Web Desk

ആലപ്പുഴ

July 28, 2021, 11:23 am

ആലപ്പുഴയില്‍ പാര്‍ട്ടി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയി; ബിജെപി നേതാക്കള്‍

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ഒഴികെയുള്ള മണ്ഡലങ്ങളിൽ ബിജെപി വോട്ട് കോൺഗ്രസിലേക്കു പോയെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി നിയോഗിച്ച കമ്മിഷനു മുന്നിൽ നേതാക്കൾ. സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി പി സുധീറും സെക്രട്ടറി എസ് സുരേഷും അംഗങ്ങളായ കമ്മിറ്റി നാലു ദിവസം കൊണ്ടാണ് തെളിവെടുപ്പ് നടത്തിയത്. അടുത്തയാഴ്ച ഒരു ദിവസംകൂടി കമ്മിഷൻ സിറ്റിങ് നടത്തും.ചെങ്ങന്നൂരിൽ ബിജെപിയിൽ നിന്നും കുറച്ചു വോട്ടുകളേ നഷ്ടമായിട്ടുള്ളു.

2016ലെ തിരഞ്ഞെടുപ്പില്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള പിടിച്ച വോട്ടുകള്‍ പിടിക്കാന്‍ കഴിഞ്ഞില്ല. യുഡിഎഫിനും അത്രയും വോട്ട് ലഭിച്ചില്ല. എല്‍ഡിഎഫ് ഏറെ മുന്നേറി, എല്‍ഡിഎഫും, എല്ലാ സാമൂഹിക വിഭാഗങ്ങളെയും ചേർത്തു നിർത്ത‍ി വോട്ടു പിടിച്ചെടുത്തു എന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. കായംകുളത്തെ ബിഡിജെഎസ് സ്ഥാനാർഥിയുടെ മൈക്രോ ഫിനാൻസ് ഇടപാടുകളിലെ ക്രമക്കേടിനെപ്പറ്റി തിരഞ്ഞെടുപ്പു വേളയിൽ ബിജെപി നേതാക്കൾ തന്നെ പരസ്യപ്രതികരണം നടത്തിയത് വോട്ട് കോൺഗ്രസിലേക്കു പോകാനിടയാക്കിയെന്നു ചിലർ പറഞ്ഞു.

ഹരിപ്പാട്ടും മാവേലിക്കരയിലും പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. ഹരിപ്പാട്ട് ബിജെപിയിൽ ഒരു വിഭാഗം സ്ഥാനാർഥിക്കെതിരെ പ്രചാരണം നടത്തിയെന്നും കമ്മിഷനു വിവരം ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം കോർ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കോർ കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, നിലവിൽ ചുമതലയില്ലാത്ത മുൻ ഭാരവാഹികൾ തുടങ്ങിയവരുടെ യോഗം വെവ്വേറെ വിളിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഓരോ വിഭാഗത്തിലും വ്യക്തിപരമായി അഭിപ്രായം പറയാനുള്ളവരെ നേരിൽക്കണ്ടും വിവരങ്ങൾ ശേഖരിച്ചു.

നിയമസഭാ തിര‍ഞ്ഞെടുപ്പിലുണ്ടായ വീഴ്ചകൾ, ഭാവിയിൽ പാർട്ടിയെ ശക്തിപ്പെടുത്താനാവശ്യമായ നിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയിലുണ്ടായത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതലയാണ് സുധീറും സുരേഷും അംഗങ്ങളായ കമ്മിഷന്.

You may  also like this video: