Saturday
16 Feb 2019

ബിജെപിക്കകത്തെ പടലപ്പിണക്കം രൂക്ഷമാകുന്നു

By: Web Desk | Wednesday 5 September 2018 10:39 PM IST

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തില്‍ രൂപംകൊണ്ട പടലപ്പിണക്കത്തിന്റെ ഫലമായി മോഡി – അമിത് ഷാ കൂട്ടുകെട്ടിന്റെ അതൃപ്തിക്കിരയായി മന്ത്രി നിതിന്‍ ഗഡ്കരിയുടെ വിദേശ യാത്ര തടസപ്പെട്ടു. അമേരിക്ക, കാനഡ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേയ്ക്ക് ഈയാഴ്ച സന്ദര്‍ശനം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അവസാന നിമിഷം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവിന്റെയും നീതി ആയോഗിന്റെയും യോഗം ചേരുന്നതിനാലാണ് യാത്ര മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കുള്ള വിയോജിപ്പാണ് യഥാര്‍ഥ കാരണമെന്നാണ് പറയപ്പെടുന്നത്.
ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് പരസ്യമായ വിയോജിപ്പ് രേഖപ്പെടുത്തിയ മോഹന്‍ ഭാഗവതുമായി വേദി പങ്കിടുന്നതാണ് വിയോജിപ്പിനുള്ള പ്രധാനകാരണം. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മോഹന്‍ ഭാഗവത് രംഗത്തെത്തിയിരുന്നു. ചിക്കാഗോയില്‍ നടക്കുന്ന ലോക ഹിന്ദു സമ്മേളനത്തിലാണ് ഗഡ്കരിയും ഭാഗവതും ഒരുമിച്ച് പങ്കെടുക്കാനിരുന്നത്. ഭാഗവത്തുമായുള്ള ഉറ്റ ബന്ധമാണ് യാത്ര തടയപ്പെട്ടതിന് കാരണമെന്ന് സംഘപരിവാര്‍ വൃത്തങ്ങളില്‍ അഭിപ്രായമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് തീരുമാനിച്ചതായിരുന്നു ലോക ഹിന്ദു സമ്മേളനമെന്നും അതേ ദിവസം തന്നെ ബിജെപി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത് ബോധപൂര്‍വമാണെന്നും മുതിര്‍ന്ന നേതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. എന്നു മാത്രമല്ല പ്രധാനമന്ത്രിയോ പാര്‍ട്ടി അധ്യക്ഷനോ അല്ലാത്ത ഗഡ്കരി ബിജെപി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ വലിയ പ്രശ്‌നമൊന്നുമില്ല, നീതി ആയോഗിന്റെ യോഗം അത്ര കാര്യമുള്ളതല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗഡ്കരിയുടെ യാത്ര തടയപ്പെട്ടത് സംഘപരിവാര്‍ സംഘടനകളും മോഡി – അമിത് ഷാ കൂട്ടുകെട്ടും തമ്മിലുള്ള അകല്‍ച്ച കൂട്ടാനിടയാക്കുമെന്ന വിലയിരുത്തലുമുണ്ടായിട്ടുണ്ട്.
ഇതിന് പുറമേ ചില ഉന്നത തലയോഗങ്ങളും ഗഡ്കരിയുടെ യാത്രോദ്ദേശ്യമായിരുന്നു. രാജ്യത്തെ ദേശീയപാത വികസനത്തിന് വിദേശ ഇന്ത്യക്കാരില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ധനസഹായം തേടലും ലക്ഷ്യമായിരുന്നു. അത് വിജയിച്ചാല്‍ മോഡിയുടെ പ്രഭാവത്തിന് കോട്ടം തട്ടുമെന്നതും യാത്ര തടയപ്പെട്ടതിന് കാരണമായി ഗഡ്കരിയുമായി അടുത്ത വൃത്തങ്ങളില്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിസമ്മതിച്ചു.