ബിജെപി മുഖ്യശത്രു: സിപിഐഎം

Web Desk

ന്യൂഡല്‍ഹി

Posted on January 21, 2018, 11:13 pm

കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ല

സിപിഐഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി. കഴിഞ്ഞ മൂന്ന് ദിവസമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്.
ചര്‍ച്ചകള്‍ക്കുശേഷം വോട്ടെടുപ്പോടെയാണ് പ്രമേയം അംഗീകരിച്ചതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും യെച്ചൂരി വ്യക്തമാക്കി. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കണമെന്ന സീതാറാം യെച്ചൂരിയുടെ നയരേഖയാണ് കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളിയത്.

പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ രേഖ ഭേദഗതിയോടെയാണ് അംഗീകരിച്ചതെന്ന് യെച്ചൂരി അറിയിച്ചു. ഇനി പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പാര്‍ട്ടിയിലുടനീളം ചര്‍ച്ച ചെയ്യും. ആര്‍ക്കും ഭേദഗതി അവതരിപ്പിക്കാം. പ്രമേയം സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളും.

കോണ്‍ഗ്രസ്സുമായി ഒരു ധാരണയും സഖ്യവും ഉണ്ടാവില്ലെന്നും അംഗീകരിച്ച കരട് പ്രമേയം വ്യക്തമാക്കുന്നു. ബിജെപിയെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള രേഖയാണ് അംഗീകരിച്ചിരിക്കുന്നത്. ബിജെപിക്കെതിരായ അടവുനയം തെരഞ്ഞെടുപ്പ് സമയത്ത് തീരുമാനം കൈക്കൊള്ളും. പ്രമേയത്തിന് അനുകൂലമായി 55 വോട്ടും എതിരായി 31 വോട്ടും ലഭിച്ചു. ആരെങ്കിലും തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യുന്നു എന്നല്ല ഇതിനര്‍ഥമെന്നും യെച്ചൂരി പറഞ്ഞു.

ഇന്ന് നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ താന്‍ രാജി സന്നദ്ധത അറിയിച്ചതായി പുറത്തുവന്ന വാര്‍ത്തകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് പാര്‍ട്ടിയില്‍ എന്ത് നടന്നു എന്നത് തനിക്ക് പറയാനാകില്ലെന്ന് യെച്ചൂരി പ്രതികരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി താന്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.