സുരേന്ദ്രന്‍ കുത്തനൂര്‍

തൃശൂര്‍

December 20, 2020, 10:30 pm

തദ്ദേശത്തിൽ ബിജെപി പൊടിച്ചത് 400 കോടി

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് പൊടിച്ചത് 400 കോടി. ഇരുന്നുറോളം പഞ്ചായത്തുകളും 3000 വാർഡുകളും ഇക്കുറി പിടിക്കുമെന്ന് ഉറപ്പു നൽകിയാണ് കേരളഘടകത്തിലെ നേതാക്കൾ ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്ന് ഭീമമായ തുക കൈപ്പറ്റിയത്. ഇതത്രയും തെരഞ്ഞെടുപ്പ് ചെലവിലേയ്ക്ക് തന്നെയാണോ പോയത് എന്നത് വരും ദിവസങ്ങളിൽ അറിയാനിരിക്കുന്നതേയുള്ളു. വാർഡുകളിലേക്ക് നല്കുന്നതിന് ലഭിച്ച തുക ലഭിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രവർത്തകന് മർദനമേറ്റ സംഭവം കോഴിക്കോടുണ്ടായിരുന്നു. ഇത് തുക യഥാർത്ഥത്തിൽ ചെലവഴിക്കപ്പെട്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്.

സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും കഴിഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പിന് തലേദിവസംവരെ നേതാക്കൾ വീരവാദം മുഴക്കുകയായിരുന്നു.
യുഡിഎഫിന്റെ കരുണയില്‍ പന്തളം മുനിസിപ്പാലിറ്റിയില്‍ കിട്ടിയ ഭൂരിപക്ഷമാണ് പാര്‍ട്ടിയുടെ പ്രധാനനേട്ടം. തിരുവനന്തപുരം നഗരഭരണം 61 സീറ്റ് നേടി പിടിച്ചെടുക്കുമെന്നാണ് സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് വേളയില്‍ അവകാശപ്പെട്ടിരുന്നത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം നേടുമെന്നും കോഴിക്കോട്, കൊച്ചി, കൊല്ലം കോര്‍പ്പറേഷനുകളിലും ബിജെപി മുന്നേറ്റം നടത്തുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. ഏറ്റവുമധികം സീറ്റില്‍ മത്സരിക്കുന്ന കക്ഷി എന്ന നിലയില്‍ സംസ്ഥാനമൊട്ടാകെ 3000 സീറ്റില്‍ വിജയമെന്നായിരുന്നു അവകാശവാദം. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ അതില്‍ പകുതി സീറ്റില്‍ പോലും ജയിക്കാനായില്ല. 300 ഓളം സീറ്റുകള്‍ വര്‍ധിച്ചെങ്കിലും വോട്ട് വിഹിതം കുറഞ്ഞു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ട് കിട്ടിയത് ഇപ്പോള്‍ 11 ശതമാനമായി. 3000ത്തിലധികം വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ പോലും സാധിച്ചതുമില്ല. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ് തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് കാരണമെന്ന് ഒ രാജഗോപാല്‍, പി പി മുകുന്ദൻ എന്നിവർ കുറ്റപ്പെടുത്തുന്നു.

അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിലംതൊടാത്ത ബിജെപിയില്‍ മുഖംരക്ഷിക്കല്‍ നടപടിയും വരുന്നുണ്ട്. നേതൃത്വത്തിലുണ്ടായ തര്‍ക്കങ്ങളും വിവാദങ്ങളും തദ്ദേശ തെരഞ്ഞെടുപ്പില്‍ ദോഷമായെന്ന് ശനിയാഴ്ച കൊച്ചിയില്‍ നടന്ന ആര്‍എസ്എസ് പരിവാര്‍ ബൈഠക്കിലും വിമര്‍ശനമുയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: BJP spent Rs 400 crore for LSG election

You may like this video also