Web Desk

June 10, 2021, 5:02 pm

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്; പ്രതികാര രാഷ്ട്രീയവുമായി ബിജെപി

Janayugom Online

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെ എന്ന നിലപാടിലാണ് കേരളത്തിലെ ബിജെപി.  ബിജെപി കേന്ദ്ര ഘടകം കോടികള്‍ ഇറക്കിയിട്ടും നിലം തൊടാനാകാത്ത അവസ്ഥയാണ് ഉണ്ടായത്. ഇതോടെ തണ്ടൊടിഞ്ഞ താമരയായി കേരള ബിജെപി ഘടകം മാറി. കേരളത്തിലെ ബിജെപിയുടെ ദയനീയ തെരഞ്ഞെടുപ്പുതോൽവിയും, സി.കെ.ജാനുവുമായി ബന്ധപ്പെട്ട വിവാദം, പ്രസീദയയുടെ വെളിപ്പെടുത്തല്‍, മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ.സുന്ദരം പിന്മാറാന്‍ കോഴകൊടുത്തതും, തുടര്‍ന്നുള്ള ഭീഷണികളും, അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലുമായി സംസ്ഥാന ബിജെപി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ് ‚ഇത്തരമൊരു സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രസിഡന്‍റ് കെ,സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. സി വി ആനന്ദബോസ് റിപ്പോര്‍ട്ടും സുരേന്ദ്രന് എതിരായിട്ടുള്ളതാണെന്നാണ് പുറത്തു വരുന്ന സൂചന. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

നാഴികക്ക് നാല്‍പതു വട്ടവും മാധ്യമങ്ങള്‍ക്ക് മുന്നില്‍  പ്രത്യക്ഷപ്പെടുന്ന സുരേന്ദ്രൻ എന്നാല്‍ ബുധനാഴ്‌ച രാത്രിവരെ ആരുമായും കൂടിക്കാഴ്‌ച നടത്താതെ സഹമന്ത്രി വി മുരളീധരന്റെ വസതിയിൽ കഴിഞ്ഞു.  കേന്ദ്ര നേതൃത്വം വിളിപ്പിച്ചിട്ട്‌ വന്നതല്ലെന്ന പ്രതീതി സൃഷ്ടിക്കാനാണ്‌ ശ്രമം. സുരേന്ദ്രന്‍ ഡല്‍ഹിയിലാകുമ്പോള്‍ സുരേന്ദ്രന്‍-മുരളീധരന്‍ ഗ്രൂപ്പിന്‍റെ പ്രധാന എതിരാളികളായ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനം നടത്തുകയാണ് . പാണ്ഡവസഭയിലെത്തിയ ദുര്യോധനാധകളെ പോലെയാണ് ഇവര്‍.

വയനാട്‌ മുട്ടിൽ മരംമുറി കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ശ്രമം. മുരളീധരന്‍ — സുരേന്ദ്രന്‍ അച്ചുതണ്ട് വനം- പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവ്‌ദേക്കർ അടക്കം ചില കേന്ദ്രമന്ത്രിമാരെ ഇടപെടുത്താനുള്ള ഭീഗരഥ പ്രയത്നത്തിലുമാണ്. മലീമസമായ ബിജെപി സംസ്ഥാന രാഷട്രീയത്തെ ജനശ്രദ്ധ മാറ്റുവാനാണ് ബിജെപി ശ്രമിക്കുന്നത്, വയനാട്‌ മുട്ടിൽ മരംമുറി കേസിൽ ഒരാളും രക്ഷപ്പെടില്ലെന്ന്‌ സംസ്ഥാന വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. വനസംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്‌ വിരുദ്ധമായതൊന്നും  സംരക്ഷിക്കില്ല.  അങ്ങനെയൊരു ആനുകൂല്യവും ആരും ഈ  സർക്കാരിൽനിന്ന്‌ പ്രതീക്ഷിക്കേണ്ട. മരംമുറിച്ചു കടത്തിയ സംഭവത്തിൽ കർശനമായ നടപടി  സ്വീകരിക്കുകയാണ്‌.  ഏതാനും ദിവസങ്ങൾക്കകം തൃപ്തികരമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി  ഉറപ്പു നൽകി.  അര്‍ത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധമാണ് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞത്. ചാർജ് റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. കടത്തിയ മരം സർക്കാർ കസ്‌റ്റഡിയിലാണ്‌.  ഇവ സർക്കാരിലേക്ക്‌ കണ്ടുകെട്ടും. സംസ്ഥാന വ്യാപകമായി വനംമുറിച്ചു കടത്തൽ നടന്നിട്ടുണ്ടോയെന്നും  അന്വേഷിക്കുന്നുണ്ട്‌. ഇതിനായി മിന്നൽ പരിശോധന നടത്തും. കോഴിക്കോട്‌ വിജിലൻസ് കൺസർവേറ്ററായി താൽക്കാലിക ചുമതലുണ്ടായിരുന്ന ടി എം സാജൻ കേസ് അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്ന നിരവധി പരാതികൾ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്‌. ഇവയിൽ അടിയന്തര ഉദ്യോഗസ്ഥതല പരിശോധന നടത്തി സർക്കാരിനു റിപ്പോർട്ടുനൽകാൻ  നിർദേശം നൽകി. റിപ്പോർട്ട്‌ ലഭിച്ചാൽ, ആവശ്യമെങ്കിൽ മറ്റു സ്വതന്ത്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്തി കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

ഏതുതരം അഴിമതിയായലും അതിനെ വെച്ചുപൊറുപ്പിക്കില്ലെന്നുള്ളത് എല്‍ഡിഎഫ്ന്‍റെ നയമാണ്. അതു ബിജെപിക്ക് അറിയില്ലായിരിക്കാം. പക്ഷെ കേരളീയ സമൂഹത്തിനറിയാം. വനം- പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവ്‌ദേക്കർ അടക്കം ചില കേന്ദ്രമന്ത്രിമാരെ കാണാൻ എത്തിയതാണെന്ന്‌ സുരേന്ദ്രൻ ക്യാമ്പ്‌ പ്രചരിപ്പിക്കുന്നുണ്ട്‌. മുട്ടിൽ മരംമുറി വിഷയം ജാവ്‌ദേക്കറുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്‌ ലക്ഷ്യമത്രെ. എന്നാൽ, മലയാളിയായ കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിൽ ഉള്ളപ്പോൾ സുരേന്ദ്രൻ ഇക്കാര്യത്തിനായി  എന്തിന്‌ വരണമെന്ന ചോദ്യമിവിടെ ശക്തമാണ്. അരിആഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും അറിയാം ബിജെപികേന്ദ്ര നേതൃത്വം എന്തിനാണ് സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചതെന്ന്. തെരഞ്ഞെടുപ്പുതോൽവി, കുഴൽപ്പണ വിവാദം തുടങ്ങിയ വിഷയങ്ങളിൽ കൃഷ്‌ണദാസ്‌–- ശോഭ സുരേന്ദ്രൻ പക്ഷങ്ങളിൽനിന്നായി നാൽപ്പതോളം പരാതി കേന്ദ്ര നേതൃത്വത്തിനു ലഭിച്ചിരുന്നു. കുഴൽപ്പണം ദേശീയതലത്തിൽ വാർത്തയായതും ബിജെപിക്ക്‌ ക്ഷീണമായി. തുടർന്ന്‌ ഇ ശ്രീധരൻ, ജേക്കബ്‌ തോമസ്‌, സി വി ആനന്ദബോസ്‌, സുരേഷ്‌ ഗോപി തുടങ്ങി ബിജെപിയുമായി ചേർന്നുനിൽക്കുന്ന നിരവധി പേരിൽനിന്നായി കേന്ദ്ര നേതൃത്വം വിവരങ്ങൾ ആരാഞ്ഞു. തെരഞ്ഞെടുപ്പുഫണ്ട്‌ ക്രമക്കേടടക്കം ചൂണ്ടിക്കാട്ടി ഇവർ സമർപ്പിച്ച റിപ്പോർട്ടും സുരേന്ദ്രന്‌ കെണിയായി.നിലവിലെ ഭാരവാഹികളെ പിരിച്ചുവിടണമെന്ന നിർദേശമടക്കം കേന്ദ്ര നേതൃത്വത്തിനു ലഭിച്ച റിപ്പോർട്ടുകളിലുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌ അടിയന്തരമായി ഡൽഹിക്ക്‌ എത്താൻ സുരേന്ദ്രന്‌ നിർദേശം ലഭിച്ചത്‌. ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ സുരേന്ദ്രനിൽനിന്ന്‌ വിവരങ്ങൾ ആരായും. ഇതിനു ശേഷമാകും നേതൃമാറ്റം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുക.

കേരളത്തിൽ പിണറായി വിജയൻ സർക്കാരെടുക്കുന്നത് അടിച്ചമർത്തൽ നയമാണെന്നും, രാഷ്ട്രീയ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ഡല‍ഹിയില്‍ ഇരുന്നു പറയുന്നത്,ന്യൂഡൽഹിയിൽ സുൻഹരി ബാഗ് റോഡിലെ ഒന്നാം നമ്പർ വീട്ടിലിരിക്കുന്നത് കേരളത്തിലെ ബിജെപിയുടെ ഒന്നാമനാണ്, ഇപ്പോൾ സംസ്ഥാനം ചർച്ച ചെയ്യുന്ന കെ.സുന്ദര കേസിലെ ഒന്നാം പ്രതിയും. കെ.സുരേന്ദ്രൻ ആണ്, ആരോപണത്തിലെ മറ്റൊരു പേരുകാരനായ മന്ത്രി വി.മുരളീധരന്റെ വീട്ടിലാണ്. ഓരോ ദിവസവും കഴിയുന്തോറും സംസ്ഥാന ബിജെപി ഘടകം കൂടുതല്‍,കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടി നേതാക്കന്‍മാര്‍ ഒറ്റകെട്ടാണെന്നു പൊതുവേ പറയുന്നുണ്ടെങ്കിലും സുരേന്ദ്രനെ മാറ്റുവാനായി മറ്റ് ഗ്രൂപ്പുകള്‍ തര്‍ക്കം പാര്‍ത്തിരിക്കുകയാണ്. പാര്‍ട്ടി അണികളില്‍ തന്നെ വലിയ പ്രതിഷേധവും, അമര്‍ഷവും ഉണ്ട്.  മരംമുറിക്കലിന്‍റെ പേരില്‍ കേരള സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാമെന്ന ബിജെപി നേതൃത്വത്തിന്‍റെ ജ്വല്പനങ്ങളെല്ലാം ഉണ്ടയില്ലാ വെടിയായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

Eng­lish Sum­ma­ry : bjp with grudge pol­i­tics in kerala

You may also like this video :