സുരേന്ദ്രന്‍ കുത്തനൂര്‍

തൃശൂര്‍:

January 31, 2021, 9:04 pm

മുസ്‌ലിം വിരുദ്ധത ഇളക്കിവിട്ട് ക്രൈസ്തവ വോട്ട് നേടാന്‍ ബിജെപി

Janayugom Online

സംവരണവുമായി ബന്ധപ്പെട്ട ക്രിസ്ത്യന്‍ നേതാക്കള്‍ പ്രകടിപ്പിച്ച അതൃപ്തി ആളിക്കത്തിച്ച് ക്രൈസ്തവ വോട്ട് നേടാന്‍ തന്ത്രവുമായി ബിജെപി. മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുടെ സഭാനേതൃത്വങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം ഇതിന്റെ ഭാഗമാണെന്ന് പുതിയ നീക്കങ്ങള്‍ തെളിയിക്കുന്നു. പള്ളിത്തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുമായി സഭാനേതൃത്വങ്ങളുടെ കൂടിക്കാഴ്ച ഒരുക്കിയതും ഇതേ ലക്ഷ്യത്തിലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലെ പ്രധാന അജണ്ടകളിലൊന്ന് ഇതായിരുന്നു.

മുസ്‌ലീം തീവ്രവാദത്തിനിരയായി വേദനിക്കുന്ന ക്രൈസ്തവര്‍ക്കായി പ്രത്യേക പ്രചരണ പരിപാടി ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യോഗാനന്തരം അറിയിച്ചു. സംസ്ഥാന സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തതായാണ് സുരേന്ദ്രന്‍ പറഞ്ഞത്. കേരളത്തിലെ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യദുഖിതരാണെന്നും വര്‍ഗീയ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരയാണ് ഇരുവിഭാഗങ്ങളെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ഭൂരിപക്ഷ വിഭാഗമായി ഹിന്ദുക്കളോടൊപ്പം ക്രൈസ്തവരില്‍ നിന്ന് ഒരുവിഭാഗത്തിന്റെ വോട്ട് കൂടി നേടിയെടുക്കാനുള്ള തന്ത്രമാണിതെന്ന് വ്യക്തം.

ക്രൈസ്തവ സമുദായത്തിനുകൂടി സ്വീകാര്യമായതും പൊതുസമ്മതരുമായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്ന ചര്‍ച്ചയുമുണ്ടായി. അതേസമയം നിയമസഭാ സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ആ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുകയെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയും സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന യാത്രയും ചര്‍ച്ച ചെയ്യാന്‍ ജനുവരി ഒമ്പതിന് ചേരുമെന്ന് അറിയിച്ചിരുന്ന യോഗമാണ് കഴിഞ്ഞ ദിവസം ചേര്‍ന്നത്.

സുരേന്ദ്രന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു യോഗം 29 ലേക്ക് മാറ്റിയത്.സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഉണ്ടായില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ മത്സരരംഗത്തു വേണ്ട എന്ന തീരുമാനമാണ് യോഗത്തിലുണ്ടായത്. ഇതോടെ ഈ മാസം ആദ്യം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ 40 എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളില്‍ പലരും പട്ടികയില്‍ നിന്ന് പുറത്താകുമെന്നുറപ്പായി. കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എം ടി രമേശ്, സന്ദീപ് വാര്യര്‍, സി കൃഷ്ണ കുമാര്‍ എന്നിവരാണ് എ പ്ലസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിരുന്നത്.

ENGLISH SUMMARY: BJP to stir up anti-Mus­lim sen­ti­ment and win Chris­t­ian votes

YOU MAY ALSO LIKE THIS VIDEO