ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ബിജെപിയെ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

Web Desk
Posted on April 23, 2018, 10:31 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ആര്‍എസ്എസിനെയും ബിജെപിയെയും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ നിയമസംവിധാനങ്ങളില്‍ പോലും കേന്ദ്രസര്‍ക്കാര്‍ കൈ കടത്തുകയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനൊക്കെ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ദേശീയ തലത്തില്‍ ഒരു വര്‍ഷത്തോളം നീളുന്ന പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളും ആശയങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. ബിജെപിക്കാര്‍ എന്തൊക്കെ കുതന്ത്രങ്ങള്‍ പയറ്റിയാലും ഭരണഘടനയുടെ അന്തസത്ത നശിപ്പിക്കാന്‍ അവരെ അനുവദിക്കില്ല. കോണ്‍ഗ്രസിന്‍റെ ശരിക്കുള്ള ശക്തി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണാമെന്നും രാഹുല്‍ പറഞ്ഞു.
70 വര്‍ഷം കൊണ്ട് ലോകരാജ്യങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യയുടെ സല്‍പ്പേര് നാല് വര്‍ഷം കൊണ്ട് നരേന്ദ്ര മോഡി തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് താത്പര്യമുള്ള ഒരേയൊരാള്‍ അദ്ദേഹം മാത്രമാണ്. രാജ്യത്തെ ദളിതര്‍ക്കോ, സ്ത്രീകള്‍ക്കോ, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കോ നരേന്ദ്ര മോഡിയുടെ മനസില്‍ സ്ഥാനമില്ല. ഭരണഘടനാ സ്ഥാപനങ്ങളില്‍ മുഴുവന്‍ ആര്‍എസ്എസ് ആശയം പിന്തുടരുന്നവരെ കുത്തിത്തിരുകിയിരിക്കുകയാണ്. ഭരണത്തില്‍ കയറിയപ്പോള്‍ പെണ്‍കുട്ടികളെ രക്ഷിക്കൂ, അവരെ പഠിപ്പിക്കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാലിപ്പോള്‍ ബിജെപി ആര്‍എസ്എസ് നേതാക്കളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കേണ്ട അവസ്ഥയാണുള്ളതെന്നും രാഹുല്‍ ആരോപിച്ചു.