Web Desk

ന്യൂഡല്‍ഹി

December 16, 2020, 8:40 pm

കർഷകസമരം തകർക്കാൻ ബിജെപി സംസ്ഥാന സർക്കാരുകൾ

Janayugom Online

പഞ്ചാബിൽനിന്നുള്ളവർ മാത്രമാണ് ഡൽഹിയിലെ കർഷകസമരത്തിൽ പങ്കെടുക്കുന്നതെന്ന് പ്രചരിപ്പിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രക്ഷോഭകർ ഡല്‍ഹിയിലെത്തുന്നത് തടയാൻ സ്വീകരിക്കുന്നത് വ്യത്യസ്തങ്ങളായ നടപടികൾ. ഗുജറാത്ത്, ഉത്തർപ്രദേശ്, എൻഡിഎ ഭരിക്കുന്ന ബിഹാർ സംസ്ഥാനങ്ങളിലാണ് കർഷകർ ഡൽഹിയിലെത്തുന്നത് തടയുന്നതിന് വിവിധ അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുന്നത്. കർഷക നേതാക്കളെ വീട്ടു തടങ്കലിലാക്കുക, കസ്റ്റഡിയിലെടുക്കുക, പൊലീസ് നിരീക്ഷണത്തിലാക്കുക തുടങ്ങിയ നടപടികളാണ് വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിക്കുന്നത്. വേഷപ്രച്ഛന്നരായാണ് ഗുജറാത്തിൽ നിന്നുള്ളവർ കഴിഞ്ഞ ദിവസം സമരഭൂമിയിലെത്തിയത്.

ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിൽ പങ്കെടുക്കുന്നതിനും സംസ്ഥാനത്തെ ഐക്യദാർഢ്യ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും ‍ഡിസംബർ ആറിന് നിരവധി സംഘടനകൾ അഹമ്മദാബാദിൽ യോഗം ചേർന്ന് ഗുജറാത്ത് കിസാൻ സംഘർഷ സമിതിക്ക് രൂപം നല്കിയിരുന്നു. ഇക്കാര്യം മനസിലാക്കിയ ബിജെപി സർക്കാർ സംഘടനയുടെ മുഴുവൻ നേതാക്കളെയും വീട്ടുതടങ്കലിലും നിരീക്ഷണത്തിലുമാക്കി. ആർക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി. യോഗത്തിന് നേതൃത്വം നല്കിയ പൽഭായ് അംബാലിയ, യാക്കൂബ് ഗുരാജി, ജയേഷ് പട്ടേൽ എന്നിവരടക്കമാണ് തടവിലാക്കപ്പെട്ടത്. മൊബൈൽ ഫോണുകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയെന്നും ഇവർ പറയുന്നു.

പൊലീസിന്റെ കണ്ണുവെട്ടിച്ച് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട യാക്കൂബ് ഗുരാജിയുടെ കുടുംബത്തെ ദ്രോഹിച്ചതായും പരാതിയുണ്ട്. പത്തോളം വരുന്ന പൊലീസ് സംഘം യാക്കൂബിന്റെ ഡൽഹി യാത്ര തടയുന്നതിനും ശ്രമിച്ചു. കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ ഒരു ദിവസം മുഴുവൻ ഒരു കാരണവും പറയാതെ സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞെത്തിയ കർഷകർ പ്രതിഷേധിച്ചതിനെ തുടർന്ന് പിറ്റേന്ന് പുലർച്ചെയാണ് വിട്ടയച്ചത്. വീട്ടുതടങ്കലിലാക്കിയ ദഹ്‌യാഭായ് ഗജേരയെന്ന കർഷക നേതാവ് മകന്റെ സഹായത്തോടെ വീട്ടിന്റെ പിൻവശത്തുകൂടി രക്ഷപ്പെട്ടാണ് ഡൽഹിയിലെത്തിയത്. 16 കർഷകനേതാക്കൾ ഇപ്പോൾ വീട്ടു തടങ്കലിലാണെന്ന് കർഷക സംഘടന കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിലും സമാന സ്ഥിതിയാണ്. ആദിത്യനാഥിന്റെ പൊലീസ് കർഷക നേതാക്കളെ മുഴുവൻ നിരീക്ഷിക്കുകയും സംഘംചേരുന്നത് തടയുകയും ചെയ്യുന്നു. വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയ കർഷകർക്കെതിരെ അമ്പതിലധികം കേസുകൾ ചുമത്തിയിരിക്കുകയാണ്. ബിഹാറിൽ ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്തിയവർക്കെതിരെ അനുമതിയില്ലാതെ സംഘംചേർന്നു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

 

Eng­lish Sum­ma­ry : BJP state gov­ern­ments to crush farm­ers’ strike

You May Also Like This Video