7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024

ഇൻസ്ട്രുമെന്റേഷൻ പൂട്ടാന്‍ ബിജെപി; കുട പിടിക്കാൻ കോൺഗ്രസ്

ജി ബാബുരാജ്
പാലക്കാട്
October 30, 2024 11:18 am

കേരള ജനതയ്ക്കെതിരായ ബിജെപിയുടെ പിന്തിരിപ്പൻ നടപടികൾക്ക് കോൺഗ്രസ് കുടപിടിക്കുമ്പോള്‍ ബലിയാടാവുകയാണ് കഞ്ചിക്കോട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം. സ്ഥാപിതമായതു മുതൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സുവർണ ജൂബിലി നിറവിലെത്തിയ കമ്പനിക്ക് ദയാവധം നൽകാൻ ബിജെപിയുടെ കേരള ഘടകത്തിന്റെ ഇംഗിതമനുസരിച്ച് കേന്ദ്രസർക്കാർ വാളോങ്ങി നിൽക്കുകയാണ്. അപ്പോഴും പ്രതിഷേധത്തിന്റെ ചെറുസ്വരം പോലുമുയർത്താതെ മൗനാനുവാദം നൽകുകയാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം.
കേന്ദ്രം അടച്ചുപൂട്ടാനൊരുങ്ങിയ ഫാക്ടറി ഏറ്റെടുത്ത് നടത്താൻ ഒരുക്കമാണെന്ന് 2018ൽ സംസ്ഥാന സർക്കാർ അറിയിക്കുകയും കേന്ദ്ര ഘനവ്യവസായ വകുപ്പുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇടതുവിരോധം തലയ്ക്കു പിടിച്ച കേരളത്തിലെ ബിജെപി നേതാക്കൾ സിഎജിക്ക് പരാതി നൽകി ഏറ്റെടുക്കൽ നടപടികൾക്ക് ഇടങ്കോലിട്ടു. പരാതി സിഎജി തീർപ്പാക്കാത്തതിനാൽ ആറുവർഷമായി പ്രതിസന്ധികളിലൂടെ നിരങ്ങിനീങ്ങുകയാണ് ഇൻസ്ട്രുമെന്റേഷൻ എന്ന മഹാസ്ഥാപനം.
വ്യവസായ മേഖലയായ കഞ്ചിക്കോടിനെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്ന ഫാക്ടറികളിലൊന്നാണ് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്. സംസ്ഥാന സർക്കാർ 1964ൽ 565 ഏക്കർ സ്ഥലം ഏറ്റെടുത്ത് നൽകിയെങ്കിലും തുടർന്ന് 10 വർഷത്തോളം ഒരു നടപടിയുമുണ്ടായില്ല. കഞ്ചിക്കോട് യൂണിറ്റിനൊപ്പം പ്രഖ്യാപനം വന്ന രാജസ്ഥാനിലെ കോട്ടയിൽ ഏറെ വൈകാതെ ഇൻസ്ട്രുമെന്റേഷന്റെ ഹെഡ് ഓഫിസ് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ അക്കാലത്ത് പാലക്കാട്ട് വൻ പ്രക്ഷോഭമാണ് നടന്നത്. അന്നത്തെ പാലക്കാട് എംപിയായിരുന്ന എകെജി 1974ൽ പാർലമെന്റിനകത്ത് നടത്തിയ സമരത്തെ തുടർന്നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇൻസ്ട്രുമെന്റേഷൻ ഉടൻ സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ഒപ്പം ഐടിഐയും സ്ഥാപിതമായി. 

ആണവനിലയങ്ങൾക്കും താപ, ജലവൈദ്യുതപദ്ധതികൾക്കും വൻകിട കെമിക്കൽ പ്ലാന്റുകൾക്കും ആവശ്യമായ കൺട്രോൾ വാൽവുകൾ നിർമ്മിക്കുന്ന അന്താരാഷ്ട്രതലത്തിലെ ഏറ്റവും വലിയ കമ്പനിയായി ഇൻസ്ട്രുമെന്റേഷൻസ് പെട്ടെന്ന് വളർന്നു. വൈവിധ്യവൽക്കരണത്തിലൂടെ കമ്പനിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനു പകരം കേന്ദ്രത്തിൽ മാറിമാറി വന്ന സർക്കാരുകൾ കമ്പനിയെ ഞെരുക്കുകയായിരുന്നു. 565 ഏക്കറുണ്ടായിരുന്ന കമ്പനിയുടെ ഭൂമിയിൽ നിന്ന് പല ആവശ്യങ്ങൾക്കായി വിട്ടുകൊടുത്തശേഷം ഇപ്പോൾ അവശേഷിക്കുന്നത് 122 ഏക്കർ മാത്രമാണ്.
കോട്ട യൂണിറ്റ് ആരംഭഘട്ടം മുതൽ നഷ്ടത്തിലായിരുന്നു. എന്നാൽ കഞ്ചിക്കോട് യൂണിറ്റ് വൻ ലാഭത്തിലായിരുന്നിട്ടും രണ്ടു യൂണിറ്റും ഒന്നിച്ച് അടച്ചുപൂട്ടാനാണ് ഒന്നാം മോഡി സർക്കാർ തീരുമാനിച്ചത്. പ്രതിവർഷം നൂറുകോടിക്കുമേൽ വിറ്റുവരവുള്ള കഞ്ചിക്കോട് യൂണിറ്റ് നിലനിർത്തി സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് ഈ ഘട്ടത്തിലാണ് നിർദേശമുയർന്നത്. അന്ന് എംപിയായിരുന്ന എം ബി രാജേഷിന്റെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ പ്രതിനിധികൾ പ്രധാനമന്ത്രിയെയും കണ്ടിരുന്നു. സമാനനിർദേശം രാജസ്ഥാനിലെ അന്നത്തെ ബിജെപി സർക്കാരിനു മുന്നിലും മോഡി വച്ചെങ്കിലും കമ്പനി പൂട്ടിക്കോളു എന്ന മറുപടിയാണ് അവർ നല്‍കിയത്. അന്ന് അവിടെയും കേന്ദ്രത്തിലും പ്രധാന പ്രതിപക്ഷമായിരുന്ന കോൺഗ്രസ് ഒരക്ഷരം മിണ്ടിയില്ല. 

‌കോട്ട യൂണിറ്റ് 2017 ഏപ്രിൽ 18ന് അടച്ചുപൂട്ടിയെങ്കിലും സംസ്ഥാന സർക്കാരിന്റെ ഏറ്റെടുക്കൽ സന്നദ്ധത നിലനില്‍ക്കുന്നതിനാൽ കഞ്ചിക്കോട് യൂണിറ്റ് ഇപ്പോഴും ലാഭത്തിൽ പ്രവർത്തിക്കുന്നു. കമ്പനിയുടെ വിലയായി 64 കോടി രൂപ നൽകണമെന്ന കേന്ദ്ര നിർദേശം അംഗീകരിച്ചാണ് 2018 നവംബർ 18ന് കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. എന്നാൽ 64 കോടി പോരെന്നും സ്ഥലത്തിന്റെ വിലകൂടി നഷ്ടപരിഹാരമായി കേരള സർക്കാരിൽ നിന്ന് ഈടാക്കണമെന്നുമാണ് ബിജെപി നേതൃത്വം സിഎജിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.
ഭൂമി മുഴുവൻ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേന്ദ്രത്തിന് സൗജന്യമായി നല്‍കിയതാണെന്നും പല സ്ഥാപനങ്ങൾക്കും ഇതിൽ നിന്ന് ഭൂമി കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സിഎജിക്ക് മറുപടി നല്‍കി. ഈ വിശദീകരണത്തിന്മേൽ അഞ്ചുവർഷമായി സിഎജി നടപടിയെടുത്തിട്ടില്ല. സിഎജിയുടെ ഈ നിലപാട് വലിയ വെല്ലുവിളിയായിട്ടും പ്രതിഷേധിക്കാനോ സംസ്ഥാന താല്പര്യം ഉയർത്തിപ്പിടിക്കാനോ കോൺഗ്രസ് തയ്യാറായില്ല. മറിച്ച് ജനവിരുദ്ധ നിലപാട് സ്വീകരിച്ച ബിജെപിക്ക് എല്ലാ ഒത്താശയും നൽകുകയുമാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.