പണം വാങ്ങി ക്വട്ടേഷന്‍; അഞ്ചംഗ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

Web Desk
Posted on July 14, 2019, 8:38 pm

ഇരിട്ടി: ആളുകളെ അക്രമിക്കാന്‍ പ്രതിയോഗികളില്‍ പണം പ്രതിഫലം വാങ്ങി ക്വട്ടേഷന്‍ നടത്തിവന്ന അഞ്ചംഗ ബിജെപി അക്രമിസംഘം ഇരിട്ടിയില്‍ പൊലീസ് പിടിയിലായി. രണ്ട് കാപ്പ കേസുകളില്‍ ഉള്‍പ്പെടെ പതിനാറോളം കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായ അക്രമികളെയാണ് ഇരിട്ടി പൊലീസ് കഴിഞ്ഞ പതിനഞ്ചു ദിവസങ്ങളിലായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടിയത്. ശിവപുരത്തെ മുരിക്കിന്‍ സി പ്രവീണ്‍(27), ആയിത്തറ മമ്പറം വടക്കേക്കരമ്മല്‍ ഷിബിന്‍രാജ്(24), ശിവപുരം നന്ദനത്തിലെ പി പി ജനീഷ്(30), ശിവപുരം ലിജിന്‍ നിവാസിലെ എം ലിജിന്‍(26), തില്ലങ്കേരി പടിക്കച്ചാലിലെ പി പി ലിജിത്ത്(29) എന്നിവരെയാണ് അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. പി പി ലിജിത്ത് രണ്ട് കാപ്പകേസുകളില്‍ അടക്കം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലായി പതിനാറ് കേസുകളില്‍ പ്രതിയാണെന്ന് അന്വേഷകസംഘം അറിയിച്ചു. ഇതില്‍ പല കേസുകളും വിചാരണ ഘട്ടത്തിലാണ്. ലിജിത്തുള്‍പ്പെടെ പിടിയിലായ അഞ്ച് പേരില്‍ മിക്കവരുടെയും പേരില്‍ ബോംബ് കേസുകളുമുണ്ട്. സ്ഥിരം ക്വട്ടേഷന്‍ പണിയാണിവര്‍ക്കെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ജൂണ്‍ പതിനൊന്നിന്ന് വൈകിട്ട് നാലരയോടെ ഉളിക്കലിലെ ഇന്റീരിയര്‍ ഡിസൈനറായ ഷൈമോനെ(35) സംഘം ഇരിട്ടി എടക്കാനത്തേക്ക് വിളിച്ചുവരുത്തി. ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്തെ മറ്റൊരാള്‍ ഏല്‍പ്പിച്ച ക്വട്ടേഷന്‍ നടപ്പാക്കാനാണ് ഇന്റീരിയര്‍ ജോലിയുണ്ടെന്നറിയിച്ച് ഷൈമോനെ എടക്കാനത്തെത്തിച്ചത്. വിജനമായ സ്ഥലത്ത് വച്ച് ഷൈമോനെ ഈ അഞ്ചംഗ സംഘം കമ്പികൊണ്ടടിച്ച് കാലൊടിച്ചു. കാലൊടിഞ്ഞ് നിലത്ത് വീണു കിടന്ന ഷൈമോന്റെ കാലില്‍ കൂടി പ്രതികള്‍ തങ്ങളുടെ വെള്ള മാരുതി ആള്‍ട്ടോ കാര്‍ കയറ്റി കാല്‍ തകര്‍ന്നുവെന്ന് ഉറപ്പാക്കിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഷൈമോന്റെ പക്കലുണ്ടായിരുന്ന ഒന്നരപ്പവന്‍ സ്വര്‍ണമാലയും 28000 രൂപയും രണ്ട് മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിപ്പറിച്ച് സ്ഥലം വിട്ടുവെന്ന കേസിലെ അന്വേഷണമാണ് ക്വട്ടേഷന്‍ അക്രമണസംഘത്തിലേക്കെത്താന്‍ പൊലീസിന് തുണയായത്.

ഷൈമോന്റെ തൊഴില്‍ രംഗത്തെ പ്രതിയോഗിയുമാണ് സംഘം ഒരു ലക്ഷം രൂപ പ്രതിഫലത്തിന് എടക്കാനം അക്രമണം ആസൂത്രണം ചെയ്തത്. എന്നാല്‍ പ്രതിഫലമായി ക്വട്ടേഷന്‍ നല്‍കിയ ആളില്‍ നിന്ന് ഇവര്‍ 1,80,000 രൂപ കൈപ്പറ്റിയെന്ന് തെളിഞ്ഞതായും പൊലീസ് പറഞ്ഞു. കേസില്‍ ക്വട്ടേഷന്‍ നല്‍കിയ ആളുള്‍പ്പെടെ മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവരും വലയിലാണെന്ന് സിഐ പി കുട്ടികൃഷ്ണന്‍ അറിയിച്ചു. പ്രതികള്‍ ഷൈമോനില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണമാലയുള്‍പ്പെടെയുള്ള തൊണ്ടി മുതലുകള്‍ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷകസംഘം. പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി ആള്‍ട്ടോ കാറും ഉടന്‍ പിടികൂടുമെന്ന് പൊലീസ് സംഘം കൂട്ടിച്ചേര്‍ത്തു.

വ്യാജ സിം കാര്‍ഡുപയോഗിച്ചും കാറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചുവച്ചും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അതിസമര്‍ഥമായി ദിശ മാറ്റിയുമുള്ള ആസൂത്രിത ക്വട്ടേഷന്‍ പണിയില്‍ വിദഗ്ധരാണീ സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളില്‍ അഞ്ച് പേരും ബിജെപിയുമായി ബന്ധപ്പെട്ട അസംഖ്യം കേസുകളിലെ പ്രതികളാണെന്നും പൊലീസ് മേധാവികള്‍ അറിയിച്ചു. ഡിവൈഎസ്പ സജേഷ് വാഴവളപ്പിലിന്റെ ചുമതലയില്‍ സിഐ പി കൃട്ടികൃഷ്ണന്‍, എസ്‌ഐ ദിനേശന്‍ കെതേരി, എസ്‌ഐ മാത്യു ജോസഫ്, എസ്പി സ്‌ക്വാഡംഗങ്ങളായ റാഫി അഹമ്മദ്, കെ പി സുജിത്ത്, എഎസ്‌ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

YOU MAY LIKE THIS VIDEO ALSO