മഹാരാഷ്ട്രയിലെ അറവുശാലകളിലേയ്ക്ക് കന്നുകാലികളെ കള്ളക്കടത്ത് നടത്തുകയായിരുന്ന ബിജെപി യുവനേതാവടക്കം അറസ്റ്റിൽ. മധ്യപ്രദേശിൽ നിന്ന് മഹാരാഷ്ട്രയിലെ വിവിധ അറവുശാലകളിലേക്കായി 165 കന്നുകാലികളെ കടത്തുന്നതിനിടയിലാണ് ലാൽബാറ മേഖലയിൽ നിന്ന് ബാലഘട്ട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രദേശവാസികൾ നല്കിയ സൂചനകളെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയപരിശോധനയിലാണ് പശുക്കളും കാളകളും സഹിതം കള്ളക്കടത്തുസംഘത്തെ അറസ്റ്റ് ചെയ്തത്. ഇൻഡോറിലെ മൗ കന്നുകാലി മാർക്കറ്റിലെ വ്യാപാരികളാണെന്നാണ് ഇവർ അവകാശപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതു തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടെങ്കിലും നല്‍കാതെ രക്ഷപ്പെടാൻ ശ്രമിച്ച പത്തുപേരടങ്ങുന്ന സംഘത്തെ കന്നുകാലികൾ സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പത്തുമണിക്കൂർ നീണ്ട പരിശോധനയ്ക്കൊക്കൊടുവിൽ 165 കന്നുകാലികൾ, നാല് ഇരുചക്രവാഹനങ്ങൾ എന്നിവയും കസ്റ്റഡിയിലെടുത്തെന്ന് ലാൽബാറ പൊലീസ് സബ് ഇൻസ്പെക്ടർ രഘുനാഥ് ഖട്ടാർകർ പറഞ്ഞു.
ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ചയുടെ ബാലഘട്ട് സമിതിയുടെ ജനറൽ സെക്രട്ടറി മനോജ് പാർധി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുമ്പ് ഇതേസ്ഥലത്തുവച്ച് 25 കന്നുകാലികളുമായി സഞ്ചരിക്കുകയായിരുന്ന വാഹനം പൊലീസ് പിടികൂടിയിരുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ മഹാരാഷ്ട്രയിലേയ്ക്ക് കടത്തുന്നവരാണ് തങ്ങളെന്ന് സംഘാംഗങ്ങൾ സമ്മതിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഒരുവർഷം മുമ്പ് പശുക്കളെ കടത്തിയതിന് മനോജ് പാർധിയെ പിടികൂടിയിരുന്നെങ്കിലും നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല. ഇത്തവണയുണ്ടായ പൊലീസ് നടപടിയെ തുടർന്ന് ഇതര സംസ്ഥാനങ്ങളിലെ അറവുശാലകളിലേയ്ക്ക് കടത്തുകയായിരുന്ന 400ലധികം കന്നുകാലികളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കന്നുകാലികളെ മഹാരാഷ്ട്ര അതിർത്തിയിലെ ചില വ്യാപാരികൾ മുഖേനയാണ് അറവുശാലകളിലെത്തിക്കുന്നത്. പശുക്കളെ കൊല്ലുന്നതിന് നിരോധനമുള്ള സംസ്ഥാനമാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്. അവിടെ നിന്ന് പശുക്കളെ കടത്തി മറ്റു സംസ്ഥാനങ്ങളിൽ എത്തിച്ച് മാംസമാക്കുന്നതിന്റെ ഇടനിലക്കാരായി പ്രവർത്തിക്കുന്നത് ബിജെപിക്കാർതന്നെയാണെന്ന ആരോപണം നിലനില്‍ക്കേയാണ് ബിജെപി യുവനേതാവ് കള്ളക്കടത്തുകേസിൽ അറസ്റ്റിലായിരിക്കുന്നത്.
ENGLISH SUMMARY: BJP youth leader and gang arrested for smuggling cows to slaughterhouses
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.