Friday
19 Apr 2019

വിശ്വാസികളെ ബലിയാടാക്കി സർക്കാരിനെതിരെ സമരം ചെയ്യാനുള്ള ബിജെപി നീക്കം നടക്കില്ല: കാനം

By: Web Desk | Monday 29 October 2018 8:14 PM IST


kanam Rajendran
എൽ ഡി എഫ് ൻറെ നേതൃത്വത്തിൽ എറണാകുളത്തു സംഘടിപ്പിച്ച ജനകീയ റാലിയിൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിക്കുന്നു 

കൊച്ചി: സുപ്രീം കോടതിയിൽ റിവ്യു ഹർജി എതിരായാലും വിശ്വാസികളെകൂട്ടി സർക്കാരിനെതിരെ സമരം ചെയ്യുമെന്നുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ  പിള്ളയുടെ ആഹ്വാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നേരിടുമെന്നും സി പി  ഐ സംസ്ഥാന സെക്രട്ടറി കാനം  രാജേന്ദ്രൻ പറഞ്ഞു.

എറണാകുളം ജില്ലാ എൽ ഡി എഫ് ജനകീയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശമാണ്, അതിനെ  അക്രമത്തിലൂടെ തടയാൻ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള ലംഘനമാണ്. ശബരിമല വിഷയത്തിൽ കോടതി വിധിയെ സ്വാഗതം ചെയ്ത ആർ എസ് എസ് പിന്നീട്  ആദ്യ നിലപാട് തിരുത്തിയത് സർക്കാരിനെതിരെ സമരത്തിൽ പങ്കാളിയാകാനാണ്. അല്ലാതെ വിശ്വാസികളുടെ താല്പര്യം  സംരക്ഷിക്കാൻ  വേണ്ടിയല്ലെന്നാണ് ഇപ്പോഴത്തെ  സംഭവങ്ങൾ  വെളിവാക്കുന്നത്. ഒരു ക്ഷേത്രം ഇല്ലാണ്ടായാൽ അത്രയും അന്ധവിശ്വാസം ഇല്ലാതാവും എന്ന് പറഞ്ഞ  സി കേശവന്റെ  പാരമ്പര്യമുള്ള കോൺഗ്രസിന്റെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് രമേശ് ചെന്നിത്തല ആ പാരമ്പര്യങ്ങൾ മറന്നുകൊണ്ടാണ് ബി ജെ പി ക്കുവേണ്ടി സംസാരിക്കുന്നത്.

Pinaray Vijayan

എറണാകുളത്തു സംഘടിപ്പിച്ച ജനകീയ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

ഈ നില തുടർന്നാൽ പിന്നെ കോൺഗ്രസ് കൊടി പിടിക്കാൻ ആളുണ്ടാകില്ലെന്നും  കാനം  പരിഹസിച്ചു. അമിത്ഷായുടെ ഫാസിസ്റ്റു ഭീഷണി വിലപ്പോകില്ല. ബി ജെ പി ക്കെതിരെ അഭിപ്രായപ്രകടനം നടത്തിയാൽ അവർക്കെതിരെ അക്രമം നടത്തുന്ന ശൈലിയെ എല്ലാവരും ചേർന്ന് എതിർക്കേണ്ടതാണ്, സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീകൊളുത്തികൊണ്ടാണ് അമിത് ഷായെ കേരളത്തിലേക്ക് സ്വീകരിച്ചതെന്നത് ഗൗരവമായി കാണണം. ഇത് കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കം ആണെന്നും  കുടുംബയോഗങ്ങൾ  ചേർന്നും ഭവന  സന്ദർശനം നടത്തിയും എൽ ഡി എഫ്  ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെ ടുത്തുമെന്നും  അദ്ദേഹം പറഞ്ഞു.

Related News