ട്ടി വിടുകയാണെന്നും ദേശീയ നേതാക്കളെ ശോഭ അറിയിച്ചതായാണ് സൂചന. പാലക്കാട് നിന്നടക്കം വനിതാ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടകാര്യം സൂചിപ്പിച്ചുകൊണ്ട് താനും കടുത്ത തീരുമാനത്തിലേക്കാണ് പോകുന്നതെന്ന് ശോഭ ചില നേതാക്കളോട് പറഞ്ഞതായാണ് വിവരം.

അതേസമയം സംസ്ഥാനത്തെ സമരങ്ങളില്‍ മഹിളാമോര്‍ച്ച വളരെ സജീവമാണെന്ന് പ്രചരിപ്പിച്ച് മുതിര്‍ന്ന വനിതാ നേതാവുകൂടിയായ ശോഭാ സുരേന്ദ്രന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തമാക്കാന്‍ സുരേന്ദ്രനും കൂട്ടരും ശ്രമം തുടരുകയാണ്. കേന്ദ്രമന്ത്രി വി മുരളീധരനും സുരേന്ദ്രനും കൂടെ കുറെ ഉപഗ്രഹങ്ങളും ചേര്‍ന്നാണ് ഇപ്പോൾ പാര്‍ട്ടി ഭരിക്കുന്നതെന്നും കാര്യമായ ജനപിന്തുണ ഇല്ലാത്ത ഇക്കൂട്ടര്‍ ദേശീയ നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്നും ശോഭക്കൊപ്പം നിലയുറപ്പിച്ചവര്‍ പറയുന്നു. നീണ്ട നാളത്തെ ഇടവേളക്കു ശേഷം വാളയാറില്‍ തനിക്കെതിരെയുള്ള അവഗണനക്കെതിരെ ശോഭ പരസ്യമായി രംഗത്തുവന്നതോടെ സംസ്ഥാന നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലായി. എ എന്‍ രാധാകൃഷ്ണന്‍, ജെ ആര്‍ പത്മകുമാര്‍ തുടങ്ങിയ നേതാക്കള്‍ ശോഭയുടെ പരാതി ഗൗരവമുള്ളതാകാമെന്ന് പ്രതികരിച്ചപ്പോള്‍ പരാതിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസിന്റെ പ്രതികരണം. ഒ രാജഗോപാലും എം ടി രമേശും അടക്കമുള്ള നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വത്തിന്റെ ശോഭാവിരുദ്ധ നീക്കത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന.

ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടിവ് അംഗമായ ശോഭയെ സംസ്ഥാന വൈസ് പ്രസിഡന്റായി അവരോട് ചോദിക്കാതെ ചുമതലപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പാര്‍ട്ടിയുടെ നാല് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ശോഭാ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷയാക്കുമെന്നെല്ലാം ശ്രുതിയുണ്ടായിരുന്നെങ്കിലും ഒടുവില്‍ കാര്യമായ ഒരു റോളുമില്ലാതെ സുരേന്ദ്രന് താഴെ വൈസ് പ്രസിഡന്റാക്കി ഒതുക്കുകയായിരുന്നു. പ്രസിഡന്റിനൊപ്പം തന്നെ സംഘടനയില്‍ നിര്‍ണ്ണായക റോളുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കൂടുതല്‍ ഉയരത്തിലേക്ക് മാറ്റുന്നതിനു പകരം ഒരുതരം തരം താഴ്ത്തലാണ് തനിക്കെതിരെയുണ്ടായതെന്ന് അന്നു തന്നെ ശോഭ അടുപ്പക്കാരോട് പരിഭവം പങ്കുവച്ചിരുന്നു. ദേശീയ തലത്തില്‍ ഭാരവാഹിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടുനാള്‍ മുമ്പ് പാര്‍ട്ടിയിലേക്കു വന്ന എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയപ്പോഴും ഒരു പദവിയും ശോഭയെ തേടി എത്തിയില്ലെന്നതാണ് പരസ്യമായി പ്രതികരിക്കാന്‍ അവരെ നിര്‍ബന്ധിതയാക്കിയത്. മന്ത്രി മുരളീധരന്‍ ഡല്‍ഹിയില്‍ നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ചില പ്രധാന പദവികളിലേക്ക് പരിഗണിച്ചിരുന്ന ശോഭയുടെ പേര് പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയതെന്ന് പറയുന്നു.

ENGLISH SUMMARY: BJP SOBHA SURENDRAN UPDATES

YOU MAY ALSO LIKE THIS VIDEO