മധ്യപ്രദേശില്‍ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടികള്‍

Web Desk
Posted on May 05, 2019, 10:07 pm

സ്വന്തം ലേഖകന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയെ ഇക്കുറി കാത്തിരിക്കുന്നത് കനത്ത തിരിച്ചടികള്‍. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന എഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലെണ്ണത്തിനും ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. റെവ, സത്‌ന, ഖജുരാവോ, തിക്കാമാര്‍ഗ്, ദമോഹ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സത്‌നാ, ദമോഹ, ഖജൂരാവോ എന്നീ മണ്ഡലങ്ങളാണ് ബിജെപിക്ക് കനത്ത തിരിച്ചടി ഉയര്‍ത്തുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലും വന്‍ഭൂരിപക്ഷത്തോടെയാണ് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. എന്നാല്‍ ഇക്കുറി ഈ മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്വാധീനമില്ലാത്ത അവസ്ഥയായി. ബിജെപി നേതാക്കളുടെ ഒത്താശയോടെയുള്ള അനധികൃത മണല്‍ ഖനനം, ഇതിന്റെ ഭാഗമായുള്ള കുടിവെള്ള പ്രശ്‌നം ഇതൊക്കെ തന്നെ പ്രദേശവാസികളില്‍ കടുത്ത രോഷമാണ് സൃഷ്ടിച്ചത്. മണല്‍ ലോബിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസും തയ്യാറാകുന്നില്ല.
മണല്‍ ഖനനം രൂക്ഷമായതോടെ തവ, നര്‍മ്മദ, കെന്‍ എന്നീ നദികളെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ ആകെ പ്രതിസന്ധിയിലായി. മധ്യപ്രദേശിന്റെ മധ്യഭാഗം, ബുണ്ഡേല്‍ഖണ്ഡ്, എന്നീ പ്രദേശങ്ങളിലെ കൃഷി ഏതാണ്ട് തകര്‍ന്ന അവസ്ഥയിലാണ്.
നിലവിലെ എംപിയായ ഗണേശ് സിങാണ് സത്‌നാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. മുന്‍ സത്‌നാ എംഎല്‍എ രാജാറാം തൃപാഠിയെയാണ് കോണ്‍ഗ്രസ് ഇക്കുറി സ്ഥാനാര്‍ഥിയാക്കിയത്. സവര്‍ണ സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് സത്‌ന. ഇക്കുറി ഗണേഷ് സിങിന്റെ തോല്‍വി ഉറപ്പാണെന്ന വികാരമാണ് സത്‌നാ മണ്ഡലത്തില്‍ പൊതുവേയുള്ളതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബലാക്കോട്ട് ആക്രമണം, പുല്‍വാമയിലെ ഭീകരാക്രമണം തുടങ്ങിയ ബിജെപി പ്രചാരണ തന്ത്രങ്ങളൊന്നും സത്‌നയില്‍ ഫലിച്ചില്ലെന്നാണ് അവസാനഘട്ട വിലയിരുത്തലുകള്‍.
രൂക്ഷമായ തൊഴിലില്ലായ്മ, കുടിവെള്ള ദൗര്‍ലഭ്യം, കൃഷിസ്ഥലങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കായി നിര്‍ബന്ധിച്ച് ഏറ്റെടുത്ത നടപടി തുടങ്ങിയ കാര്യങ്ങളാണ് ഖജുരാവോ മണ്ഡലത്തില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നത്. കപടമായ ദേശീയതയെ അടിസ്ഥാനമാക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം. കാവല്‍ക്കാരന്‍ കള്ളനായി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. ബ്രാഹ്മണ വിഭാഗത്തിന് നാല് ലക്ഷം വോട്ടാണ് മണ്ഡലത്തിലുള്ളത്. ഇവരുടെ പിന്തുണ നേടാനുള്ള തന്ത്രങ്ങളാണ് ഇരുപാര്‍ട്ടികളും പയറ്റിയത്. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയെ തകര്‍ത്ത നിലപാടുകളാണ് മോഡി സര്‍ക്കാരും ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരും സ്വീകരിച്ചത്. പന്ന കടുവാ സങ്കേതത്തിന്റെ സംരക്ഷണത്തില്‍ ബിജെപി സര്‍ക്കാര്‍ തുടര്‍ന്ന നിസ്സംഗ നിലപാടുതന്നെയാണ് ഇപ്പോഴത്തെ കമല്‍നാഥ് സര്‍ക്കാരും സ്വീകരിക്കുന്നത്. വിദേശ വിനോദസഞ്ചാരികളായിരുന്നു പ്രദേശത്തെ മുഖ്യവരുമാന സ്രോതസ്. ഇപ്പോള്‍ ഇവരുടെ വരവ് കുറഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ കേന്ദ്ര മന്ത്രിയായ ഉമാഭാരതിയാണ് ഖജുരാവോയിലെ എംപി. ഇക്കുറി വി ഡി ശര്‍മ്മയാണ് ബിജെപി സ്ഥാനാര്‍ഥി. കവിതാ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. പന്ന, പവായ്, മുദ്വാര തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് ഏറെ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി അതൊക്കെ പഴങ്കഥയായി.
കര്‍ഷക മേഖലയായ ബുണ്ഡേല്‍ഖണ്ഡ് ഉള്‍പ്പെടുന്ന ദമോഹ് മണ്ഡലത്തിലും ബിജെപി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിലവിലെ എംപിയായ പ്രഹഌദ് സിങ് പട്ടേലാണ് ഇക്കുറിയും ബിജെപി സ്ഥാനാര്‍ഥി. പ്രദീപ് ലോധിയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ലോധി, കുര്‍മി വിഭാഗക്കാര്‍ ഭൂരിപക്ഷമുള്ള പട്ടികജാതി സംവരണ മണ്ഡലമാണ് ദമോഹ. ബിജെപി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മണ്ഡലം തിരിഞ്ഞുനോക്കില്ലെന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ നരേന്ദ്ര ദുബേ പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്ന കുര്‍മി വിഭാഗക്കാര്‍ ഇക്കുറി കോണ്‍ഗ്രസിനെയാണ് അനുകൂലിക്കുന്നത്.