ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന തീരുമാനം ബിജെപി പിന്‍വലിച്ചു

Web Desk
Posted on February 12, 2019, 9:22 pm

കോഴിക്കോട്: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന തീരുമാനം ബിജെപി പിന്‍വലിച്ചു. നേതാക്കള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് നീക്കിയതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചു. പാര്‍ട്ടി മാധ്യമങ്ങളുടെ വിമര്‍ശനം ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ശബരിമല ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി വളഞ്ഞിട്ടാക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനം പോലും മാധ്യമങ്ങള്‍ ഇതിന്റെ ഭാഗമായി ബഹിഷ്‌കരിച്ചു.

മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചപ്പോള്‍ ജനം, അമൃത, മംഗളം എന്നീ ചാനലുകള്‍ മാത്രമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
മാധ്യമ പ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ വളഞ്ഞിട്ട് അക്രമിച്ചതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചത്. ഇതിന് പുറമെ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനവും കോഴിക്കോട് പത്രപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചിരുന്നു. കോട്ടയത്ത് ശബരിമല കര്‍മ്മസമ്മിതി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ പി ശശികലയുടെ വാര്‍ത്താ സമ്മേളനത്തിന് പ്രസ് ക്ലബ് വേദി വിട്ട് നല്‍യില്ല. ഇതേ തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്നത് പാര്‍ട്ടിയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പാര്‍ട്ടി നിലപാട് പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ഇത് നഷ്ടമാക്കിയെന്നും വിമര്‍ശനമുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് ബഹിഷ്‌കരണം പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.