23 April 2024, Tuesday

ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്ന യുപി

Janayugom Webdesk
പ്രത്യേക ലേഖകന്‍
September 26, 2021 3:42 am

ടുത്തവർഷം മാർച്ചിലാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 2014ൽ നരേന്ദ്രമോഡി പ്രധാനമന്ത്രിയായ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ യുപി ബിജെപി ആയിരുന്നില്ല ഭരിച്ചിരുന്നത്. പക്ഷേ യുപിയിലെ പ്രമുഖ കക്ഷികൾതമ്മിലുണ്ടായ ഭിന്നതയും സംസ്ഥാന ഭരണത്തിനും കേന്ദ്രത്തിലുണ്ടായിരുന്ന കോൺഗ്രസ് ഭരണത്തിനും എതിരായുയർന്ന വികാരവും സാമുദായിക ധ്രുവീകരണത്തിനായി നടത്തിയ പ്രചണ്ഡമായ പ്രചരണങ്ങളും സഹായിച്ചപ്പോൾ ബിജെപിക്ക് ലോക്‌സഭയിൽ വൻ മുന്നേറ്റം നടത്തുവാൻ സാധിച്ചു. 2009ൽ പത്ത് അംഗങ്ങൾ മാത്രമുണ്ടായിരുന്ന യുപിയിൽ നിന്ന് അവരുടെ അംഗസംഖ്യ 71 ആയി. ഇതോടെ മൂന്ന് വർഷങ്ങൾ കഴിഞ്ഞ് സംസ്ഥാന നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള കുതന്ത്രങ്ങളും തന്ത്രങ്ങളും ഒരു പോലെ അവർ പയറ്റി. ആർഎസ്എസ് ബിജെപി നേതാവും വർഗീയ വിദ്വേഷ പ്രചരണങ്ങളുടെ മുന്നണി പ്രവർത്തകനുമായ പേരിന് പിറകിൽ യോഗി എന്ന് ചേർത്ത ആദിത്യനാഥിനെ മുന്നിൽ നിർത്തിയുള്ള പ്രവർത്തനങ്ങളാണ് ബിജെപി പിന്നീട് നടത്തിയത്. പക്ഷേ അടുത്ത മുഖ്യമന്ത്രി അദ്ദേഹമായിരിക്കുമെന്ന് തുറന്നു പറയുവാൻ അവർ തയാറായതുമില്ല. ന്യൂനപക്ഷവോട്ടുകൾ ഭീതികാരണം തങ്ങൾക്ക് എതിരാകരുതെന്നതായിരുന്നു അതിന് കാരണം.
2014ൽ കേന്ദ്ര ഭരണം ലഭിച്ചതിന്റെ ഫലമായി അധികാര ദുരുപയോഗവും ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സാമുദായിക ധ്രുവീകരണ വിദ്വേഷ പ്രചരണങ്ങളും സംസ്ഥാനത്തെ കക്ഷികൾക്ക് യോജിച്ച് നില്ക്കുവാൻ സാധിക്കാത്ത സാഹചര്യവും 2017 മാർച്ചിൽനടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിച്ചു. 2014ൽ കേന്ദ്രഭരണം പിടിച്ച ബിജെപിയും നരേന്ദ്രമോഡിയും കെട്ടഴിച്ചുവിട്ട മീഡിയാ ഇവന്റ് മാനേജ്മെന്റ് പ്രചരണോപാധികൾ തന്നെയാണ് ആദിത്യനാഥ് യുപിയിലും പരീക്ഷിച്ചത്. പക്ഷേ കണ്ണു തുറന്നിരുന്ന ചില മാധ്യമങ്ങളിലൂടെയും സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകരിലൂടെയും യുപിയിലെ ആദിത്യ നാഥ് ഭരണത്തിന്റെ ഇരുണ്ട കോണുകൾ പുറത്തെത്തി.

ഇരട്ട എഞ്ചിനെന്ന് മോഡി തന്നെ പ്രശംസിച്ച യുപി എത്രമാത്രം പിന്നാക്കവും ഗുരുതരവുമായ കെടുകാര്യസ്ഥയുടെ ഇടമാണെന്ന് കോവിഡിന്റെ രണ്ടാം തരംഗം മാലോകരെ ബോധ്യപ്പെടുത്തി. കുറ്റകൃത്യങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും ദലിത് ന്യൂനപക്ഷ അക്രമങ്ങളിലും മുന്നിൽ നില്ക്കുന്നുവെന്ന് കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികളുടെ റിപ്പോർട്ടുകൾതന്നെ അടിവരയിട്ടു.

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 2020ൽ ഏറ്റവും കൂടുതൽ നടന്നത് യുപിയിലാണെന്ന കണക്കും അടുത്ത ദിവസം പുറത്തുവന്നിട്ടുണ്ട്. 2019,20 വർഷത്തെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) യുടെ റിപ്പോർട്ടുകളിൽ യുപി പല കുറ്റകൃത്യങ്ങളിലും ഒന്നാമതായാണ് നിലക്കൊള്ളുന്നത്. 20 ലെ കണക്ക് കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നപ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് എടുത്തുകാട്ടിയാണ് ആദിത്യനാഥ് യുപി സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമാണെന്ന് മേനി നടിക്കുന്നത്. ആ കുറവ് രാജ്യത്താകെയുണ്ടായതാണ്. 28ൽ 21 സംസ്ഥാനങ്ങളിലും കുറവാണ് രേഖപ്പെടുത്തിയത്. അതിന് കാരണം കോവിഡിനെ തുടർന്ന് രാജ്യത്തുണ്ടായകർശന നിയന്ത്രണങ്ങളായിരുന്നുവെന്ന് മനസിലാക്കുവാൻ വലിയ ബുദ്ധി വേണമെന്നില്ല. 2020ൽ ഏകദേശം ആറുമാസത്തോളം രാജ്യവും പല സംസ്ഥാനങ്ങളും അടച്ചിട്ട അവസ്ഥയിലായിരുന്നു. എൻസിആർബി കണക്കുകൾ പ്രകാരം 2017 ൽ 12,653 ബലാത്സംഗ, സ്ത്രീധന പീഡനക്കേസുകളാണ് യുപിയിലുണ്ടായത്. 2018ൽ അത് 14,233,2019ൽ 18,304 എന്നിങ്ങനെയായി ഉയർന്നു. 2020ൽ 14,454 കേസുകളാണ് ഈയിനത്തിലുണ്ടായത്. സ്ത്രീകൾക്കെതിരായ വിവിധയിനം അതിക്രമങ്ങൾ ആകെ എടുത്താൽ 2019ൽ ഇന്ത്യയിൽതന്നെ ഒന്നാമത് യുപിയായിരുന്നു. 4.05ലക്ഷം കേസുകളുണ്ടായതിൽ 59,853 എണ്ണം ഇവിടെയായിരുന്നു. അതേസമയം 2020ൽ ദളിതർക്കെതിരായ അതിക്രമങ്ങൾ യുപിയിൽ തന്നെയാണ് കൂടുതലുണ്ടായത്. രാജ്യത്താകെയുണ്ടായ 50,291 കേസുകളിൽ 12,714 എണ്ണം യുപിയിലായിരുന്നു. കുട്ടികൾക്കെതിരായ പീഡനക്കേസുകളിലും യുപി തന്നെയാണ് മുന്നിൽ. പോക്സോ കേസുകളിൽ യുപി 7,444കേസുകളുണ്ടായപ്പോൾ തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ 6,402 കേസുകളാണുണ്ടായത്. ഇങ്ങനെ ക്രമസമാധാന പരിപാലനത്തിന്റെ കാര്യത്തിൽ വളരെ പിന്നാക്കം നില്ക്കുകയാണ് യുപി. ഏറ്റമുട്ടൽകൊലപാതകങ്ങളിലൂടെ നീതിപീഠത്തെ പോലും നോക്കുകുത്തിയാക്കിയ നിരവധി സംഭവങ്ങളും ആദിത്യനാഥ് ഭരണത്തിന്റെ നിറംകെടുത്തുന്നതായി. ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന് ബിജെപിക്കകത്തുനിന്നുതന്നെ കലാപങ്ങളുണ്ടായി. സഭയ്ക്കകത്തു കുത്തിയിരുന്ന് ബിജെപി അംഗങ്ങളുടെ പ്രതിഷേധം പോലുമുണ്ടായി. ഇതിനെല്ലാമിടയിലേയ്ക്കാണ് ഹത്രാസിലെ പെൺകുട്ടിയുടെ ഭീകരമായ ബലാത്സംഗവും അർധരാത്രിയുള്ള സംസ്കാരവും പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള പൊലീസ് ശ്രമങ്ങളും പ്രതിഷേധിച്ചവരെ യുഎപിഎ, ദേശദ്രോഹക്കുറ്റങ്ങൾ ചുമത്തിയുള്ള ജയിലിലടയ്ക്കലും ഒക്കെ വാർത്തകളായെത്തിയത്. ലോകത്തിന് മുന്നിൽ നാണം കെട്ടതായിരുന്നു ഹത്രാസിലെ ബലാത്സംഗക്കേസ്. ഹത്രാസിലെ കേസിന് പിറകേ വീണ്ടും രണ്ടുഡസനോളം തട്ടിക്കൊണ്ടുപോകലും ബലാത്സംഗം ചെയ്ത് കൊന്നുതള്ളലും റിപ്പോർട്ടു ചെയ്യപ്പെട്ടു. അപ്പോഴും മോഡി ഇരട്ട എഞ്ചിനെന്നും ആദിത്യനാഥ് വികസനത്തിന്റെ ആകാശമെന്നുമൊക്കെ യുപിയെക്കുറിച്ച് ബഡായി പറഞ്ഞുനടന്നു. ഏറ്റവും ഒടുവിൽവന്ന കണക്കുകൾ പ്രകാരം അഞ്ചുവർഷത്തിനിടെ രണ്ടു ലക്ഷം കോടിയുടെ കേന്ദ്രസഹായമാണ് യുപിക്കു മാത്രമായി അനുവദിച്ചത്.

ഫെഡറൽ തത്വങ്ങളുടെ ലംഘനവും പക്ഷപാതിത്വവുമാണിത്. എന്നിട്ടും യുപിയുടെ പിന്നാക്കാവസ്ഥ ദയനീയമാണെന്നാണ് കോവിഡ് രണ്ടാം തരംഗം ബോധ്യപ്പെടുത്തിയത്. രോഗികളെക്കൊണ്ട് നിറഞ്ഞ ആശുപത്രികളും മൃതദേഹങ്ങൾകൊണ്ടു നിറഞ്ഞ ശ്മശാനങ്ങളും ബന്ധുക്കളുടെ നിലവിളികളും യുപിയിലെ ആരോഗ്യ പരിപാലനം എത്രമാത്രം ശോചനീയമാണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു.


ഇത് കൂടി വായിക്കൂ: സുധീരന്റെ രാജി: കെപിസിസി പുനസംഘടനയിൽ പിടിമുറക്കാൻ ഗ്രൂപ്പുകൾ സജീവമാകുന്നു


കോവിഡ് വ്യാപനം രൂക്ഷമായതിനാലുള്ള പ്രതിസന്ധിയാണ് എന്ന് അതിനെ വിശേഷിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും തൊട്ടുപിന്നാലെയുണ്ടായ ഡെങ്കി പോലുള്ള പകർച്ചപ്പനി നേരിടുന്ന കാര്യത്തിലും സർക്കാരിന്റെ അലംഭാവവും പൊതുജനാരോഗ്യസംവിധാനത്തിന്റെ പോരായ്മകളും വ്യക്തമായി.
ആഗ്ര ഡിവിഷനിലെ മഥുര, ഫിറോസാബാദ് ജില്ലകളിൽ ഒരു മാസത്തിനിടെ നൂറുകണക്കിന് കുട്ടികളുടെയും മുതിർന്നവരുടെയും ജീവൻ അപഹരിച്ച രോഗം ആഗ്ര, അലിഗഡ്, മീററ്റ്, സഹാറൻപൂർ തുടങ്ങിയ ഡിവിഷനുകളിലും വ്യാപിച്ചുവെങ്കിലും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തികളായി. സിഎച്ച്സി, പിഎച്ച്സി, മറ്റ് സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ കിടക്കകൾ ലഭ്യമല്ലാത്തതിനാൽ ആളുകളെ ബെഞ്ചുകളിലും വെറും നിലത്തും കിടത്തേണ്ടി വരികയും ചെയ്തു. ഫിറോസാബാദിൽ മാത്രം നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പനി പടരുമ്പോൾ വ്യാപ്തി തടയുന്നതിന് കൊതുകുനശീകരണം, അണുനശീകരണം പോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. വാചാടോപത്തിനപ്പുറമാണ് ഇരട്ട എഞ്ചിനെന്ന് മോഡി വിശേഷിപ്പിച്ച യുപിയിലെ സാഹചര്യങ്ങൾ എന്നാണ് ഇവയെല്ലാം തെളിയിച്ചത്.

ഈ വിധത്തിൽജനങ്ങളുടെ എതിർപ്പ് ശക്തമായി നേരിടുന്ന ആദിത്യനാഥിനെ മാറ്റി പരീക്ഷണത്തിന് മോഡി ശ്രമിച്ചുവെങ്കിലും അതേകാരണത്താൽ അത് നടപ്പിലാക്കുവാനായില്ല. അതുകൊണ്ടുതന്നെ നെഞ്ചിടിപ്പേറിയ ബിജെപിയും ആദിത്യനാഥും വർഗീയധ്രുവീകരണത്തിനുള്ള ശ്രമങ്ങളും എതിരാളികളെ ജയിലിൽ അടക്കാനുള്ള നീക്കങ്ങളുമാണ് നടത്തുന്നത്. പ്രതിപക്ഷകക്ഷി നേതാക്കൾക്കും എതിരഭിപ്രായം രേഖപ്പെടുത്തുന്നവർക്കുമെതിരെ കേസുകൾചുമത്തുന്ന രീതി അവലംബിക്കുന്നു. ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയത്. ഇതിന് പുറമേ ദേശദ്രോഹക്കുറ്റം, കലാപത്തിന് ആഹ്വാനം ചെയ്യൽ, പൊതുമുതൽ നശിപ്പിക്കൽ, യുഎപിഎ എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയും കേസെടുക്കുന്നത് പതിവായിരിക്കുന്നു. കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് (ഐടി) എന്നിവയിലെ ഒരു പറ്റം ഉദ്യോഗസ്ഥർ യുപിയിൽ സ്ഥിരതാമസമാക്കിയാണ് എതിരാളികളെ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഫലത്തിൽ യുപി പോലെ അഭിമാനപ്രശ്നമായ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വലിയപരിഭ്രാന്തിയാണ് ബിജെപിക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് ഇത്തരം നടപടികൾ ആദിത്യനാഥ് സർക്കാരിൽനിന്നും അതിന് വളം നല്കുന്ന പ്രവർത്തനങ്ങൾ കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.