Thursday
21 Feb 2019

ശബരിമല: ആര്‍എസ്എസിന് ഇരട്ടത്താപ്പ്, ബിജെപിക്ക് മുതലെടുപ്പ്, സംഘപരിവാറിന്റേത് രാഷ്ട്രീയ കുതന്ത്രം

By: Web Desk | Thursday 11 October 2018 11:18 AM IST

സ്വന്തം ലേഖകന്‍
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും പ്രയോഗിക്കുന്നത് മതവികാരം ഇളക്കിവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സ്ഥിരം തന്ത്രം. രാമജന്മഭൂമി വിവാദം ഉയര്‍ത്തി ബാബറി മസ്ജിദ് പൊളിച്ച് ആദ്യ വാജ്‌പേയി മന്ത്രിസഭയ്ക്ക് കളമൊരുക്കിയ അതേ തന്ത്രമാണ് നരേന്ദ്രമോഡിയുടെ ജനവിരുദ്ധ ഭരണകൂടത്തിന് തുടര്‍ച്ചയൊരുക്കാന്‍ ആര്‍എസ്എസും ബിജെപിയും ശബരിമല വിഷയത്തെ ഉപയോഗിക്കുന്നത്.
കേരളത്തില്‍ മാത്രമല്ല രാജ്യമൊട്ടാകെ ശബരിമല രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാട്ടി പ്രക്ഷോഭത്തിന് കളമൊരുക്കാനാണ് സംഘപരിവാര്‍ ശ്രമം. രാഷ്ട്രീയമായി ഇടതുപക്ഷത്തെ തറപറ്റിക്കാന്‍ കാലങ്ങളായി സംഘപരിവാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ തന്ത്രങ്ങളൊന്നും കേരളത്തില്‍ ഫലിക്കാതെ വന്നതോടെയാണ് ശബരിമല വിഷയത്തില്‍ സാധാരണക്കാരെ ഇളക്കിവിട്ട് രാഷ്ട്രീയ അടിത്തറ ശക്തമാക്കാന്‍ കുതന്ത്രങ്ങളൊരുക്കുന്നത്. പുറമെ ബിജെപിയും ആര്‍എസ്എസും നേരിട്ട് പ്രക്ഷോഭങ്ങളൊന്നും നടത്തുന്നില്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഇവരുടെ പ്രമുഖ നേതാക്കള്‍ അടക്കം സുപ്രിം കോടതി വിധിക്കെതിരെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
ശബരിമല വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും കോടതിവിധിയെ പരസ്യമായി എതിര്‍ക്കാതെ തങ്ങളുടെ സംഘടനാ സംവിധാനം ഉപയോഗിച്ച് ജാതി മത സാമുദായ ശക്തികളെ ഇളക്കിവിട്ട് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഇവരുടെ നീക്കം. ആര്‍എസ്എസും ബിജെപിയും ഒഴികെയുള്ള സംഘപരിവാര്‍ സംഘടനകളെല്ലാം ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ച് തെരുവിലിറങ്ങിയിട്ടുണ്ട്. ഏറെക്കാലമായി എന്‍എസ്എസിനെ തങ്ങളുടെ വരുതിയിലെത്തിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന സംഘപരിവാര്‍ ശബരിമല വിഷയത്തില്‍ ഇത് സാധിച്ചെടുക്കുകയും ചെയ്തു.
ശബരിമല വിഷയം തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയാന്തരീക്ഷമൊരുക്കാന്‍ ഉപയോഗിക്കണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായുടെ പ്രസ്താവന യഥാര്‍ഥത്തില്‍ കേരളത്തില്‍ കലാപമഴിച്ചുവിടാനുള്ള ആഹ്വാനമാണെന്നുറപ്പാണ്. ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ മുഖ്യമന്ത്രിക്കസേരയുറപ്പിക്കാന്‍ കലാപം അഴിച്ചുവിട്ട് മുസ്‌ലിം ജനവിഭാഗങ്ങളെ കൊന്നൊടുക്കിയ സംഭവങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് വിമര്‍ശിക്കപ്പെടുന്ന അമിത്ഷാ എന്തുവിലകാടുത്തും നരേന്ദ്രമോഡിയുടെ ഭരണം നിലനിര്‍ത്താനാണ് ശ്രമം നടത്തുന്നത്. ശബരിമല വിഷയത്തില്‍ ഇപ്പോള്‍ അരങ്ങേറുന്ന എതിര്‍പ്പുകളും ജനകീയ പ്രക്ഷോഭങ്ങളും കൂടുതല്‍ രൂക്ഷമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
അയ്യപ്പഭക്തന്മാര്‍ ധാരാളമെത്തുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ശബരിമല വിഷയത്തെ കത്തിച്ച് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തങ്ങള്‍ക്കനുകൂലമായ തരംഗമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയും ആര്‍എസ്എസും പയറ്റുന്നത്. അയ്യപ്പഭക്തമാര്‍ എത്തുന്ന സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജന്‍ നേരിട്ടുതന്നെ കേരളത്തിലെത്തി ശബരിമല സമരത്തില്‍ ഇടപെടാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. അയ്യപ്പഭക്തമാര്‍ ഏറെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ പഞ്ചായത്ത് തലത്തില്‍ വരെ ഇതുമായി ബന്ധപ്പെട്ട പരസ്യപ്രചരണങ്ങള്‍ നടത്താനാണ് ബിജെപി-ആര്‍എസ്എസ് നീക്കം.
ദേശീയ പ്രക്ഷോഭകാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന് സ്വാതന്ത്ര്യസമരത്തിന് തുരങ്കം വച്ച പ്രസ്ഥാനം അന്നുള്ള അതേ തന്ത്രം തന്നെയാണ് ഇന്നും പയറ്റുന്നത്. മഹാത്മഗാന്ധിയെ വെടിവച്ചുകൊല്ലാന്‍ ഗൂഢാലോച നടത്തിയ അതേ ശക്തികളുടെ പിന്മുറക്കാരാണ് ഹൈന്ദവതാല്‍പര്യങ്ങളെന്ന പേരില്‍ കേരളത്തില്‍ ജനവികാരം ഇളക്കിവിടാന്‍ അണിയറയില്‍ നീക്കം നടത്തുന്നത്. എന്നാല്‍ കുതന്ത്രങ്ങളെല്ലാം ഒരുക്കി ആളുകളെ പ്രക്ഷോഭത്തിലേക്ക് ഇറക്കിവിട്ടശേഷം തങ്ങള്‍ കോടതി വിധിക്കൊപ്പമാണെന്ന് പരസ്യപ്രസ്താവന നടത്തുകയാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങള്‍. എന്നാല്‍ അതേസമയം വിശ്വഹിന്ദുപരിഷത്ത്, ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘപരിവാര്‍ സംഘടനകളെയെല്ലാം തെരുവിലിറക്കി രാഷ്ട്രീയ നേട്ടം കൊയ്യുകയാണ്.
നിലവില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളെല്ലാം തന്നെ ബിജെപിയോട് അകലുന്ന സമയത്താണ് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധി വീണുകിട്ടിയത്. നിലവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന കടുത്ത ജനകീയരോഷത്തെ തണുപ്പിക്കാനും തങ്ങളുടെ നില ഭദ്രമാക്കാനുമാണ് ബിജെപിയും ആര്‍എസ്എസും ശബരിമല ആയുധമാക്കിയിരിക്കുന്നത്.

Related News