Wednesday
20 Mar 2019

കയ്യേറ്റം ആരോപിച്ച് നൂറുകണക്കിന് കുടിലുകള്‍ക്ക് ബിജെപിക്കാര്‍ തീയിട്ടു

By: Web Desk | Sunday 10 March 2019 11:04 PM IST


മീററ്റ്: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ നൂറ്റമ്പതോളം കുടിലുകള്‍ക്ക് ബിജെപി അക്രമികള്‍ തീയിട്ടു. നിരവധി കാറുകളും ബസുകളും അഗ്നിക്കിരയായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മീററ്റിലെ ബസമുണ്ടയിലാണ് സംഭവം.
അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനായി ബിജെപിക്ക് ഭൂരിപക്ഷമുള്ള മീററ്റ് കന്റോണ്‍മെന്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. തീരുമാനമുണ്ടായപ്പോള്‍തന്നെ അത് പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് ബോര്‍ഡ് അംഗങ്ങളായ ബിജെപിക്കാര്‍ ക്രിമിനലുകളുമായി സംഘടിച്ചെത്തിയത്്. കുടിലുകള്‍ പൊളിച്ചുനീക്കരുതെന്നും ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇവിടെയുള്ള ന്യൂനപക്ഷ സമുദായാംഗങ്ങളായ താമസക്കാര്‍ ഉദ്യോഗസ്ഥരോട് കേണപേക്ഷിച്ചുവെങ്കിലും പിന്‍മാറിയില്ല. സംഘടിച്ചെത്തിയ നാല്‍പ്പതോളം വരുന്ന ബിജെപി അക്രമി സംഘം ഉദ്യോഗസ്ഥര്‍ക്കും പൊലീസിന് നേരെയും കല്ലെറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങുകയും ചെയ്തു. അതിനിടെയാണ് അക്രമികള്‍ വീടുകള്‍ക്ക് തീവച്ചത്.

പൊലീസ് 125 പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളാക്കിയവരില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരെല്ലാം പ്രദേശവാസികളായ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ആണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബസമുണ്ടയിലെ ജനങ്ങള്‍ ഡല്‍ഹി റോഡ് ഉപരോധിച്ചു.

Related News