ഗുരുവായൂരപ്പന്‍ ആളുപിശകാ, ചൊറിയുമ്പോള്‍ മോഡി അറിയും

Web Desk
Posted on June 09, 2019, 10:31 pm
devika

ള്ളം പറയാന്‍ കാലണയുടെ ചെലവില്ലെന്നായിരുന്നു ഇത്രകാലം നാമൊക്കെ പഠിച്ചുവച്ചിരുന്നത്. എല്ലില്ലാത്ത ഒരു നാക്കും ഉളുപ്പില്ലാത്ത ഒരു മനസും മാലോകര്‍ ‘നിഷ്പുല്ലുകള്‍’ എന്ന അമ്പത്താറിഞ്ച് നെഞ്ചളവുമുണ്ടെങ്കില്‍ എന്തു കള്ളവും പറയാമെന്ന ധാരണയും തെറ്റി. ഇതിനെല്ലാമൊപ്പം കള്ളം പറയുന്നതും അസത്യങ്ങളില്‍ ജനത്തെ മുക്കിക്കൊല്ലുന്നതും ഒത്തിരി ചെലവേറിയ ഏര്‍പ്പാടാണെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് നമുക്ക് പറഞ്ഞുതരുന്നു. കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ച് തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ മോഡിയും ബിജെപി പരിവാരങ്ങളും ചെലവാക്കിയത് 27,000 കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്ക്. ഒരു സ്ഥാനാര്‍ഥിക്കു പരമാവധി ചെലവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിട്ടുള്ളത് 70 ലക്ഷം രൂപ മാത്രം. പക്ഷേ മോഡിയുടേയും അമിത്ഷായുടേയും പോലുള്ള ബിജെപിയുടെ വിവിഐപി മണ്ഡലങ്ങളില്‍ ശരാശരി ചെലവായത് നൂറുകോടി രൂപയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

ഇതൊക്കെ പത്തു ചക്രം മുടക്കി പരത്തുന്ന കള്ളങ്ങള്‍. പക്ഷേ അമ്പലനടയില്‍ നിന്ന് ഗുരുവായൂരപ്പന് കള്ളങ്ങള്‍ കൊണ്ട് തുലാഭാരവും അഭിഷേകവും നടത്താന്‍ തന്നെപോലെ ഏതു പ്രധാനമന്ത്രി പുംഗവനുണ്ടെന്ന് ഗുരുപവനപുരിയില്‍ നിന്ന് മോഡി വെല്ലുവിളിച്ചിരിക്കുന്നു. കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതയില്‍ ഇനിയും കേരളം അംഗമാകാത്തത് കേരളീയരോടുള്ള വെല്ലുവിളിയെന്നായിരുന്നു മോഡി മൈക്കുവച്ച് വിളിച്ചുകൂവിയത്. എന്നാല്‍ സത്യമെന്തായിരുന്നു. കേരളം ഈ പദ്ധതിയില്‍ അംഗമാവുക മാത്രമല്ല ഇതിന്റെ ഭാഗമായി ആദ്യഗഡു കേന്ദ്രത്തില്‍ നിന്നു കൈപ്പറ്റുകയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി നിര്‍വഹിക്കുകയും ചെയ്തു. എന്നിട്ടും ഉച്ചഭാഷിണിയിലൂടെ പ്രധാനമന്ത്രി കള്ളങ്ങളുടെ പ്രസാദമൂട്ട് കണ്ണന്റെ തിരുനടയില്‍ നടത്തിയപ്പോള്‍ കേട്ട ജനത്തിന് കലശലായ ഒരു സന്ദേഹം. രണ്ടാം വരവില്‍ കാതില്‍ താമരപ്പൂവിനുപകരം ചെമ്പരത്തിപ്പൂ ചൂടിയാണോ ഈ കലാപരിപാടികളൊക്കെയെന്ന്. പിന്നെ മോഡിയോട് ഒരു കാര്യം പറഞ്ഞേക്കാം. വെണ്ണ കട്ടുതിന്നുന്ന കള്ളക്കണ്ണനെന്ന് ഞങ്ങള്‍ മലയാളികള്‍ ഗുരുവായൂരപ്പനെ വാത്സല്യപൂര്‍വം വിളിക്കും. പക്ഷേ ഞങ്ങളാരും ആ തിരുമുറ്റത്തുനിന്നുകൊണ്ട് അസത്യസ്‌തോത്രങ്ങള്‍ ചൊല്ലാറില്ല. പക്ഷേ മോഡി കാട്ടിയത് ഗുരുവായൂര്‍ കണ്ണനോടുളള അനാദരവ്. മാലദ്വീപും ശ്രീലങ്കയുമൊക്കെ സന്ദര്‍ശിച്ച് മോഡിയിങ്ങു മടങ്ങിവരട്ടെ. ഗുരുവായൂരപ്പന്‍ ഒരുക്കിയ അനര്‍ഥങ്ങളുടെ ഘോഷയാത്ര തന്നെ മോഡിയെ കാത്തിരിക്കുന്നുവെന്നാണ് കണ്ണന്റെ ഭക്തര്‍ പറയുന്നത്.

നിപ വൈറസ് ബാധ വീണ്ടുമൊരിക്കല്‍ കൂടി ഒളികണ്ണിട്ട് നോക്കിയതോടെ സമൂഹമാധ്യമങ്ങളിലെ ശിങ്കിടിമുങ്കന്മാര്‍ക്ക് ഇത് ചാകരക്കാലം. ‘ആരെയും ചുംബിക്കരുത്, ആരുടേയും കവിളില്‍ ചുംബിക്കരുത്’ എന്നൊക്കെയാണ് ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്നെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ മിന്നിമറഞ്ഞ ഒരു നിപ മോഡല്‍ ഉപദേശം. ആരെയെങ്കിലും കയറി ചുംബിക്കുകയോ കവിളില്‍ തലോടുകയോ ഒരു ‘ഫ്‌ളയിംഗ് കിസ്’ നല്‍കുകപോലും ചെയ്താല്‍ കരണക്കുറ്റിയില്‍ പൂക്കുറ്റി ചിതറുമെന്ന് അറിയാവുന്ന ഒരു അനുഭവസ്ഥനാകാം ആ പോസ്റ്റ് പോടിയത്! നിപയെക്കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ ഈയിടെ ഒരവതാരത്തെ കണ്ടു. മോഹനന്‍ വൈദ്യന്‍, രോഗം വന്നാല്‍ ചികിത്സിക്കാന്‍ മരുന്നുവേണ്ട. മരുന്നിനെക്കുറിച്ച് ഒരു ശാസ്ത്രത്തിലും പറഞ്ഞിട്ടില്ല എന്നൊക്കെ തട്ടിവിടുന്ന ഇത്തരം ജന്മങ്ങളെ ചാനലില്‍ പിടിച്ചിരുത്തുന്നവരുടെ പൊക്കിളിനിട്ടാണ് ഒരു ചാര്‍ത്തു ചാര്‍ത്തേണ്ടത്. നിപക്കാലം ചാകരക്കാലമാക്കിയ മുറിവൈദ്യന്മാരുടെ മനുഷ്യച്ചങ്ങല തന്നെയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍. വെച്ചൂര്‍ പശുവിന്റെ ചാണകം പെരുങ്കായത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ നിപ പമ്പ കടക്കുമെന്ന് ഒരു കൂട്ടര്‍. ഗോമൂത്രത്തില്‍ നെല്ലിക്ക അരച്ച് ഉച്ചിയില്‍ തളം വയ്ക്കുന്നതാണ് പ്രതിരോധമരുന്നെന്ന് വേറൊരു കൂട്ടര്‍. പ്രബുദ്ധ കേരളം ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ സമൂഹമാധ്യമങ്ങളിലെ ഈ മോഹനന്‍ വൈദ്യന്മാരെ തളയ്ക്കാന്‍ ആയിരക്കണക്കിന് ആമങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തണമെന്ന് മന്ത്രി ശൈലജയോട് അപേക്ഷ!

വൈദ്യന്മാക്കു പിന്നാലെ ജ്യോത്സ്യന്മാരുടെ ഉദയവും കണ്ടു തുടങ്ങി. ബിജെപിക്ക് ജനറല്‍ സെക്രട്ടറിയാകാന്‍ ആര്‍എസ്എസ് വാടകയ്ക്കു നല്‍കിയ രാം മാധവ് ആണ് അഭിനവ ജ്യോതിഷരത്‌നം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മേല്‍പ്പടിയാന്‍ ഒരു പ്രവചനം നടത്തി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന്. പ്രവചനം പാളിയപ്പോള്‍ മാധവിനു മിണ്ടാട്ടമില്ല. ആരും കയ്യോടെ പിടികൂടിയില്ലെന്നായപ്പോള്‍ ആര്‍എസ്എസിന്റെ കവടി നിരത്തി മാധവന്‍ കുട്ടി വീണ്ടും ഇരുന്നുകൊണ്ട് പ്രവേശിക്കുന്നു. 2047 വരെ ബിജെപി ഇന്ത്യ ഭരിക്കുമെന്നാണ് പുത്തന്‍ പ്രവചനം. അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. കര്‍ണാടകയിലെ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ ബിജെപി മണ്ണു കപ്പിയിരിക്കുന്നുവെന്നാണ് വാര്‍ത്ത. മത്സരിച്ച മിക്കസ്ഥലത്തും സംഘികളുടെ കെട്ടിവച്ച തുക സര്‍ക്കാരിന് മുതല്‍കൂട്ടായി. രാം മാധവിന്റെ പ്രവചനചാരുത വെല്‍വൂതാക.

ബിജെപിയുടെ ഭരണഘടനയില്‍ ഒരധ്യായം കൂടി എഴുതിച്ചേര്‍ക്കാന്‍ പോകുന്നു. മാനഭംഗവീരന്മാര്‍ക്കെല്ലാം ഭാരതരത്‌നം, കൊലപാതകികള്‍ക്ക് അതിവിശിഷ്ടസേവാ മെഡല്‍! കാര്യങ്ങളുടെ പോക്കു കണ്ടിട്ട് ഈ മഹത്തായ ഭരണഘടനാ ഭേദഗതിക്ക് ഇനി അധികനാള്‍ വേണ്ടിവരില്ല. ബിജെപിയുടെ ഉരത്ത ഫാസിസ്റ്റ് എംപിയായ സാക്ഷി മഹാരാജ് മിനിഞ്ഞാന്ന് യുപിയിലെ ജയിലിലെത്തി. ജയിലിലെ തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് അറിയാനൊന്നുമല്ലായിരുന്നു ജയില്‍ സന്ദര്‍ശനം. നേരേപോയത് ഒരു ബിജെപി എംഎല്‍എയുടെ സെല്ലില്‍. പുള്ളിയാണെങ്കില്‍ ഒരു ചെറുപെണ്ണിനെ മാനഭംഗം ചെയ്ത കേസിലെ പ്രതി. ഇരയായ പെണ്‍കുട്ടി മരണാസന്നയായി ആശുപത്രിയില്‍. എംഎല്‍എയെ കണ്ടയുടന്‍ എംപി സാക്ഷി മഹാരാജ് തടവുപുള്ളികളെ സാക്ഷിയാക്കി പറഞ്ഞു. ‘ബലേഭേഷ് ഭായി. ആശീര്‍വാദ്, ഗാന്ധി ബോല്‍ദിയ, കരേംഗേ യാ മരേംഗേ’! (സബാഷ് പൊന്നനിയാ; സര്‍വമംഗളാശംസകളും അനിയാ, ഗാന്ധിമൂപ്പീല്‍ പണ്ട് പറഞ്ഞിട്ടുണ്ട്; പണിയെടുക്കൂ അല്ലെങ്കില്‍ പോയി ചത്തുതുലയൂ എന്ന്. എംഎല്‍എയ്ക്ക് ആവേശമായി, മാനഭംഗത്തിനനുകൂലമായ സാക്ഷിയുടെ സാക്ഷി പറച്ചിലില്‍.

ങ്ങനെ വയനാടന്‍ തമ്പാന്‍ രാഹുല്‍ ഗാന്ധി പിന്നെയും വയനാട്ടിലെത്തി. അമേഠിയിലെ ആപത്തുകാലത്തുതന്നെ കൈപിടിച്ചു കയറ്റിയ വയനാട്ടുകാര്‍ക്ക് നന്ദി പറയാന്‍. വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന പഞ്ചവടിപ്പാലമാണ് താനെന്നു പറഞ്ഞ് വയനാട്ടില്‍ എത്തിയ രാഹുല്‍ ഇപ്പോഴിതാ മാറ്റിപ്പറയുന്നു; താന്‍ ഇന്ത്യയുടെയാകെ എംപിയാണെന്ന്. സിമന്റും കമ്പിയുമില്ലാതെ നിര്‍മിച്ച പഞ്ചവടിപ്പാലം പോലെയായി രാഹുലിന്റെ പുതിയ വെളിപാട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ വന്നതിനുശേഷം പിന്നെ ഇന്ത്യയൊട്ടാകെ പാറിപ്പറന്നു നടന്ന് കോണ്‍ഗ്രസിനെ കുളിപ്പിച്ചു കിടത്തിയശേഷം രണ്ടാം വരവും കഴിഞ്ഞു. അടുത്ത വരവിനു മുമ്പ് വയനാടിനെ കുളിപ്പിച്ചു കിടത്തി ത്രിവര്‍ണ പതാക മൂടുമോ! ‘താന്‍ ആണയിട്ടാല്‍’ അത് നടന്തുവിട്ടാല്‍ എന്നു ശപഥം ചെയ്യുന്ന രാഹുലിനെ വയനാട്ടുകാര്‍ക്ക് കട്ടായമായി വിശ്വസിക്കാം.