ഇതുവരെ അവതരിപ്പിച്ച ഒരു കാര്യവും ഫലപ്രാപ്തിയിലെത്തിയില്ല

Web Desk
Posted on July 04, 2019, 10:28 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്ന് പാര്‍ലമെന്റിന്റെ മുന്നില്‍വച്ച രാജ്യത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വിവിധ വാദഗതികള്‍ ഉയര്‍ത്തുമ്പോഴും ഒരു കാര്യം ഇതില്‍ മുഴച്ചുനില്‍ക്കുന്നു. കഴിഞ്ഞ നാല് വര്‍ഷവും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടുകളിലൂടെ അവതരിപ്പിച്ച ഒരു കാര്യവും ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കഴിഞ്ഞ മോഡിസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം മുന്നോട്ടുവച്ച ഒന്നും തന്നെ നടപ്പായില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

2014–15ല്‍ ജന്‍ധന്‍ യോജന, ആധാര്‍, മൊബൈല്‍ എന്ന ജാം ത്രയം ആശയമാണ് അരവിന്ദ് സുബ്രമണ്യം മുന്നോട്ടുവച്ചത്. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങളും സാമൂഹ്യ പെന്‍ഷനുകളും ജനങ്ങള്‍ക്ക് പൂര്‍ണമായും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പുതിയ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യമെന്നും അരവിന്ദ് സുബ്രമണ്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആശയം ഇപ്പോഴും ലക്ഷ്യം കണ്ടില്ല. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാമൂഹ്യ പെന്‍ഷനുകള്‍ ലഭിക്കുന്നില്ലെന്ന് മാത്രമല്ല റേഷന്‍ പോലും ലഭിക്കാത്ത അവസ്ഥയാണ്. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കുന്ന പ്രക്രിയ ഇനിയും പൂര്‍ത്തിയായില്ല. റേഷന്‍പോലും കിട്ടാത്ത അവസ്ഥയില്‍ പട്ടിണി മരണങ്ങള്‍പോലും സാധാരണ സംഭവമായി മാറി.

2015–16ല്‍ റെക്കഗ്നിഷന്‍( അംഗീകാരം), റീകാപ്പിറ്റലൈസേഷന്‍ ( പുനര്‍ മൂലധനനിക്ഷേപം), റെസല്യൂഷന്‍ (ദൃഢനിശ്ചയം), റീഫോംസ് ( പരിഷ്‌കാരങ്ങള്‍) എന്നീ ഫോര്‍ ആര്‍ സൂത്രവാക്യം അവതരിപ്പിച്ചു. പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, വായ്പയെടുക്കുന്ന കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും, വായ്പകള്‍ നല്‍കുന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും ഇതൊക്കെയായിരുന്നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുന്നു.

രാജ്യത്തെ ഓരോ പൗരനും കുറഞ്ഞ വരുമാനം ഉറപ്പാക്കുമെന്ന നിര്‍ദ്ദേശത്തോടെയാണ് 2017–18ലെ സര്‍വേ അവതരിപ്പിച്ചത്. പട്ടിണി ഇല്ലാതാക്കാന്‍ ഇതാണ് മാര്‍ഗമെന്നും വ്യക്തമാക്കിയിരുന്നു. ഇടത്തരക്കാര്‍ക്ക് ലഭിക്കുന്ന സബ്‌സിഡി റദ്ദാക്കി ഇതിനുള്ള തുക കണ്ടെത്തുമെന്നും സര്‍വേ സൂചിപ്പിച്ചിരുന്നു. ഇതും ചാപിള്ളയായി.

രാജ്യത്തെ നീതിന്യായ സംവിധാനം കാര്യക്ഷമമാക്കുമെന്നായിരുന്നു 2017–18ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കിയിരുന്നത്. കീഴ്‌കോടതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ഹൈക്കോടതികളുടേയും സുപ്രീം കോടതിയുടേയും ജോലി ഭാരം കുറയ്ക്കും. കൂടാതെ ബിസിനസുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കും. ഇത് രാജ്യത്തെ വ്യവസായ അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കുമെന്നും വ്യക്തമാക്കിയിരുന്നു. നീതിന്യായ സംവിധാനം കൂടുതല്‍ കലുഷിതമായി എന്നല്ലാതെ ഇതൊന്നും പ്രാവര്‍ത്തികമായില്ല.