അമിത്ഷായില്ലാതെ ജനരക്ഷായാത്ര മുഖ്യമന്ത്രിയുടെ മണ്ഡലത്തിലൂടെ

Web Desk
Posted on October 05, 2017, 3:36 pm
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെയുള്ള ജനരക്ഷാ യാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് യാത്ര റദ്ദാക്കിയത് എന്നാണ് വിശദീകരണം.
ജാഥാ ക്യാപ്റ്റനും സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ധര്‍മടത്തെ മമ്പറം ടൗണില്‍ നിന്നാണ് ജനരക്ഷായാത്ര വ്യാഴാഴ്ച തുടങ്ങിയത്. ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങായിരുന്നു മുഖ്യാതിഥി. പദയാത്ര വൈകുന്നേരം തലശ്ശേരിയില്‍ സമാപിക്കും. യാത്രയുടെ ഉദ്ഘാടന ദിവസം കണ്ണൂരിലെത്തിയ അമിത് ഷാ കേരള സര്‍ക്കാരിനെതിരെയും പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും ആഞ്ഞടിച്ചിരുന്നു. ബുധനാഴ്ച കീച്ചേരി മുതല്‍ കണ്ണൂര്‍ ടൗണ്‍വരെ നടന്ന പദയാത്രയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വെള്ളിയാഴ്ച പാനൂര്‍ മുതല്‍ കൂത്തുപറമ്പ് വരെ നടക്കുന്ന പദയാത്രയോടെ ജനരക്ഷായാത്രയുടെ ജില്ലയിലെ പര്യടനം അവസാനിക്കും.