രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ്; വെട്ടിലായത് ബിജെപി പ്രമുഖര്‍

Web Desk
Posted on September 25, 2019, 8:57 pm

ഭോപ്പാല്‍: രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പില്‍ വട്ടം കറങ്ങി മധ്യപ്രദേശ്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും വിഐപികളുടെയും വ്യവസായികളുടെയും ഉള്‍പ്പെടെ 4000 ത്തോളം അശ്ലീല വീഡിയോകള്‍, ഫോട്ടോകള്‍, ഫോണ്‍ കോള്‍ റിക്കോര്‍ഡര്‍, സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഹണിട്രാപ്പില്‍ കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വിവരം.  മെമ്മറി കാര്‍ഡുകളില്‍നിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. ഇതു കൂടി ലഭ്യമായാല്‍ ലഭിച്ച ഡിജിറ്റില്‍ ഫയലുകളുടെ എണ്ണം 5000 കടന്നേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

പുരുഷന്മാരെ വശീകരിച്ച് സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുകയുമാണ് ചെയ്തിരുന്നത്. ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയാ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ചാണു സ്ത്രീകള്‍ അടങ്ങുന്ന വന്‍ സംഘം വലവിരിച്ചതും സജീവമായതും. ആര്‍ക്കും സംശയം തോന്നാത്ത വിധം കരുക്കള്‍ നീക്കിയ സംഘത്തെ കുടുക്കിയത് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിങ്ങ് എന്ന യുവാവിന്റെ പരാതിയാണ്. ഹര്‍ഭജന്‍ സിംഗിന്റെ പരാതിയുടെ പുറകെ പോയ അന്വേഷണ സംഘം കണ്ടെത്തിയത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റിനെയും.

പെണ്‍കെണിയുടെ പിന്നാമ്പുറക്കഥകള്‍ പുറത്ത് വന്നതോടെ വെട്ടിലായത് മധ്യപ്രദേശിലെ ബിജെപി നേതൃത്വമാണ്.  ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് പിടിയിലായ ആര്‍തി ദയാല്‍, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ന്‍, ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍, ബര്‍ഖ സോണി എന്നിവര്‍ക്കു മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്നെന്നാണു വിവരം. സെക്രട്ടേറിയറ്റില്‍ സ്ഥിരംവന്നുപോകാറുണ്ടായിരുന്ന ഇവര്‍ക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.

2013, 2018 വര്‍ഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്ന്‍ എന്നു ദൃശ്യങ്ങള്‍ സഹിതം മധ്യപ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. ബിജെപിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചയുമായി ശ്വേതയ്ക്കു ബന്ധമുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും ആരോപിച്ചു.

Image result for honey trap in madhyapradesh

ഇതിനിടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ശ്വേത ഇരിക്കുന്ന ചിത്രം കോണ്‍ഗ്രസ് പുറത്തുവിട്ടത് ബിജെപിക്കു ക്ഷീണമായി. സാഗര്‍ സ്വദേശിയായ ശ്വേതയ്ക്കു മീനല്‍ റസിഡന്‍സിയില്‍ ബംഗ്ലാവ് വാങ്ങി നല്‍കിയത് മുന്‍ മുഖ്യമന്ത്രിയായിരുന്നു. ബുന്ദേല്‍ഖണ്ഡ്, മാല്‍വ, നിമാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില മന്ത്രിമാരോടും ശ്വേതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘത്തിലെ രണ്ടാം നേതാവായ ശ്വേത സ്വപ്നിയാല്‍ ജെയ്‌നിന്റെ ബന്ധം ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിങ്ങുമായിട്ടായിരുന്നു. സിങ്ങിന്റെ ബംഗ്ലാവിലായിരുന്നു ശ്വേതയുടെ താമസം. 35,000 രൂപ വാടക കൊടുത്താണ് അവിടെ കഴിഞ്ഞിരുന്നതെന്നാണു വാര്‍ത്തകള്‍. ബ്രോക്കര്‍ മുഖേനയാണു വീട് വാടകയ്ക്ക് നല്‍കിയതെന്നും ഇവര്‍ ഇതേ കോളനിയിലെ മറ്റൊരു വീട്ടില്‍ കുറച്ചുനാള്‍ താമസിച്ചിരുന്നതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയില്ലെന്നുമാണു ബിജേന്ദ്ര പ്രതാപ് സിങ് പറയുന്നത്.

ബിജെപി എംഎല്‍എ ദിലീപ് സിങ്ങ് പരിഹാറിന്റെ വിട്ടീലാണു മുന്‍പ് ഇവര്‍ താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നിമാറില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ബര്‍ഖ സോണി. കോണ്‍ഗ്രസിന്റെ സംസ്ഥാന ഐടി സെല്‍ അംഗമായ ഇവരുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്ഗഡ് സ്വദേശിയായ മോണിക്ക യാദവ് ബിരുദ വിദ്യാര്‍ഥിനിയാണ്. സമൂഹത്തിലെ ഉന്നതരും സ്വാധീനമുള്ളവരും ഇവരുെട ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തി. കൂടുതല്‍ ഇരകള്‍ പരാതിയുമായി വരുംദിവസങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

you may also like this video;